ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തിഡ്രലിന്റെ ഒരുതുടര്‍ച്ചയായി നോര്‍ത്ത് ബ്രുക്കില്‍ സ്ഥിതി ചെയ്യുന്ന 'അവര്‍ ലേഡി ഓഫ് ദ ബ്രുക്ക് കാത്തിലിക്ക് ചര്‍ച്ച്' ഉദ്ഘാടനം ചെയ്യപ്പെട്ടു. അന്നേ ദിവസം ഈ പള്ളിയുടെ പാസ്റ്റര്‍ ഫാ.റോബര്‍ട്ട് പി.ഹെയിന്റ്സ് തങ്ങളുടെ പ്രഥമ വി.ബലിയര്‍പ്പണത്തിനായി ഇടവക സമൂഹത്തോടൊപ്പം അവിടെയെത്തിയ സീറോ മലബാര്‍ സഭാധികാരികളെ സ്വീകരിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി സീറോ മലബാര്‍ സഭാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ അധ്യക്ഷതയില്‍ യോഗം കൂടുകയും കത്തീഡ്രല്‍ വികാരി ഡോ.അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ ഏവരെയും ഈ ആരാധനാലയത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ഈ ആരാധനാലയം വിശുദ്ധ ബലിയര്‍പ്പണത്തിനായി നമുക്ക് ലഭിച്ചത് ദൈവമഹത്വമാണെന്നും ഇതിനുപിന്നില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ജേക്കബ് മാത്യു പുറയംപള്ളി, മാത്തുക്കുട്ടി ആലുംപറമ്പില്‍ എന്നിവര്‍ക്കും 2014-2016 ലെ കൈക്കാരകന്മാരായിരുന്ന ആന്റണി ഫ്രാന്‍സിസ്, മനീഷ് തോപ്പില്‍, പോള്‍ പുളിക്കന്‍, ഷാബു മാത്യു, നിലവിലുള്ള കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍, സിബി പാറേക്കാട്ട്, പോള്‍ വടകര, ജോസഫ് കണിക്കുന്നേല്‍ എന്നിവര്‍ക്കും പാരിഷ് കൗണ്‍സില്‍ മെംബേഴ്സിനും മറ്റെല്ലാ അഭ്യുദയകാംക്ഷികള്‍ക്കും, ഫാ.അഗസ്റ്റിന്‍ ഈയവസരത്തില്‍ ആത്മാര്‍ത്ഥമായ നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാിയത്ത് ഔപചാരികമായി ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. അതേതുടര്‍ന്ന് അദ്ദേഹത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപരമായ ദിവ്യബലിയര്‍പ്പിച്ചു. ഡോ.അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, അസി.വികാരി ഡോ.ജെയിംസ് ജോസഫ്, ഫാമിലി അപ്പാസ്റ്റലറ്റ് ഡയറക്ടര്‍ ഫാ.പോള്‍ചാലിശ്ശേരി, രൂപതാ ഫൈനാന്‍സ് ഓഫീസര്‍ ഫാ.ജോര്‍ജ് മാളിയേക്കല്‍, ഫാ.കാര്‍ളോസ്, ഫാ.പോള്‍ ചൂരത്തൊട്ടിയില്‍, ഫാ.ജോണസ്, ഫാ.ജോണ്‍സണ്‍ ഊക്കന്‍ എന്നിവര്‍ സഹകാര്‍മ്മികതരായിരുന്നു. പോളി വത്തിക്കളത്തിന്റെ നേതൃത്വത്തില്‍ ഇടവകയിലെ ഗായകസംഘം ഗാനാലാപനം നടത്തി. ജേക്കബ് മാത്യു പുറയംപള്ളില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. വി.കുര്‍ബാനയ്ക്ക് ശേഷം നടന്ന സ്നേഹവിരുന്നോടെ ഉദ്ഘാടന പരിപാടികള്‍ സമാപിച്ചു.

എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 4 മുതല്‍ 8 മണി വരെയാണ് ഈ പള്ളിയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനായി അനുവാദം ലഭിച്ചിട്ടുള്ളത്. എല്ലാ ഞായറാഴ്ചയും വൈകീട്ട് 5 മണിക്ക് ഇവിടെ മലയാളം വി.കുര്‍ബാന ഉണ്ടായിരിക്കുന്നതാണെന്നും പങ്കെടുക്കണമെന്നും ഭാരവാഹികളും അറിയിച്ചു.

വിലാസം: 3700 Dudee Rd, North Brook, IL - 60062

വാര്‍ത്ത അയച്ചത് : ബ്രിജിറ്റ് ജോര്‍ജ്