ഓര്‍മകള്‍ക്കെന്തു സുഗന്ധം

സോവിയറ്റ് നാട്ടില്‍ പിറന്നുവീഴുന്ന ഒരോ കുഞ്ഞിനും വേണ്ട വൈദ്യുതി അപ്പോള്‍ത്തന്നെ വീട്ടിലെത്തിക്കുമത്രെ...'' സ്ഥിതിസമത്വത്തിന്റെ വാഗ്ദത്തഭൂമിയായി വാഴ്ത്തപ്പെട്ടിരുന്ന സോവിയറ്റ് യൂണിയനെ കുറിച്ചുള്ള സാധാരണക്കാരന്റെ സ്വപ്നവും പ്രതീക്ഷയും പങ്കുവെക്കുന്ന ഈ സംഭാഷണം അരവിന്ദന്റെ 'ഒരിടത്തി'ല്‍ കൃഷ്ണന്‍കുട്ടിനായര്‍ വേഷമിട്ട നാട്ടിന്‍പുറത്തുകാരനായ കമ്യൂണിസ്റ്റുകാരന്റേതാണ്.
''സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനൊപ്പം ഈ സ്വപ്നങ്ങളത്രയും തകര്‍ന്നടിഞ്ഞിട്ട് ഈ ഡിസംബര്‍ 26-ന് രണ്ട് ദശകം പിന്നിടുന്നു. 75 വര്‍ഷം പഴക്കമുറ്റ സോവിയറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥ മിഖായേല്‍ ഗോര്‍ബച്ചേവ് കെട്ടഴിച്ചുവിട്ട ഗ്ലാസ്‌നോസ്തിന്റെയും പെരിസ്‌ട്രോയിക്കയുടെയും തുറസ്സിലൂടെ ഇരച്ചെത്തിയ ജനാധിപത്യച്ചുഴിയില്‍പ്പെട്ട് ചീട്ടുകൊട്ടാരം കണക്കെ നിലംപരിശാകുന്നതിന്, 1991-ല്‍ ലോകം ഞെട്ടലോടെ സാക്ഷ്യം വഹിച്ചു. കമ്യൂണിസത്തിന്റെതന്നെ അന്തിക്രിസ്തുവായി വിശേഷിപ്പിക്കപ്പെട്ട ഗോര്‍ബച്ചേവ്, പ്രസിഡന്റ് സ്ഥാനം രാജിവെച്ച 1991-ലെ ക്രിസ്മസ് ദിനത്തിന്റെ പിറ്റേന്നായിരുന്നു യു.എസ്.എസ്.ആറിന്റെ ഔപചാരിക അന്ത്യകൂദാശ''- സോവിയറ്റ് റഷ്യയുടെ വളര്‍ച്ചയും തളര്‍ച്ചയും അതിന്റെതന്നെ ഭാഗമെന്ന നിലയില്‍ അനുഭവിച്ചറിഞ്ഞ ഒരു മലയാളിയുടെ വാക്കുകളാണിത്. ലോകത്തെ മുഴുവന്‍ സ്വന്തം അച്ചുതണ്ടില്‍ ചുറ്റിച്ച യു.എസ്.എസ്.ആറിന്റെ സുവര്‍ണദശകങ്ങളില്‍ ദക്ഷിണേന്ത്യയൊന്നാകെ അതിന്റെ ഔദ്യോഗികസ്വരവും സാന്നിധ്യവുമായി നിറഞ്ഞുനിന്നിരുന്ന വി.ആര്‍. ഉണ്ണിയുടെ വാക്കുകള്‍.'
