യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യുക്മ നാഷണല്‍ കമ്മിറ്റി ആവിഷ്‌കരിച്ച യുക്മ സാന്ത്വനം പദ്ധതി ഇതിനോടകം യു കെ മലയാളികളുടെ ഇടയില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. യു കെ മലയാളികളെ ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ നമ്മളുടെ സഹായ ഹസ്തമായാണ് സാന്ത്വനം പദ്ധതി അവതരിപ്പിക്കപ്പെട്ടത്. യുക്മയുടെ ആദ്യ നാഷണല്‍ കമ്മിറ്റി യോഗത്തില്‍ തന്നെ പങ്കെടുത്ത അംഗങ്ങള്‍ സമാഹരിച്ച് 2500 പൗണ്ട് സ്വരുക്കൂട്ടുകയും ഈ സഹായ പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. 

ഷ്രോപ്പ്ഷെയറിലെ ടെല്‍ഫോര്‍ഡില്‍ കഴിഞ്ഞ ദിവസം നിര്യാതയായ ഉഷ മേനോന്റെ കുടുംബത്തിനാണ് യുക്മ സാന്ത്വനം ആദ്യം സഹായകമാകുന്നത്. 2013-ല്‍ രോഗനിര്‍ണ്ണയം നടത്തി ക്യാന്‍സര്‍ എന്ന രോഗമാണെന്ന് എന്ന് കണ്ടെത്തി കേരളത്തിലും യു കെ യിലുമായി തുടര്‍ ചികിത്സകളുമായി പടവെട്ടി പരാജയപ്പെട്ട് ദുഃഖത്തിലാഴ്ന്ന ഈ കുടുംബത്തിന്റെ ആഗ്രഹപ്രകാരം ഉഷാ മേനോന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിന്റെ ആവശ്യത്തിലേക്കാണ് യുക്മയുടെ സഹായം കൈമാറുന്നത്. അതനുസരിച്ച് ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനും ഫ്യുണറല്‍ ഡയറക്ടേഴ്‌സ് -നു വേണ്ടുന്നതുമായ ചിലവാണ് ഈ അവസരത്തില്‍ യുക്മ വഹിക്കുക.