ടൊറാന്റോ: ബ്രാംപ്ടണില്‍ പുതിയതായി പണിതീര്‍ത്ത ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാകര്‍മ്മം നടത്തി. ആചാരാനുഷ്ഠാനങ്ങളോടെ നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ തന്ത്രി ദിവാകരന്‍ നമ്പൂതിരി, മനോജ് തിരുമേനി എന്നിവരുടെ നേതൃത്വത്തിലുള്ള പൂജാരി സംഘം ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. കേരളീയ ശില്പകലാ മാതൃകയില്‍ വിസ്തൃതമായ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളോടുംകൂടി പണികഴിപ്പിച്ച പുതിയ ക്ഷേത്രം കടല്‍കടന്നുള്ള മറ്റൊരു ഗുരുപവനപുരിയായി നിലകൊള്ളുന്നു. കാനഡയില്‍ എന്നല്ല വടക്കേ അമേരിക്കയിലെ എല്ലാ ഭാരതീയര്‍ക്കും വിശേഷിച്ച് മലയാളികള്‍ക്ക് ഒരു ചരിത്രമുഹൂര്‍ത്തമായി തീര്‍ന്ന ചടങ്ങുകള്‍ക്കാണ് നാലുദിവസം സാക്ഷ്യം വഹിച്ചത്. കാനഡയിലും അമേരിക്കയില്‍ നിന്നും നിരവധി ഭക്തര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നു. ഗണപതിഹോമം, ഭഗവതിസേവ, അഖണ്ഡനാമജപം, മഹാസുദര്‍ശനഹോമം എന്നീ ചടങ്ങുകള്‍ പ്രതിഷ്ഠയോടനുബന്ധിച്ച് 3 ദിവസങ്ങളിലായി നടന്നു. പ്രതിഷ്ഠാ ദിനം മുതല്‍ നാമജപ മന്ത്രോച്ചാരണങ്ങള്‍ കൊണ്ട് മുഖരിതമായ ക്ഷേത്രാന്തരീക്ഷം മറ്റൊരു ദ്വാരകാപുരിയായി മാറി.

16 വര്‍ഷം മുമ്പ് ഒരു ചെറിയ മലയാളി കൂട്ടായ്മയില്‍ ഒരുത്തിരിഞ്ഞ ക്ഷേത്രമെന്ന ആശയ സ്വപ്നം നിരവധി കടമ്പകള്‍ കടന്ന് ഇന്ന് പൂവണിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് കാനഡയിലെ മലയാളികള്‍ ഏവരും. നിരവധി പേരുടെ സാമ്പത്തിക, ഭൗതിക സഹകരണങ്ങളും ആത്മാര്‍പ്പണവുമാണ് ഇതിനുപിന്നില്‍.

Guruvayoorappan temple


  
ഭാരതീയ, പ്രത്യേകിച്ച് കേരളീയ സാംസ്‌കാരിക പൈതൃകം വരുംതലമുറയ്ക്ക് പകര്‍ന്നുനല്‍കുവാനും, മാനവീയ ഐക്യത്തിനും ശാന്തിക്കും വേണ്ടി ക്ഷേത്രവും പ്രവര്‍ത്തനങ്ങളും നിലകൊള്ളുമെന്ന് ഡോ.പി.കെ.കുട്ടി (ട്രസ്റ്റ് ചെയര്‍മാന്‍) പറഞ്ഞു. കേരളീയമായ എല്ലാ ആചാരചടങ്ങുകള്‍ക്കും വിവാഹം, ചോറൂണ്, തുടങ്ങിയ എല്ലാ പ്രധാന കര്‍മ്മങ്ങള്‍ക്കും ഇനി കാനഡാ മലയാളികള്‍ക്ക് സൗകര്യമായി ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടത്താം. വരുംദിനങ്ങളില്‍ വിപുലമായ പൂജാവിധികളും, ഹൈന്ദവ വിശേഷചടങ്ങുകളും ക്ഷേത്രത്തില്‍ ഉണ്ടായിരിക്കും.

പ്രതിഷ്ഠാകര്‍മ്മത്തോടനുബന്ധിച്ച് നിരവധി പ്രതിഭകള്‍, കഥകളി, കുച്ചുപ്പുടി, സംഗീതവിരുന്ന് എന്നിവ ക്ഷേത്രാങ്കണത്തില്‍ നടത്തി. തുടര്‍ച്ചയായി മൂന്നു ദിവസങ്ങളിലും കുട്ടികളുടെ സംഗീതാര്‍ച്ചനയും സന്നിധിയില്‍ നടന്നു. എല്ലാ ദിവസവും പ്രസാദവിതരണം, ലഘുഭക്ഷണം എന്നിവയും നടത്തി. ദിവസേനയുള്ള പൂജകള്‍ക്കായും ക്ഷേത്രദര്‍ശനത്തിനായും എല്ലാ ദിവസവും നിരവധി ഭക്തര്‍ വന്നുകൊണ്ടിരിക്കുന്നു. 

വാര്‍ത്ത അയച്ചത് : ഹരികുമാര്‍ മാന്നാര്‍