മയാമി: കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 18-നു വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. വൈകീട്ട് 7 മണിക്ക് കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സാജന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി മുഖ്യാതിഥി എഴുത്തുകാരനും, നോവലിസ്റ്റുമായ ജോണ്‍ ഇളമത മംഗളദീപം കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. അതേ തുടര്‍ന്ന് പെംബ്രൂക്ക് പൈന്‍സ് സിറ്റി വൈസ് മേയര്‍ ഐറിസ് സൈപ്പിള്‍, സമീപ പ്രദേശങ്ങളിലെ വിവിധ ദേവാലയങ്ങളിലെ വൈദികരായ ഫാ.തോമസ് കൊട്ടുകാപ്പള്ളി, ഫാ.ജോര്‍ജ് ജോണ്‍, ഫാ.ഡോ. ജോയി പൈങ്ങോലില്‍, ഫാ.കുര്യാക്കോസ് പുതുപ്പാടി, പ്രസിഡന്റ് സാജന്‍ മാത്യു എന്നിവരും മംഗളദീപം തെളിയിച്ച് ഭാവുകങ്ങള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് വര്‍ഗീസ് ഏബ്രഹാം, തൃക്കാക്കര ഭാരത് മാതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഐപ്പ് തോമസ് എന്നിവര്‍ ആശംസയര്‍പ്പിച്ചു.

പ്രസിഡന്റ് സാജന്‍ മാത്യു തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഈവര്‍ഷം സമാജം നടത്തുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ചും സമാജത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള പോഷകസംഘടനകളായ എല്‍ഡേഴ്സ് ഫോറം, വിമന്‍സ് ഫോറം, യൂത്ത് ഗ്രൂപ്പ്, കിഡ്സ് ക്ലബ്, ഈവര്‍ഷം പുതുതായി ആരംഭിക്കുന്ന സാഹിത്യവേദി, ഡിബേറ്റ് ഫോറം, കിഡ്സ് ക്ലബിനോട് ചേര്‍ന്നുള്ള റീഡിംഗ് ക്ലബ് എന്നിവയുടെ ആവശ്യകതയെപ്പറ്റിയും പ്രവര്‍ത്തന പരിപാടികളെപ്പറ്റിയും വിശദീകരിച്ചു. സമാജത്തിന്റെ വിവിധ പോഷകസംഘടനകളെ പ്രതിനിധീകരിച്ച് ജോര്‍ജ് നെടുവേലില്‍, ജോയി കുറ്റിയാനി, സോണിയാ സജി, ജോണ്‍സണ്‍ മാത്യു, പ്രീതി ചോവൂര്‍, ജീവന്‍ വാത്തെലില്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു., കേരള സമാജം സെക്രട്ടറി ഷിജു കല്ലാടിക്കല്‍ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തുകയും ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി പദ്മകുമാര്‍ കെ.ജി നന്ദി രേഖപ്പെടുത്തി. എംസിമാരായി പ്രവര്‍ത്തിച്ച ഡെല്‍വിയ വാത്തെലില്‍, ഡാര്‍ലി സെബാസ്റ്റ്യന്‍ എന്നിവരെ കമ്മിറ്റി മെംബര്‍ ബോബി മാത്യു സദസ്സിനു പരിചയപ്പെടുത്തി. 

തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ സൗത്ത് ഫ്ളോറിഡയിലെ പ്രശസ്ത ഡാന്‍സ് സ്‌കൂളുകളായ ദി ടെംപിള്‍ ഓഫ് ഡാന്‍സ്, റിഥം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്നീ ഡാന്‍സ് സ്‌കൂളുകളിലെ കുട്ടികളുടെ മനോഹരമായ ഡാന്‍സുകള്‍, 'അലക്സാണ്ടര്‍ ദി ഗ്രേറ്റ്' എന്ന ചെറുനാടകം, ജസ്റ്റിന്‍ (തോമസ് ജോസഫ്), സിനി ഡാനിയേല്‍, ഡയാന ജിമ്മി, ഏബല്‍ റോബിന്‍സ്, ചാര്‍ലി പേരത്തൂര്‍, ശ്രീജിത് കാര്‍ത്തികേയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗംഭീര ഗാനമേളയും ഉദ്ഘാടന പരിപാടികള്‍ക്ക് കൊഴുപ്പേകി. കുര്യാക്കോസ് പൊടിമറ്റം രചനയും, സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ എത്തിയ 'അലക്സാണ്ടര്‍ ദി ഗ്രേറ്റ്' എന്ന നാടകത്തില്‍ ശ്രീജിത്ത് കാര്‍ത്തികേയന്‍, വിജിന്‍ വര്‍ഗീസ്, ബാബു കല്ലിടുക്കില്‍, ജോയ് മത്തായി, ഗീതു ജയിംസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. കാണികള്‍ക്ക് വ്യത്യസ്തമായ ഒരു ആസ്വാദനാനുഭവം നല്‍കിയ ഈ നാടകത്തിന്റെ രംഗ സജ്ജീകരണവും മറ്റു അണിയറ പ്രവര്‍ത്തനങ്ങളും നിര്‍വഹിച്ചത് ബിജു ഗോവിന്ദന്‍കുട്ടി, ഷിബു ജോസഫ് എന്നിവരാണ്. മനോഹരമായ പശ്ചാത്തല സംഗീതംകൊണ്ട് ബിനു ജോസും, ഗംഭീര അവതരണ ശബ്ദം കൊണ്ട് ജോജോ വാത്തെലില്‍, വിനോദ് കുമാര്‍ നായര്‍ എന്നിവരും നാടകത്തെ മികവുറ്റതാക്കിത്തീര്‍ത്തു. 

കേരള സമാജത്തിന്റെ ഈവര്‍ഷത്തെ ഉദ്ഘാടന പരിപാടികള്‍ വന്‍ വിജയമാക്കി തീര്‍ത്ത എല്ലാ സൗത്ത് ഫ്ളോറിഡ മലയാളികളോടും നന്ദി അറിയിക്കുന്നതായും, ഈവര്‍ഷത്തെ മറ്റു പരിപാടികളും വിജയപ്രദമാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും അഭ്യര്‍ത്ഥിക്കുന്നതായും പ്രസിഡന്റ് സാജന്‍ മാത്യുവും, സെക്രട്ടറി ഷിജു കാല്‍പടിക്കേലും അറിയിച്ചു. 

ജോയിച്ചന്‍ പുതുക്കുളം