LATEST NEWS

Loading...

Custom Search
Pravasi Blog

പ്രവാസ ജീവിതത്തില്‍ നിങ്ങള്‍ക്കുമില്ലേ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍? അവ സന്തോഷിപ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ ആവട്ടെ. ഞങ്ങള്‍ക്കെഴുതുകയോ ബ്ലോഗ് ലിങ്കുകള്‍ അയക്കുകയോ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക

+ -

പ്രവാസി സത്യങ്ങള്‍

ജെര്‍സണ്‍ സെബാസ്റ്റ്യന്‍

Posted on: 28 Sep 2014

 

ഒരു മനുഷ്യന്‍ കുറച്ചു കാലം പ്രവാസിയാകുന്നത് ശിഷ്ടകാലം നാട്ടില്‍ കഴിയാനാണ്. പക്ഷെ ഫലത്തില്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രവാസിയാവാന്‍ വിധിക്കപ്പെട്ടു തടവിലെന്ന പോലെ അവനു കഴിയേണ്ടി വരുന്നു. നാട്ടില്‍ നിന്നും ആദ്യമായ് ഗള്‍ഫിലേക്ക് ചേക്കേറുമ്പോള്‍ മനസ്സ് നിറയെ കനവാണ്. അയല്‍വീട്ടിലെ ഗള്‍ഫുകാരനെ പോലെ അല്ലെങ്കിലും ഇത്തിരി സ്ഥലം വാങ്ങിച്ചു വീട് പണിയണം. പെങ്ങന്മാരെ നല്ല നിലയില്‍ കെട്ടിക്കണം. മക്കളെ നല്ല സ്‌കൂളില്‍ അയച്ചു പഠിപ്പിക്കണം. പക്ഷെ ഇവിടെ ഗള്‍ഫില്‍ മരുഭൂമിയുടെ മടുപ്പിക്കുന്ന ചുട്ടുപഴുത്ത മണലിന്റെ മണവും ഇന്ധനപ്പുകയും, യന്ത്രങ്ങളുടെ ശബ്ദവും എന്നും കാണുന്ന ഒരേ കാഴ്ചകളും കെട്ടിടങ്ങളും കഫീലും ഫോര്‍മാനും സുപ്പര്‍വൈസ്സറും മാനേജരും ഒക്കെക്കൂടി ദിവസം മുഴുവന്‍ മനസ്സിനെ മുരടിപ്പിക്കുന്ന അവസ്ഥ. രാവിലെ ക്യാമ്പില്‍ കിട്ടുന്ന ഉണക്ക കുബ്ബൂസിന്റെയും പരിപ്പ് കറിയുടെയും ഉച്ചക്ക് കിട്ടുന്ന പച്ചരിചോറിന്റെയും തൈരിന്റെയും ബലത്തില്‍ വേണം പിടിച്ചു നില്ക്കാന്‍. ഇതിനിടക്ക് മനുഷ്യന്റെ ശരീര ഊഷ്മാവിന്റെ മൂന്നിലൊന്നു ശതമാനം കൂടിയ ചൂടും താങ്ങി വിയര്‍ത്തൊലിച്ചു വേണം വൈകുന്നേരം ക്യാമ്പിലെ ഡബിള്‍ഡെക്കര്‍ ബെഡ് ഉള്ള മുറിയിലെത്താന്‍. അപ്പോ ഡ്യൂട്ടിക്കിടയില്‍ കിട്ടിയ ശകാരങ്ങളായിരിക്കും മനസ്സ് നിറയെ. അറബിയുടെയോ ഉത്തരേന്ത്യന്‍ ബോസ്സിന്റെയോ തെറി കേള്‍ക്കേണ്ടി വരുന്ന മലയാളിയായ തൊഴിലാളികള്‍ നാട്ടില്‍ ലീവിന് പോകുമ്പോള്‍ കോണ്‍ട്രാക്ട് പണിക്കു വരുന്ന ബംഗാളികളെ ഇതോര്‍ത്തിട്ടു തെറി പറയാതിരിക്കട്ടെ. കവറോളും