ചെന്നൈയിലെ സോവിയറ്റ് കോണ്‍സുലേറ്റിനു കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന സ്റ്റൈല്‍ എഡിറ്ററായിരുന്ന വി.ആര്‍. ഉണ്ണിക്ക് 1991 ഡിസംബര്‍ 31-ലെ സായാഹ്നം ജീവിതത്തിലൊരിക്കലും മറക്കാനാകില്ല.''ടി. നഗറിലെ ത്യാഗരാജ റോഡില്‍ എട്ടുകെട്ട് മാതൃകയില്‍ തലയെടുപ്പോടെ നിന്നിരുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററിലെ കൊടിമരത്തില്‍ ഉയര്‍ന്നുപാറിയിരുന്ന ചെങ്കൊടി താഴെയിറക്കി പകരം പുതുപിറവികൊണ്ട റഷ്യന്‍ റിപ്പബ്ലിക്കിന്റെ വെള്ളയും നീലയും ചെമപ്പും ചേര്‍ന്ന പതാക ഉയര്‍ത്തവെ, കോണ്‍സല്‍ ജനറലായിരുന്ന എസ്.ജി. ഡൈച്ചേവിന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു. സെന്റര്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് ഇതിനകം എത്തിയിരുന്നു. പിന്നിടുന്ന വര്‍ഷത്തിനൊപ്പം സക്രിയമായ കാല്‍നൂറ്റാണ്ടിന്റെ കര്‍മകാണ്ഡത്തിന് വിരാമമിട്ട് പടിയിറങ്ങുമ്പോള്‍ മനസ്സില്‍ തളംകെട്ടിനിന്നത് ശൂന്യത മാത്രം.''
''സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനൊപ്പം ഈ സ്വപ്നങ്ങളത്രയും തകര്‍ന്നടിഞ്ഞിട്ട് ഈ ഡിസംബര്‍ 26-ന് രണ്ട് ദശകം പിന്നിടുന്നു. 75 വര്‍ഷം പഴക്കമുറ്റ സോവിയറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥ മിഖായേല്‍ ഗോര്‍ബച്ചേവ് കെട്ടഴിച്ചുവിട്ട ഗ്ലാസ്‌നോസ്തിന്റെയും പെരിസ്‌ട്രോയിക്കയുടെയും തുറസ്സിലൂടെ ഇരച്ചെത്തിയ ജനാധിപത്യച്ചുഴിയില്‍പ്പെട്ട് ചീട്ടുകൊട്ടാരം കണക്കെ നിലംപരിശാകുന്നതിന്, 1991-ല്‍ ലോകം ഞെട്ടലോടെ സാക്ഷ്യം വഹിച്ചു. കമ്യൂണിസത്തിന്റെതന്നെ അന്തിക്രിസ്തുവായി വിശേഷിപ്പിക്കപ്പെട്ട ഗോര്‍ബച്ചേവ്, പ്രസിഡന്റ് സ്ഥാനം രാജിവെച്ച 1991-ലെ ക്രിസ്മസ് ദിനത്തിന്റെ പിറ്റേന്നായിരുന്നു യു.എസ്.എസ്.ആറിന്റെ ഔപചാരിക അന്ത്യകൂദാശ''- സോവിയറ്റ് റഷ്യയുടെ വളര്‍ച്ചയും തളര്‍ച്ചയും അതിന്റെതന്നെ ഭാഗമെന്ന നിലയില്‍ അനുഭവിച്ചറിഞ്ഞ ഒരു മലയാളിയുടെ വാക്കുകളാണിത്. ലോകത്തെ മുഴുവന്‍ സ്വന്തം അച്ചുതണ്ടില്‍ ചുറ്റിച്ച യു.എസ്.എസ്.ആറിന്റെ സുവര്‍ണദശകങ്ങളില്‍ ദക്ഷിണേന്ത്യയൊന്നാകെ അതിന്റെ ഔദ്യോഗികസ്വരവും സാന്നിധ്യവുമായി നിറഞ്ഞുനിന്നിരുന്ന വി.ആര്‍. ഉണ്ണിയുടെ വാക്കുകള്‍.'
