LATEST NEWS

Loading...

Custom Search
+ -

മക്കയില്‍ ഒരു ഖലാസി വീരഗാഥ

Posted on: 21 Aug 2011

 

പുണ്യനഗരത്തിലെങ്ങും വ്രതമാസ വിശുദ്ധിയുടെ പ്രഭയില്‍ ഭൂമിയിലെ ഉത്തുംഗ ഘടികാര ഗോപുരം
മിഴി തുറന്നപ്പോള്‍ മലയാളി ഖലാസികളുടെ കൈക്കരുത്തിന്റേയും ചങ്കുറപ്പിന്റേയും സാഹസികതയുടേയും വീരഗാഥ അത്യുന്നതങ്ങളിലെത്തുന്നുവെന്ന് ഹസന്‍ ചെറൂപ്പയുടെ നിരീക്ഷണം...



വിശ്വാസികള്‍ക്ക് നന്മയുടെ നറുവസന്തവും പുണ്യത്തിന്റെ പകലിരവുകളും സമ്മാനിച്ച് റമദാന്റെ അമ്പിളിക്കീറ് മാനത്തു തെളിഞ്ഞപ്പോള്‍, പുണ്യനഗരിയിലെങ്ങും പ്രഭ ചൊരിഞ്ഞ് ഭൂമിയിലെ അത്യുന്നത ഘടികാര ഗോപുരത്തില്‍ പൊന്നമ്പിളി കണ്ണുതുറന്നു. വിശുദ്ധഗേഹത്തിന്റെ ചാരത്തേക്ക് ഉംറ തീര്‍ഥാടകരുടെ പ്രവാഹം പാരമ്യത്തിലെത്തിയ വ്രതമാസാരംഭത്തില്‍, മെക്കയിലെ അതിഭീമന്‍ ഘടികാരങ്ങള്‍ കാലനിര്‍ണയത്തിന്റെ മണി മുഴക്കി. അങ്ങനെ ഭൂമിയില്‍ അത്ഭുതം സമ്മാനിച്ച് മെക്കയിലെ ഘടികാര ഗോപുരം(മെക്ക റോയല്‍ ക്ലോക്ക് ടവര്‍) തുറന്നു.

***

ഇക്കഴിഞ്ഞ മാര്‍ച്ച് 31 നും ജൂലായ് 24 നും മെക്കയിലെ ഘടികാര ഗോപുരത്തിന്റെ ഗിരിശൃംഗങ്ങളിലേക്ക് 'ആകാശയാത്ര' നടത്താന്‍ അപൂര്‍വാവസരം ലഭിച്ചു. ജോലിക്കാരുടെ ലിഫ്റ്റുകള്‍ മാറിമാറിക്കയറി സാഹസിക ആരോഹണത്തിനൊടുവില്‍ നൂറിലേറെ നിലകള്‍ പിന്നിട്ടായിരുന്നു ആദ്യ യാത്ര. ജൂലൈ 24 നുള്ള രണ്ടാമത്തെ ആരോഹണവേളയില്‍, നാല് ഗോപുര ഭാഗത്തും ഭീമന്‍ ഘടികാരങ്ങളും അതിനുമീതെ ആലേഖനം ചെയ്ത 'അല്ലാഹു' എന്ന നാമവും ഏറ്റവും ഉച്ചിയിലായി ഹിലാലും(ചന്ദ്രക്കല) തയ്യാറായിക്കഴിഞ്ഞിരുന്നു.

പൊന്നമ്പിളിക്കീറിനു കീഴെയെത്തി ചുറ്റുപാടുമൊന്ന് കണ്ണോടിച്ചപ്പോള്‍ കാഴ്ച അതിശയകരം. കഅബാലയം, മതാഫ് (പ്രദക്ഷിണം വെക്കുന്നയിടം) എന്ന തളികയില്‍ വെച്ചപോലെ. വിശുദ്ധ നഗരി മുഴുവന്‍ കണ്‍വെട്ടത്തില്‍ തെളിഞ്ഞു. അതില്‍ അതികായനായി തലയുയര്‍ത്തി നില്‍ക്കുന്നു, സന്മാര്‍ഗദ്വീപത്തിന്റെ മണ്‍ചിരാത് കണക്കെ ഹിറാ ഗുഹയെ നെഞ്ചേറ്റിയ പ്രകാശത്തിന്റെ പര്‍വതം -ജബലുന്നൂര്‍. ഹജ് തീര്‍ഥാടന കേന്ദ്രങ്ങളായ മിനായും മുസ്ദലിഫയും അറഫയുമെല്ലാം മുന്നില്‍ തെളിയുന്നു.

