LATEST NEWS

Loading...

Custom Search
+ -

കേരളത്തില്‍ നിന്ന് കേരളത്തിലേക്ക് 'ഗള്‍ഫ് വഴി'

Posted on: 14 Oct 2011

 

സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിനു വേണ്ടി കെ.സി സക്കറിയയും എസ്.ഇരുദയ രാജനും ചേര്‍ന്ന് തയ്യാറാക്കിയ പഠനം.


ഗള്‍ഫ് വാസം മതിയാക്കിപ്പോന്നവര്‍ കേരളത്തില്‍ ഇപ്പോള്‍ 13 ലക്ഷത്തിലേറെയുണ്ട്. 2008-ലെ കേരള മൈഗ്രേഷന്‍ സര്‍വേ (കെ.എം.എസ്.) പ്രകാരം, സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രവസികളുടെ എണ്ണം 11.57 ലക്ഷമായിരുന്നു. അതിനും പത്തുവര്‍ഷം മുമ്പ് കെ.എം.എസ് നടത്തിയ സര്‍വേയില്‍ ഇത് 7.4 ലക്ഷമായിരുന്നു. 2015-ഓടെ ഇത് 16 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

കേരളത്തിലെ ഓരോ 100 വീടെടുത്താല്‍ അതില്‍ 16 വീടുകളില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ കാണും; 12 എണ്ണത്തില്‍ ഇത്തരത്തിലുള്ള ഒരാളെങ്കിലുമുണ്ടാകും. ചിലവീടുകളില്‍ ഒന്നിലേറെപ്പേരുണ്ടാകും. അതായത്, തിരിച്ചെത്തിയ പ്രവാസികളുള്ള കേരള ഭവനങ്ങളുടെ എണ്ണം പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യും പോലെ അത്ര വലുതല്ല. അതുമാത്രമല്ല, മടങ്ങിയവരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരാളെങ്കിലുമുള്ള വീടുകളുടെ അനുപാതം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ഥിരമായി നില്‍ക്കുകയുമാണ്.

മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം പ്രവാസികളുള്ളത് (15.3%): അവിടെയാണ് ഏറ്റവുമധികം പ്രവാസികള്‍ മടങ്ങിയെത്തിയിരിക്കുന്നതും (19%). പ്രവാസികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന തിരുവനന്തപുരം ജില്ലയാണ് തിരിച്ചെത്തിയവരുടെ കാര്യത്തിലും രണ്ടാം സ്ഥാനത്ത്. പ്രവാസികളുടെ ശതമാനക്കണക്ക് നോക്കിയാല്‍ തിരിച്ചുവരാനുള്ള പ്രവണത മലപ്പുറം ജില്ലയേക്കാള്‍ കൂടുതല്‍ തിരുവനന്തപുരത്താണ്. മടങ്ങിയെത്തുന്ന പ്രവാസികള്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന ജില്ലകള്‍ തിരുവന്തപുരം, മലപ്പുറം, തൃശൂര്‍, കൊല്ലം, എറണാകുളം എന്നിവയാണ്. എറണാകുളത്തിന് അഞ്ചാം സ്ഥാനമേയുള്ളൂ എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

പ്രവാസവും തിരിച്ചുവരവും ബോധപൂര്‍വമല്ലെങ്കിലും കേരളത്തിലെ നഗരവത്ക്കരണത്തിന്റെ വേഗം കൂട്ടുന്നുണ്ട്. വിദേശത്തു നിന്ന് തിരിച്ചുവരുന്ന ഗ്രാമീണരില്‍ കൂടുതല്‍ പേരും നഗരങ്ങളില്‍ സ്ഥിരതാമസമാക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ നാഗരികരായ പ്രവാസികള്‍ സ്ഥിരതാമസത്തിന് ഗ്രാമങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം നഗരങ്ങളില്‍ 56 ശതമാനവും ഗ്രാമങ്ങളില്‍ 50 ശതമാനവുമാണ്.

മലയാളികളായ പ്രവാസികള്‍ കൂടുതലുള്ളത് യു.എ.ഇയിലാണ്. എന്നാല്‍, മടങ്ങിവരവ് കൂടുതല്‍ സൗദി അറേബ്യയില്‍ നിന്നാണ്. മലയാളികള്‍ കൂടുതല്‍ കാലം തങ്ങുന്ന രാജ്യങ്ങളുടെ ശരാശരിയെടുത്താല്‍ യു.എ.ഇയാണ് ഒന്നാമത്. ഈ കണക്കില്‍ പിന്നിലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി. ഇങ്ങനെ നോക്കിയാല്‍ മലയാളികളെ കൂടുതലായി ആകര്‍ഷിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ (മസ്‌കറ്റ്), യു.എ.ഇ, കുവൈറ്റ് എന്നിവയാണ്.

പ്രവാസികളിലും തിരിച്ചെത്തുന്നവരിലും മുസ്‌ലിം സമുദായാംഗങ്ങളാണ് മുന്നില്‍. ഇവര്‍ക്കിടയിലാണ് തിരിച്ചുവരാനുള്ള പ്രവണത ഏറ്റവും കൂടുതല്‍. ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തിരിച്ചെത്തുന്ന മുസ്‌ലിങ്ങള്‍ 56 ശതമാനമാണ്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ ഇത് 47 ശതമാനവും.