ചെന്നൈയിലെ സോവിയറ്റ് കോണ്‍സുലേറ്റിനു കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന സ്റ്റൈല്‍ എഡിറ്ററായിരുന്ന വി.ആര്‍. ഉണ്ണിക്ക് 1991 ഡിസംബര്‍ 31-ലെ സായാഹ്നം ജീവിതത്തിലൊരിക്കലും മറക്കാനാകില്ല.''ടി. നഗറിലെ ത്യാഗരാജ റോഡില്‍ എട്ടുകെട്ട് മാതൃകയില്‍ തലയെടുപ്പോടെ നിന്നിരുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററിലെ കൊടിമരത്തില്‍ ഉയര്‍ന്നുപാറിയിരുന്ന ചെങ്കൊടി താഴെയിറക്കി പകരം പുതുപിറവികൊണ്ട റഷ്യന്‍ റിപ്പബ്ലിക്കിന്റെ വെള്ളയും നീലയും ചെമപ്പും ചേര്‍ന്ന പതാക ഉയര്‍ത്തവെ, കോണ്‍സല്‍ ജനറലായിരുന്ന എസ്.ജി. ഡൈച്ചേവിന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു. സെന്റര്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് ഇതിനകം എത്തിയിരുന്നു. പിന്നിടുന്ന വര്‍ഷത്തിനൊപ്പം സക്രിയമായ കാല്‍നൂറ്റാണ്ടിന്റെ കര്‍മകാണ്ഡത്തിന് വിരാമമിട്ട് പടിയിറങ്ങുമ്പോള്‍ മനസ്സില്‍ തളംകെട്ടിനിന്നത് ശൂന്യത മാത്രം.''
ഒന്നുമില്ലായ്മയില്‍നിന്ന് ഒരു തുടക്കം
സത്യത്തില്‍, വി. രാഘവനുണ്ണിയെന്ന പാലക്കാട്ടുകാരന്‍ തന്റെ ജീവിതയാത്ര തുടങ്ങിയത് ഒന്നുമില്ലായ്മയില്‍ നിന്നാണ്. പത്താം ക്ലാസ് ജയിച്ചതില്‍പ്പിന്നെ വണ്ടാഴിയിലെ തറവാട്ടു കൃഷിയിടം നോക്കിനടത്താനുള്ള നിയോഗമാണ് ഇളയമകന് അച്ഛന്‍ ശ്രീധരന്‍നായര്‍ വിധിച്ചത്. കോടതി ആമീനായ അച്ഛന് കൃഷിയിടപാടിലൊന്നും തലയിടാനുള്ള നേരമില്ലായിരുന്നു. ജ്യേഷ്ഠന്മാര്‍ ഇരുവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഒടുവില്‍ കുടുംബത്തിന്റെ കാര്‍ഷികപാരമ്പര്യം കാക്കാനുള്ള ചുമതല ഉണ്ണിയുടേതായി. മണ്ണിന്റെ ചൂരും ചൂടുമറിഞ്ഞ് മൂന്ന് കൊല്ലം. അപ്പോഴും ഇതൊന്നുമല്ല തന്റെ വഴിയെന്ന തീര്‍ച്ച ഉണ്ണിക്കുണ്ടായിരുന്നു. അനിയന്റെ മനസ്സറിഞ്ഞ ജ്യേഷ്ഠന്‍ ചന്ദ്രശേഖരന്റെ ഇടപെടലാണ് അവസാനം ഒരു കുതറിമാറലിന് അവസരമൊരുക്കിയത്. അങ്ങനെ ഡല്‍ഹിയില്‍ കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ ജ്യേഷ്ഠന്റെ നിര്‍ദേശമനുസരിച്ച് 1956-ല്‍ ഉണ്ണി തലസ്ഥാനനഗരിയിലെത്തി. പക്ഷേ, നാടും വീടും വിട്ടുള്ള ഡല്‍ഹിവാസത്തോട് പൊരുത്തപ്പെടാനാകാതെ ഉണ്ണി കുഴങ്ങി. ഒപ്പം, തൊഴിലന്വേഷണത്തിന്റെ മടുപ്പിക്കുന്ന അലച്ചിലുകളും.