സേഫ്ടി ഷൂസും അഴിക്കുമ്പോള്‍ എന്തോ രണ്ടു വലിയ ഭാരങ്ങള്‍ ഇറക്കി വെക്കുന്നത് പോലെയാണ്. മിക്ക പ്രവാസികളും ഒന്നാശ്വസിക്കുന്നത് ലീവിന് പോകുമ്പോഴാണ്. ജൂണ്‍ ജൂലൈ മാസങ്ങളില്‍ നാട്ടിലെത്തിയാല്‍ ഗള്‍ഫിലെ ചൂടില്‍ നിന്നും ആശ്വാസവും കിട്ടും നാട്ടിലെ മഴയും കാണാം. പെറ്റമ്മയുടെ വാത്സല്യവും കുഞ്ഞു മക്കളുടെ ഓമനത്വവും നഷ്ട്ടമാവുന്ന പ്രവാസിക്ക് ലാഭങ്ങളെക്കാള്‍ ബാക്കിയാവുക ഈ നഷ്ട്ടങ്ങള്‍ ആയിരിക്കും. നാട്ടിലാണെങ്കില്‍ കിളികളുടെയും കാക്കകളുടെയും കരച്ചില്‍ കേട്ടുണരാം. നനുത്ത മഞ്ഞിന്‍ കുളിരില്‍ മൂടിപ്പുതച്ചുറങ്ങാം. തട്ടിയെണീപ്പിക്കാന്‍ മൊബൈലില്‍ അലാറം സെറ്റ് ചെയ്യണ്ട. എണീറ്റാലുടന്‍ അമ്മയുടെ ചായയെത്തും. വല്ലപ്പോഴും കൂടെ കാണുന്നതല്ലേ. സ്‌നേഹം ഇരട്ടിക്കും. മുറ്റത്തെ പുല്ലില്‍ പറ്റിയിരിക്കുന്ന കുഞ്ഞു മഴവില്ല് കാണാം. പാല്‍ക്കാരനെയും, പത്രക്കാരനെയും, മീന്‍കാരനേയും കാണാം. അടുക്കളയില്‍ ജോലി ചെയ്യുന്ന അമ്മയോടിത്തിരി കുശലവും ചൊല്ലി രാവിലെ തന്നെ റോന്തു ചുറ്റാനിറങ്ങാം. ഒരു ബോസ്സുമില്ല നിയന്ത്രണവുമില്ല. ആല്‍ത്തറയിലും കലുങ്കിലും ഇരുന്നു സൊറ പറയാം. നാട്ടു ചായക്കടയിലെ കടയപ്പവും കഴിച്ചു ചായയും കുടിച്ചു പത്ര പാരായണം നടത്തി കാവിലെ ഉത്സവവും പള്ളിപ്പെരുന്നാളും കണ്ടു കറങ്ങി നടക്കാം. ഉച്ചയൂണും കഴിഞ്ഞു ഒന്ന് മയങ്ങി വൈകുന്നേരം കൂട്ടുകാരുമായ് ചുറ്റിയടിക്കാം. പറ്റുമെങ്കില്‍ ഒരു വിനോദയാത്ര നടത്തി ആനന്ദിക്കാം. എത്ര നേരത്തെ വേണമെങ്കിലും കിടക്കാം. പാചകം ചെയ്യണ്ട. തുണി കഴുകണ്ട. എത്ര താമസിച്ചു വേണമെങ്കിലും കിടക്കാം. രാവിലെ എണീറ്റ് ഡ്യൂട്ടിക്ക് പോവണ്ട. രണ്ടു മാസത്തെ അവധി തീര്‍ന്നു തിരികെ പോവാറാകുമ്പോള്‍ പ്രവാസിയുടെ നെഞ്ച് ഒന്ന് പെടക്കും. വീണ്ടും പ്രവാസ ജീവിതത്തിന്റെ ഓര്‍മകളിലേക്ക് ഒരു മടക്കയാത്ര. എന്ന് തീരും ഈ പ്രവാസം. ആര്‍ക്കറിയാം. പ്രിയപ്പെട്ടവരെ പിരിഞ്ഞു ഓര്‍മ്മകള്‍ ടാക്‌സിയില്‍ കയറി എയര്‍പോര്‍ട്ടിലെത്തി ഫ്ലൈറ്റ് പൊങ്ങിക്കഴിയുമ്പോള്‍ ഒരു വിങ്ങല്‍ ആണ്. ഇനി അടുത്ത വെക്കേഷന്‍ വരെ കാത്തിരിക്കണം.


(0%) (0 Votes)
x