പ്രവാസ ജീവിതത്തില്‍ നിങ്ങള്‍ക്കുമില്ലേ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍? അവ സന്തോഷിപ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ ആവട്ടെ. ഞങ്ങള്‍ക്കെഴുതുകയോ ബ്ലോഗ് ലിങ്കുകള്‍ അയക്കുകയോ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക
കള്ള ടാക്‌സി (ഒരനുഭവക്കുറിപ്പ്)
രണ്‍ജിത്ത് ചെമ്മാട്
Posted on: 06 Apr 2010

പത്ത് പന്ത്രണ്ടു വര്‍ഷം മുന്‍പാണ്, ദുബായ് അന്നും നഗരത്തിന്റെ സര്‍വ്വ ഭാവങ്ങളും മുഖത്തെഴുതിയ തിരക്കുകളുടെ ലോകമാണ്...യാത്രാക്‌ളേശം തന്നെയാണ് അന്നും മുഖ്യ പ്രശ്‌നം, ഇന്നത്തെപ്പോലെ മേട്രോ ട്രെയിനോ, ഇരുനിലബസ്സുകളോ, നീളന്‍ ബസ്സുകളോ, സര്‍വ്വീസ് നടത്തിയിരുന്നില്ല! പോക്കുവരവുകള്‍ക്ക് ടാക്‌സികള്‍ മാത്രമാണാശ്രയം, ദുബായില്‍ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരും താരതമ്യേന തിരക്കുകുറഞ്ഞ ഷാര്‍ജയിലും അജ്മാനിലുമൊക്കെയാണ് താമസം...
അതുകൊണ്ട് തന്നെ അജ്മാന്‍ ഷാര്‍ജ ദുബായ് റോഡുകള്‍ എപ്പോഴും തിരക്ക് പിടിച്ചതാണ്, ആവശ്യത്തിന് ടാക്‌സികള്‍ കിട്ടാറുമില്ല!
അവിടെയാണ് കള്ളടാക്‌സികള്‍ രംഗത്തിറങ്ങുന്നത്...സ്വന്തമായി കാറുള്ളവരോ, റെന്റ് എ കാര്‍ എടുത്തവരോ, പാര്‍ടൈം ആയോ, ഫുള്‍ടൈം ആയോ, ആളുകള്‍ പ്രൈവറ്റ് ടാക്‌സി സര്‍വ്വീസ് നടത്തുന്നു.കള്ള ടാക്‌സി എന്ന പേരിലാണ് മലയാളികളുടെയിടയില്‍ ഇത് അറിയപ്പെടുക...സാധാരണക്കാര്‍ക്ക് ഇവര്‍ വലിയ ഒരാശ്വാസമാണ്...
അഞ്ച് ദിര്‍ഹം കൊടുത്താല്‍ മതി, ദുബായില്‍ കൊണ്ട് വിടും.ഏതെങ്കിലും വഴിക്ക് തിരിഞ്ഞുമറിഞ്ഞ് സ്വന്തം ഫ്‌ളാറ്റിനു മുന്നിലിറങ്ങണമെങ്കില്‍ അതും സാധിക്കും... കള്ളടാക്‌സികള്‍ക്ക് മാത്രമായി, പാര്‍ക്കിംഗ് ഏരിയകള്‍ വരെയുണ്ട്. സി.ഐ.ഡി. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പാര്‍ക്കിംഗ് ഏരിയകള്‍ മാറിക്കൊണ്ടിരിക്കും.
റോളാ സ്‌ക്വയറിലും മറ്റു നഗരകേന്ദ്രങ്ങളിലും നിന്ന് സ്ഥലപ്പേര് മന്ത്രിക്കുന്ന ഏജന്റുമാര്‍ യാത്രക്കാരെ കൃത്യമായി വണ്ടിയ്ക്കടുത്തെത്തിയ്ക്കും...അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കറിയാഞ്ഞിട്ടാവില്ല, ഒരു പക്ഷേ,യാത്രാക്ലേശം രൂക്ഷമാകാതിരിക്കാന്‍ കണ്ണടയ്ക്കുന്നതുമാകാം...എങ്കിലും ഇടയ്ക്കും തലയ്ക്കുമൊക്കെ ഓരോരുത്തരെ പൊക്കിക്കൊണ്ടു പോകും...വലിയ പിഴയും ലൈസന്‍സ് ക്യാന്‍സലടക്കമുള്ള ശിക്ഷയും വിധിക്കുമെങ്കിലും കള്ളടാക്‌സിക്കാരുടെ എണ്ണം കുറയാറില്ല.