അടുത്തിടെയുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ജോലിചെയ്യുന്ന ഒട്ടേറെ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയിലും തൊഴിലവസരങ്ങളിലും കനത്ത ആഘാതമുണ്ടാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള ചിലര്‍ക്ക് ജോലി നഷ്ടപ്പെട്ടു. അവര്‍ക്ക് ഗള്‍ഫില്‍ തന്നെ തൊഴില്‍ രഹിതരായി കഴിയേണ്ടതായോ നാട്ടിലേക്ക് മടങ്ങേണ്ടതായോ വന്നു. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ടുള്ള മലയാളികളുടെ മടക്കം പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നത്ര വലുതല്ലെന്നാണ് സി.ഡി.എസ്. അടുത്തിടെ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രതിസന്ധിയുടെ കാലത്ത് നാട്ടിലേക്ക് തിരിച്ചുപോന്ന മലയാളികള്‍ ഏതാണ്ട് 173,000 (7.7%) ആണ്. അതിലെ ഒരു ശതമാനമാണ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ തിരിച്ചെത്തിയത്. അവരുടെ എണ്ണം 63000-ത്തിലേറെ വരില്ല.

സൗദി അറേബ്യയെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും വെച്ച് നോക്കുമ്പോള്‍ യു.എ.ഇയിലെ പ്രവാസികള്‍ക്കിടയിലാണ് ഇക്കാലത്ത് തിരിച്ചുവരാനുള്ള പ്രവണത ഏറെയുണ്ടായത്. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളാണ് തിരിച്ചുപോന്നത്. 15-നും 19-നും ഇടയില്‍ പ്രായമുള്ളവരും 50 വയസ്സ് കഴിഞ്ഞവരുമാണ് ഇവരില്‍ ഏറെയും. ഇതിനിടയിലുള്ള പ്രായക്കാരില്‍ മടക്കം അത്രയുണ്ടായില്ല. ബിരുദവും മറ്റ് ഉന്നത വിദ്യാഭ്യാസവുമുള്ളവര്‍ അധികം തിരിച്ചെത്തിയില്ല. സ്വയം തൊഴില്‍ ചെയ്തിരുന്നവരും കൃഷിജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരുമാണ് മറ്റ് മേഖലയില്‍ ജോലിചെയ്തിരുന്നവരേക്കാള്‍ അധികമായി മടങ്ങിയെത്തിയത്. തൊഴില്‍ നഷ്ടപ്പെട്ട് ജോലിതേടിയെത്തിയ രാജ്യത്ത് തന്നെ കഴിഞ്ഞിരുന്നവരും തിരിച്ചുപോന്നു.

മുമ്പ് കേരളത്തില്‍ തിരിച്ചെത്തിയിരുന്നവരില്‍ പലരും പ്രതിസന്ധി അതിന്റെ പരകോടിയില്‍ നില്‍ക്കുമ്പോഴും ഗള്‍ഫിലേക്ക് മടങ്ങി. 2008-ല്‍ കെ.എം.എസ് നടത്തിയ കണക്കെടുപ്പനുസരിച്ച് 11.7 ശതമാനം പേരാണ് എട്ട് മാസത്തിനിടെ വിദേശത്തേക്ക് തിരിച്ച് പോയത്. 2007-ല്‍ ഇത് 13.6 ശതമാനമായിരുന്നു. മനസ്സില്ലാ മനസ്സോടെ തെിരിച്ചുവരുന്ന മലയാളികള്‍ അതേല്‍പ്പിക്കുന്ന പിരിമുറുക്കം കുറയ്ക്കാനുള്ള പോവഴിയായി കാണുന്നത് ഈ തിരിച്ചുപോകലിനെയാണ്.

.............................

കേരളത്തിലേക്ക് തിരിച്ചെന്ന പ്രവാസികള്‍ എങ്ങനെയാണ് പ്രവാസ ജീവിതം തുടങ്ങിയത്? 2008-ല്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് തിരിച്ചെത്തിയ മലയാളികളില്‍ പകുതിയും തൊഴിലില്ലാതിരുന്ന കാലത്ത് എന്തെങ്കിലും തൊഴിലിനായാണ് വിദേശത്തേക്ക് പോയത്. തൊഴിലുണ്ടായിട്ടും പ്രവാസികളായവര്‍ കൂടുതല്‍ ശമ്പളത്തിനായാണ് അങ്ങനെ ചെയ്തത്. മക്കളുടെയോ ബന്ധുക്കളുടെയോ സ്ത്രീധനം കണ്ടെത്താനും വീടുവെക്കാനും സ്ഥലവും വാഹനങ്ങളും വാങ്ങിക്കാനും മറ്റുമുള്ള പണം കണ്ടെത്താന്‍ വിദേശത്ത് പോകാന്‍ നിര്‍ബന്ധിതരായവരായിരുന്നു അവര്‍. ഇക്കാര്യത്തില്‍ കേരളത്തിലെ പ്രവാസികളുടെയും മറ്റിടങ്ങളിലെ പ്രവാസികളുടെയും കാരണം സമാനമാണ്.

ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇവര്‍ക്ക് ഈ സാധ്യത ഉപദേശിച്ചു കൊടുത്തത്. റിക്രൂട്ടിങ് ഏജന്റുമാരും ഇതില്‍ പങ്ക് ചേര്‍ന്നു. പ്രവാസത്തിന്റെ സാധ്യതകളെപ്പറ്റി വിവരം നല്‍കുന്നതില്‍ രണ്ടാം സ്ഥാനം ഇവര്‍ക്കാണ്. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു പങ്കുമില്ല.