പുണ്യനഗരിയുടെ ഉത്തുംഗ ഗോപുരത്തില്‍, ഇബ്രാഹിമി ത്യാഗത്തിന്റെ നേര്‍ക്കാഴ്ചകള്‍ സ്മൃതിയില്‍ തെളിയവേ, ഒരുവേള ഉള്ളുലച്ച, പിന്നെ അഭിമാനപുളകിതമാക്കിയ പുത്തന്‍കൂറ്റുകാരെ കണ്ടു. മോക്ഷത്തിന്റെ വഴിത്താരയിലേക്ക് ദൈവകല്‍പന ശിരസാവഹിച്ച് മാലോകരെ പെരുമ്പറ കൊട്ടിയറിയിച്ച ഇബ്രാഹീമിന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ക്ക്, ആധുനിക പരിച്ഛേദം പകര്‍ന്ന് ഇതാ ഒരുകൂട്ടം മാപ്പിള ഖലാസികള്‍! 'ഏറ്റവും മികച്ച ഭോജനം മെയ്യധ്വാനത്തിന്റെ അന്നമാണെ'ന്ന പ്രവാചകവചനം അന്വര്‍ഥമാക്കി സ്വന്തം കായികബലം കത്തിച്ചുപിടിച്ച് ആകാശത്തിന്റെ വിരിമാറിലിരുന്ന് നൂറുകണക്കിന് ടണ്‍ ഭാരമുള്ള ഇരുമ്പു തൂണുകളും സ്ട്രക്ചറുകളും ഉറപ്പിക്കുകയായിരുന്നു അവര്‍.


ഭീമാകാരമായ മനുഷ്യനിര്‍മിത ചന്ദ്രക്കല തീര്‍ത്ത് അഖിലലോകാധിപന്റെ നാമം ആലേഖനം ചെയ്യുന്നതിന്റെ പണിയായിരുന്നു അവര്‍ക്ക്. കൈക്കരുത്തിന്റെയും നെഞ്ചൂക്കിന്റെയും സാഹസികതയുടെയും പ്രായോഗികബുദ്ധിയുടെയും പെരുമ ചക്രവാളങ്ങള്‍ കടത്തിയ ഖലാസികള്‍ക്ക് ഫോര്‍ക്ക് ലിഫ്റ്റും പടുകൂറ്റന്‍ ക്രെയിനുകളും ജോലി കൂടുതല്‍ അനായാസമാക്കിയെന്നു മാത്രം. കൂട്ടിന് മലേഷ്യയില്‍നിന്നുള്ള നിര്‍മാണ വിദഗ്ധരുമുണ്ട്.

68 മാപ്പിള ഖലാസികളാണ് ഘടികാര ഗോപുരത്തിന്റെ ഉച്ചിയിലെ നിര്‍മാണ ജോലിക്കെത്തിയിരിക്കുന്നത്. അവരുടെ തലവനായി ഫോര്‍മാന്‍ ചാലിയം ലൈലാ മന്‍സിലില്‍ എന്‍.സി. മുഹമ്മദ് ഹനീഫയുണ്ട്. ഖലാസികള്‍ക്ക് പുകള്‍പെറ്റ കോഴിക്കോട്ടെ ചാലിയത്തുകാരാണ് നാല്‍പതോളം പേരും. ആധുനിക സാങ്കേതികവിദ്യയ്ക്കു മുന്നില്‍ കൈക്കരുത്തിന്റെയും ചങ്കുറപ്പിന്റെയും ഖലാസിമഹിമ, മെക്കയിലെ ഉത്തുംഗ ഗോപുരത്തിലിരുന്ന് ലോകത്തോട് വിളിച്ചുപറയുകയാണവര്‍.