ആയിടെയാണ് യു.എ.ഇ യില്‍ കടുത്ത വിസാ നിയന്ത്രണം വന്നത്, അറ്റസ്റ്റ് ചെയ്ത ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ വിസ നല്കൂ എന്ന നിയമം ശക്തമായതോടെ പല സ്ഥാപനങ്ങളും വെട്ടിലായി, ആയിടെ ഞാന്‍ സ്വന്തമായി തുടങ്ങിയ അഡ്വെര്‍ടൈസിംഗ് കമ്പനി അടച്ചുപൂട്ടേണ്ട ഗതികേടിലുമായി, വളരെ അടുത്ത രണ്ട് ബന്ധുക്കളെ കൊണ്ടുവരാനായി തുടങ്ങിയതായതായിരുന്നു, അവര്‍ ബിരുദദാരികളല്ലാത്തതിനാലാണ് പ്രശ്‌നമായത്, ഡ്യൂപ്‌ളികേറ്റ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റു ചെയ്തു കൊടുക്കുന്ന കാസര്‍ഗോഡ് എംബസി എന്ന പേരില്‍ വിളിക്കുന്ന സംഘങ്ങളില്‍ നിന്ന് സാധനം കിട്ടും പക്ഷേ പിടിക്കപ്പെട്ടാല്‍ പുലിവാലാണ് ....പിന്നെയുള്ള ഒരു ഐഡിയ യു.എ.ഇ. ഒമാന്‍ അതിര്‍ത്തിയിലുള്ള അല്‍ഐന്‍ എന്ന സ്ഥലത്തിനടൂത്തുള്ള ബുറൈമി എന്ന സ്ഥലത്തുനിന്നുള്ള ഫ്രീ വിസയാണ്.ഒമാന്‍ എന്ന രാജ്യത്തിലെ വിസയായതിനാലും പണം കിട്ടിയാല്‍ ഫ്രീ വിസ എത്ര വേണമെന്‍കിലും എടുത്തു കൊടുക്കുന്ന അറബികള്‍ ഉള്ളതിനാലും എഴുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഇന്ത്യന്‍ രൂപ കൊടുത്താല്‍ സാധനം കൈയ്യില്‍ കിട്ടും..ഫ്രീ വിസ എന്ന രീതിയില്‍ ഔദ്യോഗികമായ വിസ ഇല്ലാത്തതിനാലും മറ്റു സ്‌പോണ്‍സര്‍മാരുടെ കീഴില്‍ ജോലിയെടുക്കുന്നത് നിയമവിരുദ്ധമായതിനാലും കൂടുതല്‍ പേര്‍ അത്തരത്തിലുള്ള വിസകള്‍ക്ക് മുതിരാറില്ല.അങ്ങനെ ബുറൈമി വിസയില്‍ ജോലി നോക്കുന്ന നിരവധിപേരുണ്ടെങ്കിലും...
ഇപ്പോള്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ശക്തമായ പരിശോധനയുള്ളതിനാല്‍ അത്തരം പോക്കുവരവുകള്‍ ഒരു പരിധി വരെ അവസാനിച്ചു എന്നുതന്നെ പറയാം...ആയിടെയാണ് എന്റെ മാമന്റെ കമ്പനിയ്ക്കും ഇതേ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നത് മാമന്റെ ഒരു ബന്ധുവിന് അത്യാവശ്യമായി വിസയെടുക്കേണ്ടി വന്നതിനാല്‍ ബുറൈമി വിസയെ ആശ്രയിക്കേണ്ടി വന്നു..ഇന്ത്യയുടെ ഒരു ലക്ഷം രൂപ അതായത് യു.എ.ഇ.യുടെ എട്ടായിരത്തോളം ദിര്‍ഹവുമായി ഉടന്‍ ബുറൈമിയിലെത്താന്‍ അറബി വിളിച്ചു പറയുന്നു...മാമനാണെങ്കില്‍ നല്ല തിരക്കില്‍,ഞാന്‍ ആയിടെ എത്തിയിട്ടേ ഉള്ളൂ..., കൈയ്യില്‍ പണം തന്ന് ഉടന്‍ എത്തിക്കാന്‍ എന്നെത്തന്നെ ഏല്പ്പിച്ചു...ബുറൈമിയിലേക്കുള്ള യാത്രയാണ് രസം, ഇരുനൂറിലേറെ കിലോമീറ്റര്‍ ഓടണം, കണ്ണെത്താദൂരം മരുഭൂമിയിലൂടെയുള്ള യാത്ര, ആള്‍വാസമില്ലാത്ത ഭീതിജനകമായ പാത! ദുബായില്‍ നിന്നുള്ള ഔദ്യോഗിക ടാക്‌സികള്‍ വിരളമായേ കിട്ടൂ പിന്നെ ആശ്രയം നമ്മുടെ കഥാനായകന്മാരായ കള്ളടാക്‌സികള്‍ തന്നെ,