വിദേശവാസം തുടങ്ങുന്നതിന് മുമ്പായുള്ള കൗണ്‍സലിങ് ലഭിച്ചവര്‍ അധികമില്ല. കേരളത്തിലെ പ്രവാസികളുടെ കാര്യത്തിലുള്ള ഒരു വീഴ്ച്ച ഇതാണ്. വിദേശത്ത് ജീവിക്കാനും തൊഴില്‍ ചെയ്യാനും പര്യാപ്തമായ വിധം ഇവര്‍ക്ക് പരിശീലനം നല്‍കുകയാണെങ്കില്‍ എത്തിച്ചേരുന്ന രാജ്യങ്ങളില്‍ നേരിടുന്ന പല പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കഴിയും. പ്രവാസ ജീവിതം നയിക്കാന്‍ പോവുന്ന 80 ശതമാനത്തിനും തൊഴില്‍ വിസ കിട്ടുന്നത് തന്നെ അവര്‍ ഇന്ത്യന്‍ തീരം വിടുന്നതിന് തൊട്ടുമുമ്പായിരിക്കും. ഇവരില്‍ 20 ശതമാനവും അതിന് മുമ്പ് തന്നെ തൊഴില്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ടാകും. ഇത് നല്ലകാര്യമാണ്. പക്ഷേ, കൂടുതല്‍ പേരും വെറും പ്രാഥമിക വിദ്യാഭ്യാസവുമായി വിദേശത്തേക്ക് പോകുന്ന കേരളത്തില്‍ ഈ മേഖലയില്‍ ഇനിയും കൂടുതല്‍ പുരോഗതിയുണ്ടാകേണ്ടതുണ്ട്.
......................................

ഇപ്പോള്‍ കേരളത്തിലുള്ള പ്രവാസികളുടെ പ്രവാസ അനുഭവങ്ങള്‍ എന്തൊക്കെയാണ്? അവരില്‍ 84 ശതമാനവും ഒറ്റത്തവണ പോയി മടങ്ങിയവരാണ്. ശരാശരി 7.4 വര്‍ഷം വിദേശത്ത് കഴിഞ്ഞിട്ടുണ്ട്. ഒന്നിലേറെത്തവണ വിദേശത്ത് പോയവരുടെ ഒരോ തിരിച്ചുവരവും തമ്മിലുള്ള ഇടവേള കുറവാണ്. ആറാം തവണത്തെ യാത്രയില്‍ രണ്ട് വര്‍ഷം മാത്രമേ അവിടെ തങ്ങൂ.

മലയാളിയുടെ പ്രവാസത്തിന്റെ മറ്റൊരു പ്രധാന പ്രശ്‌നം വിദേശത്ത് പോകുന്നതിന് വേണ്ടിവരുന്ന കനത്ത ചെലവാണ്. ജോലി നഷ്ടപ്പെട്ടാലും നാട്ടിലേക്ക് തിരിച്ചുവരാന്‍ അവര്‍ മടിക്കുന്നതിന് ഇതാണ് ഒരു കാരണം. ഗള്‍ഫിലേക്ക് പോകാനായി പലരില്‍ നിന്നും വാങ്ങിയ കടം വീട്ടാനും മടക്ക ടിക്കറ്റിനുമുള്ള പണമെങ്കിലും നേടാതെ അയാള്‍ക്ക് വീട്ടിലെത്താനാവില്ല. പോകാനുള്ള ചെലവ് 57,000 രൂപയും തിരിച്ചുവരവിനുള്ളത് 47,000 രൂപയുമായിരുന്നു 2008-ല്‍. ആകെ ചെലവിന്റെ 50 ശതമാനവും വേണ്ടിവരുന്നത് വിസക്കാണ്. വിമാന ടിക്കറ്റിന് ആകെ ചെലവിന്റെ 25 ശതമാനം വേണ്ടിവരും. റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് നല്‍കുന്ന പണവും കൂടിയാകുമ്പോള്‍ ആകെ ചെലവിന്റെ 90 ശതമാനം കവിയും.

ഉള്ള സമ്പാദ്യവും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയ തുകയും കുടുംബാംങ്ങളുടെ സ്വര്‍ണം പണയം വെച്ചുണ്ടാക്കിയ പണവുമൊക്കെ ചേര്‍ത്താണ് പ്രവസികള്‍ മിക്കവരും വിദേശത്ത് പോകുവാനുള്ള ചെലവ് കണ്ടെത്തുന്നത്. സര്‍ക്കാരിന്റെ ധനസഹായമോ ബാങ്ക് വായ്പയോ കൊണ്ട് പോകുന്നവര്‍ വളരെ കുറവാണ്. ഭൂമിയോ വീടോ പണയപ്പെടുത്തി പണം കണ്ടെത്തുന്നവരുടെ എണ്ണം കുറവാണ് കേരളത്തില്‍.

കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് അവര്‍ എത്തിച്ചേരുന്ന രാജ്യങ്ങളില്‍ ചെല്ലുന്നപാടേ പലതരം പ്രശ്‌നങ്ങളും അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍, തിരിച്ചെത്തിയവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സി.ഡി.എസ്. തയ്യാറാക്കിയ പ്രബന്ധം ഈ റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്നതല്ല. ചിലര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. എന്നാല്‍, ഇത് വ്യാപകമല്ലെന്നാണ് ഈ പഠനം പറയുന്നത്. ഒരുപക്ഷേ, ഈ പ്രശ്‌നം നേരിടുന്നവര്‍ മടങ്ങിവരുന്നില്ലായിരിക്കാം അല്ലെങ്കില്‍ കേരളത്തില്‍ തിരിച്ചെത്തിയവര്‍ അത്തരക്കാരുടെ പ്രതിനിധികളല്ലായിരിക്കാം.

ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുമ്പോള്‍ പാസ്‌പോര്‍ട്ട്, വിസ, വര്‍ക്ക് പെര്‍മിറ്റ്, എംപ്ലോയ്‌മെന്റ് കോണ്‍ട്രാക്ട് എന്നിവയിലേതിന്റെയെങ്കിലും പേരില്‍ വലിയ പ്രശ്‌നങ്ങള്‍ നാട്ടിലെത്തിയ വളരെ കുറച്ചുപേര്‍ക്കേ നേരിടേണ്ടി വന്നിട്ടുള്ളൂ. ഭൂരിഭാഗം പേരെയും അവരുടെ ബന്ധുക്കളോ (37%), തൊഴിലുടമയോ (32%), സുഹൃത്തുക്കളോ (23%) ആകും സ്വീകരിക്കുക. വളരെ ചുരുക്കം പേരെ ഇന്ത്യന്‍ എംബസി ജീവനക്കാര്‍ നേരിട്ട് സ്വീകരിച്ചിട്ടുണ്ട്. എന്തായാലും, മടങ്ങിയെത്തിയവരില്‍ നാലിലൊന്നു പേരേ റിക്രൂട്ട്‌മെന്റ് സമയത്ത് പറഞ്ഞിരുന്ന ജോലി കിട്ടിയില്ല എന്ന് പരാതിപ്പെട്ടിട്ടുള്ളൂ. ഒദ്യോഗിക ഏജന്‍സികള്‍ ഗൗരവപൂര്‍വം പരിശോധിക്കേണ്ട വിഷയമാണിത്.

പ്രവാസികളുടെ കാര്യത്തിലെ ഏറ്റവും അസുഖകരമായ കാര്യം 70 ശതമാനം പേര്‍ക്കും പാസ്‌പോര്‍ട്ട് സ്വന്തം കയ്യില്‍ സൂക്ഷിക്കാനാവില്ല എന്നതാണ്.

എത്തിച്ചേര്‍ന്ന രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങളില്‍ തൃപ്തരാണ് മടങ്ങിയെത്തിയവരില്‍ 75 ശതമാനവും. ഇവരില്‍ പകുതിപ്പേര്‍ക്കും താമസം സൗജന്യമായിരുന്നു. 25 ശതമാനത്തിന് മിതമായ നിരക്കിലോ സബ്‌സിഡി നിരക്കിലോ താമസ സൗകര്യം ലഭിച്ചിരുന്നു. എന്നിരുന്നാലും, നാലിലൊന്ന് പേര്‍ക്ക് താമസ സൗകര്യം ലഭിച്ചിരുന്നില്ല. നാലില്‍ മൂന്ന് പേര്‍ക്കെങ്കിലും മറ്റുള്ളവര്‍ക്കൊപ്പം താമസസ്ഥലം പങ്കുവെക്കേണ്ടിവന്നു. താമസ സൗകര്യം ലഭിച്ചവര്‍ (82%) അതിന്റെ ഗുണനിലവാരത്തില്‍ തൃപ്തരായിരുന്നു.

തിരിച്ചെത്തിയ പ്രവാസികളില്‍ അഞ്ചിലൊന്നിന് (21.6%) ഭക്ഷണം സൗജന്യമായിരുന്നു. എന്നാല്‍, പകുതിപ്പേര്‍ക്ക് (47.3%) അങ്ങനെയായിരുന്നില്ല. മറ്റുള്ളവര്‍ക്ക് (24.4%) സബ്‌സിഡി നിരക്കിലോ മിതമായ നിരക്കിലോ ആഹാരം കിട്ടി. ഭക്ഷണവും ഗുണനിലവാരമുള്ളതായിരുന്നെന്നാണ് ഇവരില്‍ ഭൂരിഭാഗവും അഭപ്രായപ്പെട്ടത്.

മടങ്ങിപ്പോന്ന പ്രവാസികളില്‍ 95 ശതമാനവും പങ്കാളികളെ ഒപ്പം കൊണ്ടുപോയിരുന്നില്ല. ഇവര്‍ക്ക് വിദേശത്തുണ്ടായിരുന്ന ശരാശരി മാസ വരുമാനം 10,000 രൂപയാണ്. ചിലര്‍ക്ക് (11%) വരുമാനമേ ഉണ്ടായിരുന്നില്ല. അവര്‍ക്ക് അവിടെ ജോലിയൊന്നും കിട്ടിയിരുന്നില്ല. തീരെച്ചെറിയ ഒരു ശതമാനത്തിന് ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ മാസവരുമാനം ലഭിച്ചിരുന്നു. നാട്ടിലുണ്ടായിരുന്നപ്പോള്‍ ഒരു മാസം കിട്ടിയിരുന്ന വരുമാനവുമായി (1800 രൂപ) താരതമ്യപ്പെടുത്തുമ്പോള്‍ 10,000 അവര്‍ക്ക് വളരെ നല്ല തുകയായിരുന്നു.

വിദേശത്ത് കഴിയുമ്പോഴുള്ള അവരുടെ ചെലവ് കൂടുതലായിരുന്നു (3,286). മാസം 6,725 രൂപ അവര്‍ സമ്പാദിച്ചിരുന്നു. അതായത്, വിദേശത്ത് പോയതിന്റെ കടം വീട്ടണമെങ്കില്‍ ഒമ്പത് മാസമെങ്കിലും അവിടെ പണിയെടുക്കേണ്ടി വരുമെന്ന് സാരം.

തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ശരാശരി 4,083 രൂപ മാസം വീട്ടിലേക്കയച്ചുകൊണ്ടിരുന്നു ഇവര്‍. മറ്റ് ചെലവുകള്‍ക്കായി 2,331 രൂപ കൈയില്‍ വെച്ചു.

ഇവര്‍ വിദേശത്തായിരുന്നപ്പോള്‍ മാതാപിതാക്കളോ (53-59%) ജീവിതപങ്കാളികളോ (36-43%) ആയിരുന്നുവീട്ടുകാര്യങ്ങള്‍ നോക്കിയിരുന്നത്. പണമയച്ചു കൊടുത്തിരുന്നതും ഇവരുടെ പേരിലായിരുന്നു. ബാങ്ക് വഴിയായിരുന്നു ഇത്. പണം നാട്ടിലെത്തിക്കാന്‍ തപാല്‍ സൗകര്യവും സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉപയോഗിച്ചിരുന്നവരുമുണ്ട്.

പ്രവാസത്തിന്റെ പരിണതികള്‍
ഈ പഠനത്തില്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്ന ഭാഗമാണിത്. പ്രവാസത്തിന് മുമ്പും പിമ്പും അവരുടെ നൈസര്‍ഗിക സ്വഭാവം എങ്ങനെയായിരുന്നു? പ്രവാസം അവരില്‍ എന്ത് മാറ്റങ്ങള്‍ വരുത്തി?

മടങ്ങിയെത്തിയ പ്രവാസികളില്‍ മിക്കവരും വിവാഹിതരും താരതമ്യേന പ്രായം ചെന്നവരുമാണ്. ഇതില്‍ 85 ശതമാനവും പുരുഷന്‍മാരാണ്. എന്നിരുന്നാലും, തിരിച്ചുവരാനുള്ള പ്രവണത സ്ത്രീകള്‍ക്കിടയില്‍ കൂടുതലാണ്.

പ്രവാസിയാകണോ വേണ്ടയോ എന്ന തീരുമാനം പ്രായത്തിനനുസരിച്ച് മാറുന്നുണ്ട്. പ്രവാസം തുടങ്ങുമ്പോള്‍ ഒരാളുടെ പ്രായം ശരാശരി 25 വയസ്സായിരിക്കും. വിദേശത്തുള്ള പ്രവാസിയുടെ ശരാശരി പ്രായം 33 വയസ്സാണ്. അവര്‍ മടങ്ങിയെത്തുന്നത് ഏതാണ്ട് 45-ാം വയസ്സിലാണ്.

പ്രായമേറുന്നതനുസരിച്ച് തിരിച്ചുവരാനുള്ള പ്രവണതയും ഏറും. പ്രാവസികളുടെ മൊത്തം എണ്ണത്തിന്റെ പകുതിയേ മടങ്ങിയെത്തുന്നവരുള്ളൂ എങ്കിലും ഇവരില്‍ അമ്പതോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം കൂടുതലാണ്.

പ്രവാസം തുടങ്ങുമ്പോള്‍ ഭൂരിഭാഗം പേരും വിവാഹിതരായിരിക്കില്ല. പക്ഷേ, തിരിച്ചുവരുമ്പോള്‍ അവരില്‍ മിക്കവരും വിവാഹിതരായിക്കഴിഞ്ഞിരിക്കും. എങ്കിലും, പ്രവാസത്തിന് വിവാഹ കാര്യത്തില്‍ വളരെ ചെറിയ സ്വാധീനമേയുള്ളൂ.

മടങ്ങിയെത്തിയ മലയാളികള്‍ പ്രവാസം തുടങ്ങുമ്പോള്‍ വിദ്യാഭ്യാസ നിലവാരം താരതമ്യേന താണതായിരുന്നു. 3.4 ശതമാനം സ്‌കൂളിലേ പോയിട്ടില്ലായിരുന്നു. 9.7 ശതമാനം പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നില്ല. 23.5 ശതമാനം സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയിരുന്നില്ല. 67.7 ശതമാനം സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നില്ല. 7.1 ശതമാനം മാത്രമാണ് ബിരുദം നേടിയിരുന്നത്. പക്ഷേ, നാട്ടിലുണ്ടായിരുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവരുടെ ശരാശരി സ്‌കൂള്‍ പഠനകാലം 9.1 വര്‍ഷമാണ്. എന്നിരുന്നാലും, നാട്ടിലേക്ക് മടങ്ങിയ പ്രവാസികളേക്കാള്‍ വിദ്യാഭ്യാസമുള്ളവരാണ് അവിടെ തങ്ങുന്നവര്‍. വിദേശത്ത് ഇപ്പോഴും തങ്ങുന്ന മലയാളികളുടെ ശരാശരി വിദ്യാഭ്യാസ കാലം 10.1 വര്‍ഷമാണ്.

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവരാണ് തിരിച്ചുപോന്ന മലയാളികളിലധികവും. ബിരുദധാരികളില്‍ 30 ശതമാനം മാത്രമാണ് തിരിച്ചു വന്നിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസമുള്ള കുറച്ച് പ്രവാസികളും മടങ്ങിയെത്തിയിട്ടുണ്ട്.

വിദേശത്ത് ജോലി ചെയ്യുന്ന വേളയില്‍ ഇവര്‍ പല കാര്യങ്ങളിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ടെക്‌നിക്കല്‍, മാര്‍ക്കറ്റിങ്, മാനേജീരിയല്‍/സൂപ്പര്‍വൈസറി, ധനകാര്യ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് ഇവര്‍ നൈപുണ്യം കൈവരിച്ചിരിക്കുന്നത്. എന്നാല്‍, വിദേശത്തു നിന്ന് നേടിയ ഈ കഴിവുകള്‍ നാട്ടില്‍ ഉപയോഗപ്പെടുത്താന്‍ വളരെ കുറച്ചുപേര്‍ക്കേ സാധിക്കുന്നുള്ളൂ.