പെരുമണ്‍ സാഹസികതയുടെ പെരുമയെല്ലാം ഘടികാരഗോപുരജോലിക്ക് അവര്‍ക്ക് കരുത്തു പകര്‍ന്നിട്ടേയുള്ളൂ. അഷ്ടമുടിക്കായലില്‍ ആണ്ടുകിടന്ന ബോഗികള്‍ പൊക്കുന്നതില്‍ റെയില്‍വെയുടെ കൂറ്റന്‍ ക്രെയിനുകള്‍ പരാജയപ്പെട്ടിടത്ത് വിജയക്കൊടി പാറിക്കുകയും മദ്രാസ് മെയില്‍ കടലുണ്ടിപ്പുഴയിലേക്ക് മറിഞ്ഞപ്പോള്‍ പാഞ്ഞെത്തു കയും ചെയ്ത ഖലാസിപ്പട, മക്കാ നഗരത്തില്‍ കൈക്കരുത്തിന്റെയും നെഞ്ചുറപ്പിന്റെയും വിജയഗാഥ തീര്‍ത്ത് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍. 68 അംഗ സംഘത്തില്‍ ആറുപേര്‍ ഇതിനകം നാട്ടിലേക്ക് മടങ്ങി. നവംബറില്‍ ഹജോടുകൂടി ജോലി മുഴുവനായും തീര്‍ത്ത് മടങ്ങാനാണ് പരിപാടി.

662 മീറ്റര്‍ ഉയരമുള്ള മെക്ക റോയല്‍ ക്ലോക്ക് ടവര്‍, ദുബായിലെ ഖലീഫാ ടവറിനു തൊട്ടുപിന്നിലായി ലോകത്തെ ഏറ്റവും പൊക്കം കൂടിയ രണ്ടാമത്തെ കെട്ടിടമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ തറവിസ്തീര്‍ണ(15 ലക്ഷം ചതുരശ്ര മീറ്റര്‍)മുള്ള കെട്ടിട സമുച്ചയമാണിത്. ക്ലോക്ക് ടവറിലെ ഘടികാരങ്ങള്‍ക്ക് ചരിത്രപ്രസിദ്ധമായ ലണ്ടനിലെ ബിഗ് ബെന്‍ ക്ലോക്കിനേക്കാള്‍ ആറിരട്ടി വ്യാസമുണ്ട്. പകല്‍വെട്ടത്തില്‍ സ്വര്‍ണനിറത്തില്‍ കാണപ്പെടുന്ന ഘടികാരങ്ങളും ചന്ദ്രക്കലയും രാത്രിവെളിച്ചത്തില്‍ ഹരിതപ്പകര്‍ച്ച നേടും.

ക്ലോക്ക് ടവറിന്റെ 370 മീറ്റര്‍ വരുന്ന മുകള്‍ ഭാഗത്തിന് സംരക്ഷിത ആവരണം തീര്‍ക്കുന്നതിനൊപ്പം ക്ലോക്കുകളും ചന്ദ്രക്കലയും സ്ഥാപിക്കാന്‍ ഇരുനൂറ്റമ്പതോളം പേര്‍ രാപകല്‍ ജോലി ചെയ്യുന്നു. ഘടികാരമുഖം രാത്രിയില്‍ പ്രകാശമാനമാക്കുന്നതിന് എട്ടു ലക്ഷം എല്‍.ഇ.ഡി. ബള്‍ബുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ക്ലോക്കുകളുടെ ഭാഗങ്ങളും ഇവ സ്ഥാപിക്കുന്നതിനുള്ള ഇരുമ്പുതൂണുകളും പാനലുകളും മറ്റും നീക്കുകയും ഉയര്‍ത്തുകയും സ്ഥാപിക്കുകയും ചെയ്യുന്ന ജോലിയാണ് ഖലാസികള്‍ നിര്‍വഹിച്ചത്. ഖലാസികളുടെ പണിമികവിനെക്കുറിച്ച് പറയുമ്പോള്‍, ഇവര്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ദക്ഷിണാഫ്രിക്കാരനായ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ജമീലിനും ഇദ്ദേഹത്തിന്റെ അനുജനും സൂപ്പര്‍വൈസറുമായ നിസാമിനും ആയിരം നാവാണ്. ഇവരുടെ സാഹസികതയും കഠിനാധ്വാനവും 'പ്രാക്ടിക്കല്‍ സെന്‍സും' തന്നെ അതിശയിപ്പിച്ചതായി ജമീല്‍ പറഞ്ഞു.


നറുനിലാവിന്റെ മിനാരങ്ങള്‍


കാലം നമിക്കുന്ന അപൂര്‍വ ശില്പകലാ ചാരുതയില്‍, അബുദാബി ശൈഖ് സായ്ദ്
പള്ളിയിലിരുന്ന് ഒരേസമയം നാല്പതിനായിരം പേര്‍ ലോകത്തോട് മന്ത്രിക്കുന്നു- ''അല്ലാഹു അക്ബര്‍...'' സഞ്ചാരികളുടെ മനംമയക്കുന്ന അറബ്-മുഗള്‍-മുറിഷ് ശില്പ വിസ്മയങ്ങള്‍
സമഞ്ജസമായി ഇവിടെ സമ്മേളിക്കുന്നതായി അവിനാശിന്റെ വിലയിരുത്തല്‍...