ധാരാളം പാകിസ്താനികള്‍ ദുബായ്ബുറൈമി സര്‍വ്വീസ് നടത്തുന്നുണ്ട്...കുളിക്കാത്ത, പല്ല് തേക്കാത്ത, താടിവടിക്കാത്ത, ഭീകരകായന്മാരായ മനുഷ്യര്‍...ആളും തരവും ഒത്താല്‍ യാത്രക്കാരെ കൈയ്യേറ്റം ചെയ്ത് മോഷണം നടത്തുന്ന സംഘാംഗങ്ങള്‍ െ്രെഡവര്‍മാരില്‍ത്തന്നെയുണ്ട്! ഇത്തരം ഭീതിജനകമായ് കഥകള്‍ അവിടങ്ങളില്‍ പോയി വരാരുള്ളവര്‍ പൊടിപ്പും തൊങ്ങലും വച്ച് പറയുന്നത് കേള്‍ക്കാറുമുണ്ട്...മൂന്ന് പാക്കിസ്ഥാനികളാണ് സഹയാത്രികരെങ്കില്‍ ഒരു മലയാളി അവരുടെ കൂടെ കയറില്ല,
രണ്ട് പേര്‍ പാകിസ്താനികളാണെങ്കിലും ബാക്കി രണ്ട് മലയാളികള്‍ക്ക് കൂടെപ്പോകാന്‍ പേടിയാണ് മലയാളികളേക്കാള്‍ ശാരീരിക ക്ഷമത കൂടുതലും ബുദ്ധി കുറവുമാണല്ലോ അവര്‍ക്ക്...
അങ്ങനെ ഞാന്‍ കള്ളടാക്‌സിക്കാരുടെ ഏരിയയില്‍ നാലു മലയാളികള്‍ കൂടുന്നതു വരെ കാത്തു നിന്നു...ആളെകിട്ടുന്നില്ല, നേരം വൈകുന്നു, അപരിചിതമായ സ്ഥലത്തേയ്ക്കാണ് പോകുന്നത്,കേട്ടുപരിചയം പോലുമില്ല, സ്ഥലം കണ്ടെത്തി, ആളെ കണ്ടെത്തി പണം ഏല്പ്പിക്കണം....വിസ കൈയ്യോടെ വാങ്ങണം ഇരുട്ടിയാല്‍ പ്രശ്‌നമാകും...ഒടുവില്‍ ആളെകിട്ടി, ഒരു മലയാളി, ഞാന്‍, ഒരു ആന്ധ്രക്കാരന്‍, ഒരു പാക്കിസ്താനി, പാക്കിസ്താനി ഡ്രൈവറും...ആശ്വാസയാത്രയ്ക്കിനിയെന്തുവേണം?
യാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു...പണം കൈയ്യിലുണ്ട്... തെല്ലും ഭയമില്ല, കൂടെയുള്ളത് മൂന്നും ഇന്ത്യക്കാരാണല്ലോ...?വഴിയില്‍ ആളിറങ്ങും എന്ന ഒന്ന് ഉറക്കത്തില്‍പോലും ആലോചിക്കാത്ത കാര്യമാണ് മരുഭൂമിയില്‍ ആരാണിറങ്ങാന്‍...? നിര്‍ഭാഗ്യമല്ലാതെന്തു പറയാന്‍...യാത്രതുടര്‍ന്ന ഉടനെ ഒരു കാള്‍ വന്നു, മലയാളിക്കെന്തോ അത്യാവശ്യകാര്യത്തിന് തിരികെ കമ്പനിയിലേക്ക് പോണം....ആദ്യം പറഞ്ഞുറപ്പിച്ച പതിനഞ്ച് ദിര്‍ഹം കൊടുത്ത് അയാളിറങ്ങിപ്പോയി....ആന്ധ്രക്കാരന്റെ സ്ഥിതികേള്‍ക്കേണ്ടേ...?അയാള്‍ മരുഭൂമിയിലുള്ള ഒട്ടകഫാമിലെ ജോലിക്കാരനാണ്..പാതിവഴിയിലയാളുമിറങ്ങിയപ്പോയി....കാല്‍മുട്ട് കൂട്ടിയിടിയ്ക്കാനിനിയെന്തുവേണം...?