പ്രവാസിയാകും മുമ്പ് ഇവരായിരുന്നു കുടുംബത്തിലെ വരുമാനക്കാര്‍. ഇതില്‍ 40% പേര്‍ ഗൃഹനാഥന്‍മാരായിരുന്നു. 44% പേരെ കുടുംബാംഗങ്ങള്‍ സാമ്പത്തികമായി ആശ്രയിച്ചിരുന്നു. അഞ്ചിലൊന്നു പേര്‍ മാത്രമാണ് സാമ്പത്തികമായി കുടുംബത്തിന് നേട്ടമാകാതിരുന്നവര്‍.

വിദേശത്തേക്ക് പോകും മുമ്പ് കാര്‍ഷികേതര മേഖലകളിലെ തൊഴിലാളികളായിരുന്നു മടങ്ങിവന്ന പ്രവാസികളിലധികവും (39 ശതമാനത്തോളം). പതിനാറ് ശതമാനത്തോളം സ്വകാര്യ മേഖലയിലായിരുന്നു തൊഴിലെടുത്തിരുന്നത്. 15 ശതമാനം സ്വയം തൊഴില്‍ ചെയ്യുന്നവരായിരുന്നു. 12 ശതമാനത്തിന് തൊഴിലില്ലായിരുന്നു.

വിദേശത്തു നിന്ന് മടങ്ങിയെത്തിയ ശേഷം, അവരുടെ തൊഴില്‍മേഖലകള്‍ക്ക് മാറ്റം വന്നു. കാര്‍ഷികേതര മേഖല, സ്വയം തൊഴില്‍, സ്വകാര്യ മേഖല എന്നിവിടങ്ങളിലാണ് പ്രധാനമായും മാറ്റം കണ്ടത്. മടങ്ങിയെത്തി ശേഷം സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്തത് 9.7 ശതമാനമാണ്. കാര്‍ഷികേതര മേഖലയില്‍ ജൊലി ചെയ്തിരുന്നവരുടെ എണ്ണം 28 ശതമാനമായി കുറഞ്ഞു. മടങ്ങിയെത്തി തൊഴിലില്ലാതിരിക്കുന്നവര്‍ 6.3 ശതമാനമാണ്. ഇവര്‍ക്കിടയില്‍ സ്വയംതൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 15-ല്‍ നിന്ന് 22.9 ശതമാനമായി വര്‍ദ്ധിച്ചു. തൊഴില്‍ ശക്തിയുടെ ഭാഗമല്ലാത്തവരുടെ കാര്യത്തിലും വര്‍ദ്ധനവുണ്ടായി. 12.1-ല്‍ന്ന് 22.8 ശതമാനമായി അത് ഉയര്‍ന്നു.

വിദേശത്തേക്ക് പോകും മുമ്പ് 24.3 ശതമാനത്തില്‍ വരുമാനമൊന്നുമുണ്ടായിരുന്നില്ല. വളരെ ചുരുക്കം പേര്‍ക്കാണ് വാര്‍ഷികവരുമാനം 50,000 രൂപയിലധികം ഉണ്ടായിരുന്നത്. ശരാശരി വാര്‍ഷിക വരുമാനം 21,847 രൂപയായിരുന്നു. വിദേശത്ത് പോകുന്നതിന് വേണ്ടിവരുന്ന തുകയുടെ പകുതി പോലുമാവില്ല അത്.

തിരിച്ചുവന്ന പ്രവാസികളില്‍ 44 ശതമാനം തങ്ങളുടെ സമ്പാദ്യം കടം വീട്ടാനാണ് ചെലവാക്കിയത്. നാല്‍പ്പത് ശതമാനത്തിലേറെ പേര്‍ സമ്പാദ്യം കുട്ടികളുടെ വിദ്യാഭ്യാസത്തിനോ കുടുംബാംഗങ്ങളുടെ ചികിത്സാച്ചെലവിനോ ആണ് ഉപയോഗിച്ചത്. മൂന്നിലൊന്നു പേര്‍ നിര്‍മാണമേഖലയില്‍ പണം ചെലവാക്കി. ഏകദേശം അത്രതന്നെ പേര്‍ സമ്പാദ്യത്തിന്റെ കുറച്ച് ഭാഗം ആശ്രിതരുടെ വിവാഹം നടത്തുന്നതിന് ഉപയോഗിച്ചു. ബാക്കിയുള്ള പണം ബാങ്കില്‍ നിക്ഷേപിക്കുകയോ സ്വര്‍ണം വാങ്ങാന്‍ ചെലവാക്കുകയോ ചെയ്തു. ഓഹരികളിലും മ്യൂച്വല്‍ ഫണ്ടിലും മറ്റേതെങ്കിലും പുത്തന്‍ സംരംഭങ്ങളിലും മഹാഭൂരിപക്ഷവും നിക്ഷേപിച്ചില്ല. ഇവയിലുള്ള വിശ്വാസമില്ലായ്മയും ഇക്കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതുമാണ് ഇതിന് കാരണം.

...............................................