നാല് മിനാരങ്ങളും ഏഴ് വ്യത്യസ്ത വലിപ്പങ്ങളിലുള്ള എണ്‍പത്തിരണ്ട് താഴികക്കുടങ്ങളുമായി ആ പ്രാര്‍ഥനാലയം അബുദാബിയുടെ ആകാശത്തിലൂടെ അഞ്ചുനേരം ലോകത്തോട് മന്ത്രിക്കുന്നു- 'അല്ലാഹു അക്ബര്‍...' അതുകേട്ട് നൂറോ ആയിരമോ അല്ല പതിനായിരങ്ങളാണ് ഒരേസമയം അങ്ങോട്ടൊഴുകുന്നത്. വെണ്‍കുളിര്‍ക്കല്ലാല്‍തീര്‍ത്ത അതിന്റെ സ്ഫടികശുദ്ധമായ വഴികളില്‍ പല വര്‍ണങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ് അവര്‍ കടന്നുപോകുന്ന കാഴ്ച പ്രതിഫലിക്കും. പര്‍ദയണിഞ്ഞ സ്ത്രീകളുടെ സംഘം ഒരു കറുത്ത നദിപോലെ. അവ കണ്ടുകൊണ്ട് അന്യമതവിശ്വാസികളായ സഞ്ചാരികള്‍. പ്രാര്‍ഥിക്കാനെത്തിയവരും അല്ലാത്തവരും ഓരോ ചുവടുവെക്കുമ്പോഴും ഈ ആധുനിക ശില്‍പവിസ്മയത്തിന് മുന്നില്‍ ആദരപൂര്‍വം ശിരസ്സുനമിക്കുന്നു. അതുകണ്ട് അതിനെ സാക്ഷാത്കരിച്ച യു.എ.ഇ.യുടെ അനശ്വരനായ സ്ഥാപകന്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ തൊട്ടപ്പുറത്തെ ഖബറിടത്തില്‍ക്കിടന്ന് മന്ത്രിക്കുന്നുണ്ടാവണം- 'അല്ലാഹു അക്ബര്‍... അല്‍ഹംദുലില്ല...'

ലോകത്തിലുള്ള ഐശ്വര്യമായതെന്തും തന്റെ രാജ്യത്തുവേണമെന്നും തന്റെ ജനങ്ങള്‍ സുഖസംതൃപ്തിയില്‍ കഴിയണമെന്നും സ്വപ്നംകണ്ട ശൈഖ് സായിദിന്റെ പേരില്‍ അറിയപ്പെടുന്ന അബുദാബിയിലെ ഗ്രാന്‍ഡ് മോസ്‌ക് അഞ്ചുനേരം പ്രാര്‍ഥിക്കുന്ന പ്രാര്‍ഥനാലയം മാത്രമാവാത്തതിന് കാരണം അതിന്റെ അത്ഭുതപ്പെടുത്തുന്ന ശില്‍പഭംഗിയാണ്. പുരാതന കാലത്തെ ഹര്‍മ്യങ്ങള്‍ക്ക് മുന്നില്‍ അത്ഭുതാദരങ്ങളോടെ നിന്നുപോകുന്ന സഞ്ചാരി അതേ വികാരാനുഭൂതികളോടെ ഈ ചിത്രശിലാ വിസ്മയത്തിനു മുന്നിലും സ്തംഭിച്ചുനില്‍ക്കുന്നു. കാലം നിലയ്ക്കുന്നു; ശില്‍പകലയിലെ പല പല രീതികളുടെ സംഗമത്തിന് മുന്നില്‍.

യുനൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ പള്ളിയാണ് ശൈഖ് സായിദ് മോസ്‌ക്. വലിപ്പത്തില്‍ ലോകത്തിലെ എട്ടാമത്തേതും. (വലിപ്പത്തില്‍ ലോകത്തിലെ രണ്ടാമത്തേത് ഇതാണ് എന്നും ഒരു വാദമുണ്ട്.) മുഗള്‍ ശൈലിയും മൂറിഷ് പള്ളികളുടെ ശൈലിയും സംഗമിച്ചാണ് ഇതിന്റെ നിര്‍മാണം. ലാഹോറിലെ ബാദ്ഷാഹി പള്ളിയുടെയും കസാബ്ലാങ്കയിലെ ഹസ്സന്‍-2 പള്ളിയുടെയും നിര്‍മാണ ശൈലിയുടെ നേരിട്ടുള്ള സ്വാധീനം ശൈഖ് സായിദ് മോസ്‌കിന്റെ രൂപകല്‍പനയിലുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു.
താഴികക്കുടങ്ങളുടെയും നിലത്തിന്റെയും രൂപകല്‍പനയിലാണ് ബാദ്ഷാഹി പള്ളിയുടെ സ്വാധീനം. ബാക്കിയെല്ലാം മുഗള്‍, മൂറിഷ് ശൈലിയും. കമാന വീഥികളില്‍ മൂറിഷ് ഗന്ധങ്ങള്‍, മിനാരങ്ങളില്‍ അറബ് സൗന്ദര്യം. ദൂരക്കാഴ്ചയില്‍ അറബ്-മുഗള്‍-മൂറിഷ് ശില്‍പശൈലികളുടെ സുന്ദരമായ ഉരുകിച്ചേരല്‍.

നാല്‍പ്പതിനായിരം പേര്‍ക്ക് ഒരേസമയം ഇവിടെ പ്രാര്‍ഥിക്കാം. മുഖ്യപ്രാര്‍ഥനാഹാളിന് ഒന്‍പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ആയിരത്തഞ്ഞൂറ് പേരെ കൊള്ളുന്ന രണ്ട് മുറികള്‍ സ്ത്രീകള്‍ക്കുള്ളതാണ്. 377 അടി ഉയരമുള്ളതാണ് നാല് മിനാരങ്ങള്‍. വെളുത്ത ഇറ്റാലിയന്‍ മാര്‍ബിളില്‍ തീര്‍ത്ത അകത്തളങ്ങള്‍. അവയില്‍ പല വര്‍ണങ്ങളില്‍ പടരുന്ന വരകളും വള്ളികളും. പലയിടങ്ങളിലും സ്വര്‍ണക്കൂടുകള്‍. അപൂര്‍വ രത്‌നങ്ങളുടെ തിളക്കങ്ങള്‍... ഒരു ലക്ഷത്തി എണ്‍പതിനായിരം ചതുരശ്ര അടിയില്‍ മാര്‍ബിളില്‍ നിരത്തിയ മുറ്റവും ചുറ്റുവഴികളും.

പള്ളിക്കകത്തു വിരിച്ച ഇറാനിയന്‍ പരവതാനി ലോകത്തിലെ ഏറ്റവും വലുതാണ്. ഇറാനിയന്‍ കലാകാരനായ അലി ഖലീവിയാണ് ഇതിന് രൂപം നല്‍കിയത്. 1200 നെയ്ത്തുകാരും 20 സാങ്കേതിക വിദഗ്ധരും 30 തൊഴിലാളികളും ചേര്‍ന്ന് നിര്‍മിച്ച ഈ പെരും പരവതാനിയുടെ വലിപ്പം 60,570 ചതുരശ്ര അടി. ഭാരം 47ടണ്‍ (35 ടണ്‍ കമ്പിളിയും 12 ടണ്‍ പരുത്തിയും 226,80,00,000 അലങ്കാരപ്പണികളുമുണ്ട് ഈ പരവതാനിയില്‍). സ്വര്‍ണം പൂശിയ ഏഴ് കൂറ്റന്‍ ബഹുശാഖാ ദീപം ശൈഖ് സായിദ് പള്ളിയുടെ മച്ചുകളെ പ്രഭാപൂരിതമാക്കുന്നു. ഇതില്‍ ഏറ്റവും വലുതിന് 33 അടി വലിപ്പം വരും. ഇവയില്‍ നിന്നുള്ള ദീപനൃത്തങ്ങളാണ് പള്ളിയുടെ രാവുകളിലെ സൗന്ദര്യം.
അബുദാബിയില്‍ എവിടെ നിന്നാലും ശൈഖ് സായിദ് പള്ളിയുടെ ഏതെങ്കിലും ഒരു മാര്‍ബിള്‍ മിനാരം കാണാം. സന്ധ്യയില്‍ അസ്തമനത്തിന്റെ അരുണ സൗന്ദര്യത്തില്‍ പള്ളി പൊന്നുപൂശിയതുപോലുണ്ടാകും. ആ സൗന്ദര്യത്തില്‍ നിന്നാണ് പ്രാര്‍ഥനകള്‍ പ്രവഹിക്കുന്നത്.


(100%) (2 Votes)

 

 

Other News in this Section