തുറക്കുന്ന റഷ്യന്‍ വാതില്‍
ജോലി തേടിയുള്ള യാത്രയിലൊരിക്കലാണ് കൊണാട്ട് പ്ലെയ്‌സിന് സമീപം ബാരക്കംബ റോഡിലുള്ള സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉണ്ണിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നെ മടിച്ചില്ല, അടുത്ത ദിവസം രാവിലെ നേരേ അവിടേക്ക് വെച്ചടിച്ചു. ചെന്നുകയറിയത് കെ.പി. പ്രകാശമെന്ന മലയാളിക്ക് മുന്നില്‍. വന്ന കാര്യം പറഞ്ഞു. പ്രകാശം ടൈപ്പിങ് സെക്ഷന്‍ ഇന്‍ചാര്‍ജ് എച്ച്.പി. ബാലുമായി സംസാരിച്ചു. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. പത്താം ക്ലാസിനുശേഷം കൈവെച്ച ഇംഗ്ലീഷ് ടൈപ്പിങ്ങായിരുന്നു പിടിവള്ളി. ടൈപ്പ് ടെസ്റ്റും ഇന്റര്‍വ്യൂവുമെല്ലാം നടത്തി റഷ്യന്‍ ഉദ്യോഗസ്ഥരുടെ അനുമതിയോടെ അന്നുതന്നെ ടൈപ്പിസ്റ്റായി നിയമനം കിട്ടി.
സോവിയറ്റ്‌നാടിന്റെ സര്‍വതോമുഖമായ വികസനമുന്നേറ്റം പരിചയപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങളുടെ പ്രസാധനമായിരുന്നു ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തിന്റെ മുഖ്യദൗത്യം. ഇംഗീഷിനു പുറമെ മലയാളമടക്കം 14 ഇന്ത്യന്‍ ഭാഷകളിലായി നീളുന്ന പ്രസിദ്ധീകരണശൃംഖലയ്ക്ക് ചുക്കാന്‍പിടിച്ചിരുന്നത് ഡല്‍ഹി കേന്ദ്രമാണ്. സോവിയറ്റ് ലാന്‍ഡ്, സോവിയറ്റ് റിവ്യു, സോവിയറ്റ് പനോരമ, യൂത്ത് റിവ്യു, സ്ഫുട്‌നിക് ജൂനിയര്‍ തുടങ്ങി പ്രതിദിന പത്ര-ബുള്ളറ്റിന്‍ സോവിയറ്റ് വാര്‍ത്തകളും അഭിപ്രായങ്ങളും വരെ ഉള്‍പ്പെടുന്നതായിരുന്നു പ്രസിദ്ധീകരണ നിര. എല്ലാ ഭാഷക്കാരുടെയും സംഗമകേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ കൊച്ചുപതിപ്പായിരുന്നു ഇവിടം.
റഷ്യന്‍ സാഹിത്യ, രാഷ്ട്രീയ രചനകളുടെ മിഴിവുറ്റ മലയാള മൊഴിമാറ്റത്തിലൂടെ ശ്രദ്ധേയനായ ഗോപാലകൃഷ്ണന്‍-ഓമന ദമ്പതിമാര്‍, രാമന്‍മേനോന്‍, എം.എസ്. രാജേന്ദ്രന്‍, ലീലാമേനോന്‍, കെ.പി. പ്രകാശം തുടങ്ങിയവരായിരുന്നു മലയാള വിഭാഗത്തിലെ പ്രധാനികള്‍. പ്രതിഭകളുടെ ഈ ചൂഴലില്‍നിന്നാണ് എഴുത്തിന്റെ സര്‍ഗോര്‍ജം ഉണ്ണിയിലേക്കും പ്രസരിച്ചത്. എസ്.കെ. പൊറ്റെക്കാട്ട്, ഡോ. ഒ.എം. അനുജന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള സാഹിത്യകാരന്മാരുമായുള്ള അടുപ്പവും പ്രചോദനമായി. രാഷ്ട്രീയത്തിലെ അതികായരായ എ.കെ.ജി., ഇ.എം.എസ്., എം.എന്‍. ഗോവിന്ദന്‍നായര്‍, പി.കെ.വി., അരുണാ ആസഫലി, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ സി.പി. രാമചന്ദ്രന്‍, എടത്തട്ട നാരായണന്‍, വി.കെ. മാധവന്‍കുട്ടി എന്നിങ്ങനെ ഏറെ വിപുലമായൊരു ഡല്‍ഹി സൗഹൃദക്കൂട്ടായ്മയും അതിനിടെ രൂപപ്പെട്ടിരുന്നു. ജോലിക്കൊപ്പം ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള സായാഹ്നകോളേജില്‍ ചേര്‍ന്ന് പ്രീ യൂണിവേഴ്‌സിറ്റിയും ബി.എ. ഡിഗ്രിയും പൂര്‍ത്തിയാക്കി.