തിരിച്ചുവന്ന പ്രവാസികള്‍ അവര്‍ പോകുംമുമ്പ് ചെയ്തിരുന്ന തൊഴിലുകളില്‍ നിന്ന് മറ്റു ചിലതിലേക്ക് മാറി. തിരിച്ചു വന്ന ശേഷം സ്വയം തൊഴില്‍ ചെയ്തവരുടെ എണ്ണം 2007-ല്‍ മടങ്ങിയെത്തിയ പ്രവാസികളില്‍ 19.3 ശതമാനമായിരുന്നെങ്കില്‍ 2009-ല്‍ അത് 24.9 ശതമാനമായി ഉയര്‍ന്നു. കാര്‍ഷികേതര മേഖലയില്‍ പണിയെടുത്തിരുന്നവരുടെ എണ്ണമാകട്ടെ 30.3 ശതമാനത്തില്‍ നിന്ന് 17.4 ശതമാനമായി കുറഞ്ഞു. 2008-ല്‍ മടങ്ങിയെത്തിയവരുടെ കാര്യത്തിലും സമാനമായിരുന്നു സ്ഥിതി. ശ്രദ്ധേയമായ മറ്റൊരു കാര്യം മടങ്ങിയത്തിയ പ്രവാസികളില്‍ തൊഴില്‍ രഹിതര്‍ 2007-ല്‍ 17.1 ശതമാനമായിരുന്നത് 2009 ആയപ്പോഴേക്കും 1.8 ആയി ചുരുങ്ങി. കേരളത്തിലെ നയരൂപകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യമാണിത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പുനരധിവാസ പദ്ധതികള്‍ ഒന്നുമില്ലാഞ്ഞിട്ടും, മടങ്ങിയെത്തിയവരില്‍ ജോലിവേണമെന്നുള്ളവര്‍ ഒന്നോ രണ്ടോ വര്‍ഷത്തിനകം സ്വയം അത് കണ്ടെത്തി.

തിരിച്ചെത്തിയ തൊഴില്‍രഹിതര്‍ (33%) സ്വയം തൊഴില്‍ കണ്ടെത്തി. തങ്ങളുടെ സ്വന്തം പട്ടണങ്ങളില്‍ അവര്‍ ചില ബിസിനസുകള്‍ തുടങ്ങി. 20 ശതമാനം പേര്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടി. എന്നിരുന്നാലും, മടങ്ങിയത്തിയവരില്‍ അധികമാരും സ്വന്തമായി ഒരു ബിസിനസ് സ്ഥാപനം കെട്ടിപ്പടുത്തില്ല. 2,037 പേര്‍ ഏതാണ്ട് 78 സ്ഥാപനങ്ങള്‍ തുടങ്ങി. അതില്‍ 38-39 ശതമാനവും കച്ചവട സ്ഥാപനങ്ങളാണ്.

മൊത്തത്തില്‍ നോക്കിയാല്‍ തിരിച്ചുവന്ന പ്രവാസികളുടെ നിക്ഷേപം വളരെ കുറവാണ് കേരളത്തില്‍. വളരെ കുറച്ചുപേര്‍ മാത്രമേ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളൂ. അതിന് ശ്രമിച്ചവരാകട്ടെ വിജയിച്ചുമില്ല. തങ്ങളുടെ സമ്പാദ്യം വാണിജ്യബാങ്കുകളില്‍ സ്ഥിരനിക്ഷേപമായിട്ട് അവര്‍ തൃപ്തരായി. വിദേശത്തു നേടിയ പണം സുരക്ഷിതമായി സൂക്ഷിക്കാനാണ് അവര്‍ ശ്രമച്ചത്.

പ്രവാസികളുടെ മടക്കം ഏറ്റവും നിഴലിക്കുന്നത് ഭവന മേഖലയിലാണ്. പ്രവാസിയില്ലാത്ത 27 ശതമാനം കുടുംബങ്ങള്‍ 'ആഡംബര' വസതികളോ 'നല്ല വീടുകളോ' സ്വന്തമാക്കിയപ്പോള്‍ മടങ്ങിയെത്തിയ പ്രവാസികളുള്ള 54 ശതമാനം കുടുംബങ്ങള്‍ക്ക് അത്തരം വീടുകളുണ്ട്. പ്രവാസികളുടെ തിരിച്ചുവരവ് കൂടുന്നതിനനുസരിച്ച് ഇത്തരം വീടുകളുടെ എണ്ണവും ഏറുന്നു. വീടിന്റെ ഗുണനിലവാരത്തില്‍ പ്രവാസം വരുത്തുന്ന ഗുണഫലമായി ഇതിനെ കാണാം.

പാചകത്തിനുപയോഗക്കുന്ന ഇന്ധനത്തിന്റെ കാര്യത്തിലും ഇതേ രീതിയിലുള്ള മാറ്റം ദര്‍ശിക്കാം. മടങ്ങിയെത്തിയ പ്രവാസികളുള്ള 41.3 ശതമാനം കുടുംബങ്ങളില്‍ പാചകവാതകം ഉപയോഗിക്കുമ്പോള്‍ അല്ലാത്ത 35 ശതമാനം വീടുകളിലേ പാചകവാതകമുള്ളൂ.

എന്നാല്‍, ഭൂമിയുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള മാറ്റം കാണുന്നില്ല. തിരിച്ചെത്തിയ പ്രവാസികള്‍ ഒന്നിലേറെയുള്ള കുടുംബങ്ങള്‍ക്ക് പ്രവാസികളില്ലാത്ത കുടുംബങ്ങളേക്കാള്‍് ഭൂമിയുണ്ട്. എന്നാല്‍, ഒരു പ്രവാസി മാത്രമുള്ള കുടുംബങ്ങള്‍ക്ക് ഭൂമിയില്ല. സാമ്പത്തിക നിലവാരത്തിലുള്ള അന്തരമാണ് ഇതിന് കാരണം.