ഇപ്പോള്‍ ഞാനും രണ്ട് 'പച്ച'കളും മാത്രമാണ് ഇപ്പോള്‍ വണ്ടിയില്‍അവരുടേതായ പഷ്തു ഭാഷയില്‍ അവരെന്തൊക്കെയോ സംസാരിക്കുന്നു...പാകിസ്താനി നാടോടിഗാനം സ്റ്റീരിയോവിലൂടെ ഒഴുകി വരുന്നു,മൊബൈല്‍ റേഞ്ച ്‌പോലുമില്ലാത്തയിടം! ഞാനൊറ്റയ്ക്ക്, ഒരു ലക്ഷത്തോളം രൂപയുമായി, അത്രയ്ക്ക് സ്പഷ്ടമായി ഉറുദു സംസാരിക്കാനുമറിയില്ല,പോകേണ്ടിടത്തെക്കുറിച്ചും വ്യക്തമായ ധാരണയില്ല....നേരം ഇരുട്ടിത്തുടങ്ങുന്നു.....
പെട്ടെന്ന് വലതു വശത്ത് കണ്ട പള്ളിയിലേക്ക് പാകിസ്താനി വണ്ടി തിരിക്കുന്നു, 'നമാസ് കര്‍ക്കീ ആയേഗാ,ആവോനാ' എന്നെന്നോട് പറയുന്നു,'നഹീം മേം ഹിന്ദു ഹും, ''ഹിന്ദുസ്ഥാനീ ഹേ ക്യാ, തും ലോഗ് ക്യോം നമാസ് നഹീം കര്‍ത്തേ?'പരിഹാസ രൂപേണ ചോദിക്കുന്നു, ചോദ്യങ്ങള്‍ക്ക് മറുപടി അറിയാഞ്ഞിട്ടല്ല, ഉടക്കിനുള്ള സമയമല്ല, സമയവുമില്ല,ക്യാ ഹോ രഹേ ഭായ്', അങ്ങിങ്ങായി പാര്‍ക്കു ചെയ്ത വണ്ടികളില്‍ നിന്ന് ഒന്ന് രണ്ട് പാക്കിസ്താനികള്‍ കൂടി ഇറങ്ങി വന്നു...എന്തൊക്കെയോ സംസാരിച്ച് അവര്‍ പള്ളിയിലേക്ക് കയറി.
എന്തു ചെയ്യണമെന്നറിയില്ല,കൈയ്യിലൊരായുധം പോലുമില്ല,ഒരു പ്രത്യാക്രമണം വേണ്ടി വന്നാല്‍?ചുറ്റും കണ്ണെത്താ ദൂരം മരുഭൂമി, അങ്ങിങ്ങായി മണലുതിന്നുന്ന ഒട്ടകങ്ങള്‍ മാത്രം,പണം മെല്ലെ അണ്ടര്‍വെയറിനകത്ത് വെച്ച് രണ്ടും കല്പ്പിച്ച് വണ്ടിയ്ക്ക് പുറത്തിറങ്ങി നിന്നു,നിസ്‌കാരം കഴിഞ്ഞവര്‍ പുറത്തിറങ്ങി വന്നു, തിരികെ വണ്ടിയില്‍ കയറി. വണ്ടി നീങ്ങി, പേടിയൊന്നുമില്ലെന്നറിയിക്കാന്‍ ഞാന്‍ അറിയാവുന്ന ഹിന്ദിപ്പാട്ടുകളൊക്കെ ഉറക്കെ പാടിക്കൊണ്ടിരുന്നു.ഗിയര്‍ ന്യൂട്രലിലാക്കി, ആക്‌സിലേറ്റര്‍ അമര്‍ത്തുമ്പോഴുണ്ടാകുന്ന പോലെ ഒരുശബ്ദം കേട്ടു, ഉടന്‍ അയാള്‍ വണ്ടി ഒരൊഴിഞ്ഞ ഭാഗത്തേയ്ക്ക് ഒതുക്കി നിര്‍ത്തി. ഗാഡീ കറാബ് ഹോഗയാ,' എന്ന് പറഞ്ഞു വണ്ടിയില്‍ നിന്നിറങ്ങുന്നു,ബോണറ്റ് പൊക്കി നോക്കുന്നു, എന്നോടുമിറങ്ങാന്‍ ആവശ്യപ്പെടുന്നു...കരളുപിടയ്ക്കുവാനിനിയെന്തു വേണം?മേരാ മൊബൈല്‍ മേം പൈസാ നഹീ' എന്നു പറഞ്ഞു മറ്റെയാള്‍ എന്റെ കീശയില്‍ നിന്നും മൊബൈല്‍ എടുക്കുന്നു, ആരുടെയോ നമ്പര്‍ ഡയല്‍ ചെയ്യുന്നു....ഒരു മല്പ്പിടുത്തത്തിനുള്ള സമയമായെന്ന് ഞാനുറപ്പിച്ചു, ഒരിക്കലും ജയിച്ചുകേറില്ലെന്നുറപ്പുള്ള ഒരു യുദ്ധത്തിന് കാഹളം മുഴങ്ങി, ഈ മരുഭൂമിയിലെ മണല്‍ വിടവുകളില്‍ അലിഞ്ഞു ചേരാനാകും എന്റെ നിയോഗം എന്നോര്‍ത്തു, ഞാന്‍ സര്‍വ്വ സന്നദ്ധനായി, അറിയാവുന്നവരുടെ മുഖങ്ങളൊക്കെ മനസ്സിലൂടെ ഒരു ഫിലിം സ്ട്രിപ് പോലെ കറങ്ങിപ്പോയി....