1964-ല്‍ വിവാഹിതനായപ്പോള്‍, കരോള്‍ബാഗിലുള്ള തന്റെ എം.പി. ക്വാര്‍ട്ടേഴ്‌സില്‍ കുറെക്കാലം നവദമ്പതിമാര്‍ക്ക് താമസമൊരുക്കിക്കൊടുക്കാന്‍ എസ്. കെ. പൊറ്റെക്കാട്ട് കാണിച്ച സൗമനസ്യവും സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന ഇം.എം.എസ്സിനെ, ഡോ. ഒ.എം. അനുജന്റെ നിര്‍ദേശപ്രകാരം ഡല്‍ഹിയില്‍ നിന്ന് മദ്രാസ് വരെ ട്രെയിന്‍യാത്രയില്‍ അനുഗമിച്ചതുമെല്ലാം ഡല്‍ഹിജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മകളായി ഇന്നും ഉണ്ണി നെഞ്ചേറ്റുന്നു.
മദിരാശിയിലേക്ക്...
പത്ത് വര്‍ഷത്തെ ഡല്‍ഹി ജീവിതത്തിന് തിരശ്ശീലയിട്ട് 1966-ലാണ് ഉണ്ണിയും കുടുംബവും മദിരാശിയിലേക്ക് ചേക്കേറിയത്. ചെന്നൈയിലെ യു. എസ്.എസ്.ആര്‍. കോണ്‍സുലേറ്റിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തില്‍ നിന്ന് പുതുതായി പ്രസിദ്ധീകരിച്ചു തുടങ്ങിയ 'സോവിയറ്റ് സമീക്ഷ'യുടെ പ്രൂഫ്‌റീഡറായി സ്ഥാനക്കയറ്റം നല്‍കിക്കൊണ്ടായിരുന്നു സ്ഥലംമാറ്റം. കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രസാധന, പബ്ലിക് റിലേഷന്‍ ചുമതലകളെല്ലാം അപ്പോഴേക്കും ചെന്നൈ സെന്ററിന് കീഴിലേക്ക് മാറ്റിയിരുന്നു. രാംസ്‌കി എന്ന് സ്‌നേഹപൂര്‍വം വിളിച്ചിരുന്ന പി. രാമന്‍മേനോന്‍, ഐ.എസ്. നമ്പൂതിരി, കെ. ശ്രീധരന്‍, മുഹമ്മദ്‌കോയ, എ.കെ. തങ്കപ്പന്‍ തുടങ്ങിയവരായിരുന്നു 'സോവിയറ്റ് നാടി'ന്റെയും 'സമീക്ഷ'യുടെയും പത്രാധിപസംഘത്തിലെ പ്രമുഖര്‍. പിന്നീട് എഡിറ്റോറിയല്‍ കൂട്ടായ്മയുടെ മേധാവിയെന്ന നിലയില്‍ സ്റ്റൈല്‍ എഡിറ്റര്‍ സ്ഥാനത്തേക്ക് പ്രമുഖ എഴുത്തുകാരനായ പവനന്‍ നിയമിതനായി. ഇഗേ്‌നഷ്യസ് കാക്കനാടന്‍, ജോസ് മുരിക്കന്‍, ഉമ്മര്‍കുട്ടി, വിജയ്ശങ്കര്‍ എന്നിവര്‍കൂടി എത്തിച്ചേര്‍ന്നതോടെ ഓഫീസ് അന്തരീക്ഷം കൂടുതല്‍ രസകരവും സക്രിയവുമായി.
