ഈസ്റ്റ്ഹാം: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി യു.കെയിലേക്ക് കുടിയേറിയ മലയാളികള്‍ തങ്ങള്‍ക്ക് കൈമോശം വന്ന മതേതര മൂല്യങ്ങള്‍ തിരിച്ചെടുക്കണം എന്ന് ഇടത് സാംസ്‌കാരിക സംഘടനായ 'സമീക്ഷ' (പി.എം.എസ്) യുടെ ദേശീയ സമ്മേളനം അഭിപ്രായപ്പെട്ടു. പി.എം.എസ് എന്ന പേരില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവൃത്തിച്ചുകൊണ്ടിരുന്ന സംഘടനയുടെ  ദേശീയവും പ്രാദേശികവുമായ എല്ലാ ഘടകങ്ങളും സമീക്ഷ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ സമ്മേളനം തീരുമാനമെടുത്തു. 

സമ്മേളനത്തിന്റെ രണ്ടാം സെഷനില്‍ സാഹിത്യകാരന്‍മാരായ മുരുകേശന്‍ പണിയറ, സുരേഷ് മണമ്പുര്‍, മുരളി വെട്ടത്ത്, പോസ്റ്റ് മോഡേണ്‍ ചിത്രകാരനായ ജോസ് ആന്റണി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. വിശദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സമീക്ഷയുടെ ഭാരവാഹികള്‍ യു.കെ മലയാളികളുടെ മതേതരത്വത്തിനു വേണ്ടി പ്രമേയം തയ്യാറാക്കി അവതരിപ്പിച്ചു.  

നിലവില്‍ ദേശീയ പ്രസിഡണ്ടായി പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന സ: രാജേഷ് ചെറിയാനെ തല്‍സ്ഥാനത്തേയ്ക്ക് വീണ്ടും തിരെഞ്ഞെടുത്ത സമ്മേളനം നോര്‍ത്തേണ്‍ ഐര്‍ലാന്‍ഡ് പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്ത സ:എസ്.എസ് ജയപ്രകാശിനെ സെക്രട്ടറി ആയും കവന്‍ട്രിയില്‍ നിന്നുള്ള പ്രതിനിധിയായ സ:സ്വപ്‌ന പ്രവീണിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

സമ്മേളനത്തിലെടുത്ത തീരുമാനങ്ങള്‍

* എല്ലാ പി.എം.എസ് ഘടകങ്ങളും സമീക്ഷ എന്ന പേരില്‍ പ്രവര്‍ത്തിക്കണം  
*യുക്തി ഭദ്രമായ ആശയങ്ങളുടെ പ്രചാരണത്തിനായി യു.കെയിലെ വിവിധ സാഹിത്യകാരന്‍മാര്‍, സ്വതന്ത്ര ചിന്തകര്‍, പുരോഗമന സഹയാത്രികര്‍  തുടങ്ങിയവരെ സഹകരിപ്പിച്ചു കൊണ്ട് ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് കാമ്പയിന്‍ സംഘടിതവും ശക്തവും ആക്കും. ഇതിനായി സൗജന്യ നിയമ സഹായങ്ങള്‍ അടക്കം എല്ലാ പിന്തുണയും ഉറപ്പ് വരുത്തും.
*കേരളത്തിന്റെ സംസ്‌കാരത്തിലേയ്ക്കുള്ള ജാലകമായ മലയാള ഭാഷ മലയാളി  വിദ്യര്‍ത്ഥികള്‍ക്കിടയില്‍ സപ്ലിമെന്ററി വിദ്യാഭ്യാസത്തിലൂടെ  പ്രചരിപ്പിക്കും
*കേരളത്തിന്റെ ക്ലാസ്സിക്കല്‍ കലകളെ യു.കെ കരിക്കുലത്തിന്റെ ഭാഗമാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും
*യു.കെ യിലെ സാഹിത്യ രചനാ ശേഷി ഉള്ളവരുടെ ആശയങ്ങളും സര്‍ഗ്ഗ ശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനായി സമീക്ഷ എന്ന പേരില്‍ മാഗസിന്‍ പ്രസിദ്ധികരിക്കും. 
*കലാസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര നൃത്താധ്യാപകരെയും, സംഗീത അധ്യാപകരെയും, ചിത്രകാരന്മാരെയും സഹകരിപ്പിച്ചു കൊണ്ട് ദേശിയ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലാ പരിപാടികള്‍ സംഘടിപ്പിക്കും. പ്രസ്തുത പരിപാടിയില്‍ കേരളത്തിലെ പ്രശസ്തരുടെയും സാന്നിധ്യം ഉറപ്പു വരുത്തും.