കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പുതുവര്‍ഷത്തിലെ കുടുംബസംഗമം നടത്തി. കൊളോണ്‍ റാഡര്‍ത്താലിലെ സെന്റ് മരിയ എംഫേഗ്‌നസ് ദേവാലയ പാരീഷ് ഹാളില്‍ പരിപാടികള്‍ ആരംഭിച്ചു. പുതുവര്‍ഷത്തിന്റെ സന്തോഷം ഒരിയ്ക്കല്‍ക്കൂടി പങ്കുവയ്ക്കാന്‍ സമാജം അംഗങ്ങള്‍ക്കു പുറമെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എത്തിയിരുന്നു. 

ഷീബ/ജോസ് കല്ലറയ്ക്കല്‍ എന്നിവര്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. സമാജം ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി സ്വാഗതം ആശംസിച്ചു. സംഗമത്തില്‍ മുഖ്യാതിഥിയായിരുന്ന സ്‌പെയിനില്‍ ഉപരിപഠനം നടത്തുന്ന വിന്‍സെന്‍ഷ്യന്‍ സഭാംഗമായ ഡോ.ജോര്‍ജ് ആയല്ലൂര്‍ സന്ദേശം നല്‍കി. സെബാസ്റ്റ്യന്‍ കോയിക്കര റിപ്പബ്ലിക്കായ ഇന്ത്യയുടെ മുന്‍പിന്‍ കാലങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. ഗാനാലാപനം, ചിന്താവിഷയം, കവിതാപാരായണം, കഥ പറച്ചില്‍, ആശംസാ പ്രസംഗം തുടങ്ങിയ പരിപാടികള്‍ സംഗമത്തെ കൊഴുപ്പുള്ളതാക്കി. മാത്യൂസ് കണ്ണങ്കേരില്‍, ഗ്രേസിക്കുട്ടി മണ്ണനാല്‍, എല്‍സി വടക്കുംചേരി, വില്യം പത്രോസ്, മോളി കോട്ടേക്കുടി, നിര്‍മ്മല ഫെര്‍ണാണ്ടസ്, സോമരാജന്‍ പിള്ള, മോളി നെടുങ്ങാട്, സുചി എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. 

സമാജത്തിന്റെ സ്ഥാപകാംഗവും ആദ്യത്തെ വൈസ് പ്രസിഡന്റുമായ അന്തരിച്ച ജേക്കബ് ദാനിയേലിന്റെ ആത്മശാന്തിയ്ക്കായി മൗനപ്രാര്‍ത്ഥന നടത്തി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിച്ചതിനു പുറമെ മുന്‍ ജര്‍മന്‍ മലയാളിയും ഇപ്പോള്‍ കാനഡയില്‍ സ്ഥിരതാമസക്കാരനുമായ ജോണ്‍ ഇളമതയുടെ അനുസ്മരണക്കുറിപ്പും  വായിച്ചു.

സമാജം ട്രഷറര്‍ ഷീബ കല്ലറയ്ക്കല്‍ നന്ദി പറഞ്ഞു. കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ജോയിന്റ് സെക്രട്ടറി ജോസ് നെടുങ്ങാട്, ഡേവീസ്, ഷീബ, എല്‍സി, ജോസ് കല്ലറയ്ക്കല്‍, അമ്മിണി കോയിക്കര എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. അത്താഴവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

ജോസ് കുമ്പിളുവേലില്‍