''പവനനോടുള്ള കടപ്പാട് വാക്കുകള്‍ക്ക് അതീതമാണ്. പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കാനും തുടര്‍ന്ന് ഇംഗ്ലീഷ് വിഭാഗത്തില്‍ എഡിറ്ററായി എന്നെ നിയമിക്കാനും മുന്‍കൈയെടുത്തത് പവനനാണ്. പിന്നീട് കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി നിയമിതനായതോടെ പവനന്‍ രാജിവെച്ചു. പകരം, ജോസ് മുരിക്കന്‍ സ്റ്റൈല്‍ എഡിറ്ററായി. ജോസ് മുരിക്കന്‍ വിരമിച്ചപ്പോള്‍ 1989-ല്‍ ഞാന്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ സ്റ്റൈല്‍ എഡിറ്ററായി''- ഉണ്ണി ഓര്‍ക്കുന്നു.
സോവിയറ്റ്‌നാടിന്റെ വാക്കും വക്താവും
എഡിറ്ററും സ്റ്റൈല്‍ എഡിറ്ററുമായിരിക്കെ സോവിയറ്റ് റഷ്യയെയും ദക്ഷിണേന്ത്യന്‍ മാധ്യമലോകത്തെയും കൂട്ടിയിണക്കുന്ന സുപ്രധാന കണ്ണിയായി ഉണ്ണി മാറി. സോവിയറ്റ്‌നാടിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സ്പന്ദനങ്ങള്‍ അറിയാന്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരെല്ലാം ആശ്രയിച്ചിരുന്നത് ഉണ്ണിയെയാണ്. ചെന്നൈ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പത്രമാധ്യമങ്ങള്‍ക്കൊപ്പം കേരളത്തിലെ മലയാള പത്രലോകവുമായുള്ള ബന്ധവും ഉണ്ണിയുടെ ചുമതലയിലായിരുന്നു. 'മാതൃഭൂമി' ഉള്‍പ്പെടെയുള്ള പ്രമുഖ പത്രങ്ങളുടെ മുഖ്യപത്രാധിപന്മാരുമായെല്ലാം ഊഷ്മളമായ അടുപ്പം പുലര്‍ത്താന്‍ ഇത് വഴിയൊരുക്കി. കേരള സന്ദര്‍ശനങ്ങള്‍ക്കിടയിലെ നേരിട്ടുള്ള കൂടിക്കാഴ്ചകളിലൂടെയും നിരന്തരമായ ആശയവിനിമയത്തിലൂടെയും ഇത്തരം ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചു. മുഖ്യമന്ത്രിമാരായിരിക്കെ സി. അച്യുതമേനോന്‍, പി.കെ.വി., ഇ.കെ. നായനാര്‍ എന്നിവരുമായും അടുത്ത സൗഹൃദം സ്ഥാപിച്ചു.
സോഷ്യലിസത്തിന്റെ നാട്ടില്‍
''വായിച്ചും കേട്ടും അറിഞ്ഞ സോഷ്യലിസ്റ്റ് പിതൃഭൂമി നേരിട്ട് കാണുകയെന്ന സ്വപ്നം പൂവണിഞ്ഞത് 1989-ലാണ്. നൊവാസ്തി പ്രസ് ഏജന്‍സിയുടെ അതിഥികളായാണ് ഞാന്‍ ഉള്‍പ്പെടുന്ന മാധ്യമസംഘം 15 ദിന സോവിയറ്റ് പര്യടനത്തിന് തിരിച്ചത്. തലസ്ഥാന നഗരിയായ മോസ്‌കോ, ലെനിന്‍ഗ്രാഡ് (സെന്റ് പീറ്റേഴ്ബര്‍ഗ്), ബാള്‍ട്ടിക് റിപ്പബ്ലിക്കായ ഇസ്റ്റോണിയ, ടാളിന്‍ എന്നിവയ്‌ക്കൊപ്പം ഒട്ടേറെ നാട്ടിന്‍പുറങ്ങളിലും യാത്ര ചെയ്തു. മകന്‍ വേണുഗോപാല്‍ അന്ന് ലെനിന്‍ഗ്രാഡിലെ പ്രശസ്തമായ പാവ്‌ലോവ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എം.ബി.ബി.എസ്സിന് പഠിക്കുന്നുണ്ടായിരുന്നു. അവനും സുഹൃത്തുക്കളും ചേര്‍ന്ന് ഞങ്ങള്‍ക്ക് കോളേജില്‍ ഒരു സ്വീകരണമൊരുക്കി. യാചകരില്ലാത്ത, വൃത്തിയും വെടിപ്പുമുള്ള നഗരചത്വരങ്ങളും തെരുവീഥികളും സ്‌നേഹസമ്പന്നരായ ജനങ്ങളുമായിരുന്നു എവിടെയും. സമൃദ്ധിക്കപ്പുറം തെളിഞ്ഞുനിന്നത് ആത്മവിശ്വാസത്തില്‍ നിന്നുടലെടുത്ത അന്തസ്സും അഭിമാനബോധവുമാണ്''- ഉണ്ണി തുടര്‍ന്നു.
