വിയന്ന: സ്വാതന്ത്ര്യദിനാചരണത്തോട് അനുബന്ധിച്ചു വോയ്‌സ് വിയന്ന സംഘടിപ്പിച്ച രണ്ടാമത് ക്രിക്കറ്റ് ടുര്‍ണമെന്റില്‍ മലയാളി യുവാക്കള്‍ അണിനിരന്ന റൈസിംഗ് സ്റ്റാഴ്‌സ് ജേതാക്കളായി. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ സി.എം.പി.സി.സിയെ തറപറ്റിച്ചാണ് റൈസിംഗ് സ്റ്റാഴ്‌സ് കപ്പില്‍ മുത്തമിട്ടത്.

ദിവസം മുഴുവന്‍ നീണ്ടുനിന്ന കളിയുടെ മധ്യത്തില്‍ മാതൃരാജ്യത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയ സ്വാതന്ത്ര്യദിനാഘോഷവും ഹൃദ്യമായി. സംഘടനയുടെ പ്രസിഡന്റ് മേഴ്‌സി കാക്കാട്ടും, സെക്രട്ടറി സുനില്‍ കോരയും സംയുക്തമായി ഭാരതത്തിന്റെ പതാക ഉയര്‍ത്തി. കളിക്കാരും കാണികളും ഉള്‍പ്പെടുന്ന സംഘം തുടര്‍ന്ന് ദേശീയഗാനം ആലപിച്ചു.

മത്സരാനന്തരം നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡര്‍ രേണു പാല്‍ മുഖ്യാതിഥിയായിരുന്നു. കളിക്കാരെയും സംഘാടകരെയും അഭിനന്ദിച്ച സ്ഥാനപതി വനിതകള്‍ക്കും കൂടി ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നു ആഹ്വാനം ചെയ്തു. ഓസ്ട്രിയന്‍ അനാദി ബാങ്കിനെ പ്രതിനിധീകരിച്ചു ജെന്നിഫര്‍ ഷേണായും സന്നിഹിതയായിരിന്നു. സിമി കൈലാത് അവതാരകയായ സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റ് അധ്യക്ഷയും, സെക്രട്ടറി നന്ദി പറയുകയും ചെയ്തു. ടൂര്‍ണമെന്റ് വന്‍വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.

വാര്‍ത്ത അയച്ചത് : ജോബി ആന്റണി