ദുബായ് പോലീസിന്റെ വാഹനത്തിന്റെ സൈറണ്‍, ഒരശരീരി പോലെ കേള്‍ക്കുന്നു,വളവുതിരിഞ്ഞൊരു ബി.എം.ഡബ്‌ള്യു ഫോര്‍വീലര്‍ ഞങ്ങളുടെയടുത്തേയ്ക്ക് വരുന്നു,
വേനലില്‍ വരണ്ട മണല്‍ നാവുകളിലേക്ക് നിലനില്പ്പിന്റെ ഒരു മഴച്ചാറ്റലായി അത് കടന്ന് വരുന്നു,ധൈര്യസമേതം ഞാന്‍ റോഡിലേക്ക് ചാടിയിറങ്ങി,എന്തായാലും വേണ്ടില്ല കൈകാട്ടി നിര്‍ത്താം, കാര്യം പറയാം, അവര്‍ സഹായിക്കാതിരിക്കില്ല,ഒരു ശരം പോലെ വണ്ടി എന്നെ കടന്നുപോയി....സര്‍വ്വാഗം തളരുവാനിനിയെന്തുവേണം?തൊട്ടു പിന്നില്‍ ഒരു ടൊയോട്ടോ കൊറോള, െ്രെഡവറുടെ മീശയും കഷണ്ടിയും കണ്ടപ്പോള്‍ ഉറപ്പിച്ചു, മലയാളികളാവും, റോഡിലേക്ക് ചാടിയിറങ്ങി കൈകാട്ടി, പഠാണികളുടെ കൈകൊണ്ട് മരിക്കുന്നതിനേക്കാല്‍ നല്ലതല്ലേ ഒരു വണ്ടിയിടിച്ച് മരിക്കുന്നത്, ഒരു പക്ഷേ ഡെഡ്‌ബോഡിയെങ്കിലും ഉറ്റവര്‍ക്ക് കാണാന്‍ കഴിഞ്ഞേക്കും...
വണ്ടി എന്റെ മുന്നില്‍ ഒരലര്‍ച്ചയൊടെ നിന്നു,കാര്യം പറയുന്നതിന് മുന്‍പ് തന്നെ ഞാന്‍ വണ്ടിയിലേയ്ക്ക് ചാടിക്കയറി, ഒറ്റ ശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു,തര്‍ക്കത്തിനൊന്നും നില്ക്കണ്ടാ, നമുക്ക് വണ്ടി വിടാം, അല്‍ ഐനില്‍ ഇറക്കിത്തരാം എന്നു പറഞ്ഞ് ആ മലയാളികള്‍ എന്നെയും കൊണ്ട് പറന്നു....
ഇവിടെ വരെയെത്തിയതിന്റെ പൈസകൂടി തരാതെ ആ മലബാറി ഞങ്ങളെ പറ്റിച്ചു കൊണ്ട് കടന്നുകളഞ്ഞല്ലോ എന്നോ, അതോ,വണ്ടി ഒന്ന് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ കൂടി നില്ക്കാതെ ഹിന്ദി കടന്നു കളഞ്ഞല്ലോ അതോ,കൈയില്‍ കിട്ടിയ നല്ലൊരു ഇരയെ കൈവിട്ടു പോയല്ലോ എന്നോ എന്താവും ആ പാക്കിസ്താനികള്‍ ചിന്തിച്ചിട്ടുണ്ടാവുക.....?
ranjidxb@gmail.com
(69.23%) (13 Votes)
Explore Mathrubhumi