വണ്ടാഴിയിലേക്ക് വീണ്ടും
ചെന്നൈയുടെ തിരക്കേറിയ നഗരജീവിതത്തില്‍ നിന്നുള്ള പടിയിറക്കം നാട്ടിലേക്കുള്ള തിരിച്ചുവരവിനാണ് വഴിയൊരുക്കിയത്. അങ്ങനെ 1992-ല്‍ 55-ാം വയസ്സില്‍ ഉണ്ണിയും ഭാര്യ രാധയും വണ്ടാഴിയിലെ വെളുത്താക്കല്‍ തറവാട്ടില്‍ തിരിച്ചെത്തി. അലോസരമൊന്നും കൂടാതെ ജന്മനാടിന്റെ ജീവിതതാളവുമായി എളുപ്പം ഇണങ്ങിച്ചേര്‍ന്ന ഉണ്ണിയെത്തേടി പിന്നീടെത്തിയത് സ്വന്തം ഗ്രാമത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാനുള്ള നിയോഗമാണ്. 1995-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതു പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചു. ഏഴാം വാര്‍ഡ് അംഗമായും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായും അഞ്ച് വര്‍ഷം പൊതുപ്രവര്‍ത്തന രംഗത്ത് സക്രിയമായി. ഇതിനൊപ്പം തൃശ്ശൂരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ടെലിഗ്രാഫ് സായാഹ്നപത്രത്തിന്റെ സര്‍ക്കുലേഷന്‍ വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചു.
പിന്നീട് മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി 2004-ല്‍ ഉണ്ണിയും ഭാര്യയും ചെന്നൈയിലേക്ക് മടങ്ങി. ഇടയ്ക്ക് പിടികൂടിയ മള്‍ട്ടിപ്പിള്‍ മൈലോമ എന്ന അപൂര്‍വ കാന്‍സര്‍ബാധ ആരോഗ്യത്തെ വല്ലാതെ തളര്‍ത്തിയെങ്കിലും ചികിത്സയും ആത്മവിശ്വാസവും കൈമുതലാക്കി രോഗത്തെ ഉണ്ണി അതിജീവിച്ചു. ഡോക്ടറായ മകന്‍ വേണുഗോപാലിനും പ്രതിരോധ മന്ത്രാലയത്തില്‍ ഓഡിറ്ററായ മൂത്ത മകള്‍ ഇന്ദിരയ്ക്കുമൊപ്പം പില്‍ക്കാലജീവിതം ഡല്‍ഹിയിലേക്ക് ഒരിക്കല്‍ക്കൂടി പറിച്ചുനടാനുള്ള ഒരുക്കത്തിലാണിപ്പോള്‍ഉണ്ണിയും ഭാര്യയും ഇളയമകള്‍ വിജയലക്ഷ്മിയും.
രജീന്ദ്രകുമാര്‍
rajeendrakumar@gmail. com
(80%) (2 Votes)
Explore Mathrubhumi
Other News in this Section