ഉപസംഹാരം


പ്രവാസം അവസാനിപ്പിച്ചെത്തിയവര്‍ ഇപ്പോഴും പ്രവാസം തുടരുന്നവരുടെ പ്രതിനിധികളല്ല. നല്ല വിദ്യാഭ്യാസവും തൊഴിലും മാനേജ്‌മെന്റ്, സംരംഭകത്വ നൈപുണ്യവുമുള്ള പ്രവാസികള്‍ മടങ്ങുന്നില്ല. അവര്‍ക്ക് വിദേശത്ത് നല്ല സമ്പാദ്യമുണ്ട്. കേരളത്തിലെ സാഹചര്യം അവരെ ആകര്‍ഷിക്കുന്നില്ല.

തിരിച്ചു പോന്നവര്‍ 'പരാജയപ്പെട്ട' പ്രവാസികളാണ്. മടക്ക ടിക്കറ്റ് വാങ്ങാനുള്ള പണം പോലും അവരുടെ പക്കലില്ല. കുടിയേറ്റവും വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ ചിലരുടെ തിരിച്ചുവരവിന് പോലും തടസമാകുന്നു.

1.പ്രവാസം തുടങ്ങും മുമ്പ് പ്രവാസ രാജ്യത്ത് എത്തിയ ഉടനോ പിന്നീടോ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നില്ല. നാട്ടിലോ വിദേശത്തോ പ്രശ്‌നങ്ങള്‍ അനുഭവിച്ച പ്രവാസികള്‍ കേരളത്തില്‍ മടങ്ങിയെത്തിയ പ്രവാസികളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളവരില്‍ ഇല്ല. ഈ റിപ്പോര്‍ട്ടില്‍ ചിത്രീകരിച്ചിരിക്കുന്നതിനേക്കാള്‍ മോശമാകും പ്രവാസികളുടെ ജീവിതം. അവരുടെ പ്രശ്‌നങ്ങള്‍ ഔദ്യോഗികമായ ശ്രദ്ധയര്‍ഹിക്കുന്നു.

2.സംസ്ഥാനത്തിന്റെ വികസനത്തിന് തിരിച്ചെത്തിയ പ്രവാസികളുടെ സംഭാവന പ്രതീക്ഷിച്ചതിലും വളരെ ചെറുതാണ്. ഇപ്പോഴും പ്രവാസത്തില്‍ കഴിയുന്ന മെച്ചപ്പെട്ട ജീവിതാവസ്ഥയുള്ള മലയാളികളുടെ കൂട്ടത്തില്‍ ഇവര്‍ ഉള്‍പ്പെടുന്നില്ല.


പരിഹാരങ്ങളും നിര്‍ദേശങ്ങളും


1.വിദേശത്തേക്ക് പോകുംമുമ്പ് നല്‍കുന്ന കൗണ്‍സലിങ്ങും കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പരിപാടികളും വിദേശ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ സ്വദേശത്തും വിദേശത്തും നേരിടാനിടയുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. വിദേശത്തെ ജീവത, തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് അവബോധവും അവിടെയെത്തുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളും അത് നേരിടേണ്ട വിധവും ഇതിലൂടെ അവരെ ബോധ്യപ്പെടുത്താന്‍ കഴിയും. ഇപ്പോഴത്തെ ആഗോള പ്രതിസന്ധി പോലുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അഭിമുഖീകരിക്കാന്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ഉപകരിക്കും. സംഭവിക്കാനിടയുള്ള മടക്കത്തിന് മാനസികമായി അവരെ സജ്ജരാക്കുവാനും കഴിയും. ധനകാര്യ മാനേജ്‌മെന്റിനെക്കുറിച്ചുള്ള പാഠങ്ങള്‍ നല്‍കുന്നത് കൃത്യമായ മാസവരുമാനമില്ലാതെ മടങ്ങുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ഉപകാരമാകും.

2.പുറത്തുപോകാന്‍ തയ്യാറെടുക്കുന്നവരുടെ വാര്‍ഷിക വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദേശത്ത് പോകാനുള്ള ചെലവ് വളരെ കൂടുതലാണ് കേരളത്തില്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകയും റിക്രൂട്ടിങ് ഏജന്‍സികളുടെയും മറ്റ് മധ്യസ്ഥരുടെയും ചൂഷണത്തില്‍ നിന്ന് ഇവരെ രക്ഷിക്കുകയും വേണം. വായ്പകള്‍ പോലുള്ള സാമ്പത്തിക സഹായം ചിര്‍ക്കെങ്കിലും നല്‍കാന്‍ തയ്യാറാകണം.

3.തിരിച്ചെത്തുന്ന പ്രവാസികളുടെ പണം സംസ്ഥാനത്തിന്റെ വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടുലണ്ടാവണം. തിരിച്ചുവരുന്നവരുടെ കൂട്ടത്തില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന മാനേജര്‍മാരോ സംരഭകരോ ഇല്ലാത്ത സ്ഥിതിക്ക് സര്‍ക്കാരിന്റെ ഇടപെടല്‍ മറ്റുള്ളവരുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ സഹായകമാകും. ആവശ്യമായ ഇളവുകള്‍ കൊടുത്ത് പ്രവാസികളെ നാട്ടില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ നിര്‍ബന്ധിക്കണം.

വിവര്‍ത്തനം: സിസി ജേക്കബ്‌
(40%) (3 Votes)

Other News in this Section