LATEST NEWS

Loading...

Custom Search
+ -

അക്കരക്കാഴ്ചകള്‍ സിനിമ ക്രിസ്മസിന് ബോം ടിവിയില്‍ റിലീസ് ചെയ്യും

Posted on: 23 Dec 2012

 ന്യൂജേഴ്‌സി: അക്കരക്കാഴ്ചകള്‍ ദ മൂവി ക്രിസ്മസ് റിലീസായി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലെത്തുന്നു. അമേരിക്കന്‍- യൂറോപ്പ് മേഖലകളിലെ പ്രധാന ടെലിവിഷന്‍ വിതരണ ശൃംഖലയായ ബോം ടിവിയിലൂടെയും, ബോം ടിവിയുടെ വെബ് എഡിഷനായ യലേെീളാമഹമ്യമഹമാ.രീാ ലൂടെയുമാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ 24ന് അമേരിക്കന്‍ സമയം (ഇഎസ്ടി) വൈകുന്നേരം ഏഴുമുതലും, യു.കെ, യൂറോപ്പ് എന്നിവിടങ്ങളില്‍ ഡിസംബര്‍ 25ന് വെളുപ്പിന് (ജിഎംടി) 12 മണിക്കുമാണ് പ്രദര്‍ശനം ആരംഭിക്കുക. ബോം ടിവിയുടെ സെറ്റ്അപ് ബോക്‌സുകളായ ന്യൂലയണ്‍, ആന്‍ഡ്രോയ്ഡ്, സാംസങ്ങ് ഡിവൈസുകളിലും റോക്കുവിലും സിനിമ ലഭ്യമായിരിക്കും. ഒരുതവണ പേയ്‌മെന്റ് നടത്തിയാല്‍ 24 മണിക്കൂര്‍വരെ സിനിമ കാണാം.അമേരിക്കന്‍ മലയാളികളുടെ ജീവിതാനുഭവങ്ങള്‍ നര്‍മ്മവും നൊമ്പരവും കോര്‍ത്തിണക്കി ചിത്രീകരിച്ച ഈ സിനിമ 2011ല്‍ അമേരിക്കയിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. പിന്നണിപ്രവര്‍ത്തകര്‍ മുതല്‍ അഭിനേതാക്കള്‍ വരെ നൂറുശതമാനം അമേരിക്കന്‍ മലയാളികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ബോം ടിവിയുടെ ബാനറില്‍ ക്രിസ്റ്റഫര്‍ ജോണ്‍ നിര്‍മ്മിച്ച ചിത്രം അമേരിക്കന്‍ മലയാളികളായ അജയന്‍ വേണുഗോപാല്‍- അബി വര്‍ഗീസ് കൂട്ടുകെട്ടാണ് സംവിധാനം ചെയ്തിരിക്കുന്നത്. അജയന്‍ വേണുഗോപാല്‍ തിരക്കഥയും ഗാനരചനയും നിര്‍വഹിച്ചു. കേദാര്‍ കുമാറിന്റെ സംഗീതത്തില്‍ പ്രശസ്ത പിന്നണിഗായകന്‍ ഫ്രാങ്കോയാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പ്രശസ്ത ഗായകന്‍ ജി. വേണുഗോപാല്‍ ആലപിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ഹൈദര്‍ ബില്‍ഗ്രാമിയാണ് ഛായാഗ്രാഹകന്‍.

സമൃദ്ധിയുടെയും ആഢംബരത്തിന്റെയും പറുദീസയായ അമേരിക്ക എന്ന സ്വപ്‌നഭൂമിയില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ മലയാളി കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുമ്പോള്‍ പലര്‍ക്കുമത് തങ്ങളുടെ അനുഭവങ്ങളായി തോന്നുന്നത് യാദൃച്ഛികം മാത്രം.കൈരളി ടിവിയിലും പിന്നീട് യുട്യൂബിലും അരങ്ങുതകര്‍ത്ത അക്കരക്കാഴ്ചകള്‍ എന്ന ആക്ഷേപഹാസ്യ പരമ്പരയുടെ തുടര്‍ച്ചയായാണ് ഈ ചിത്രത്തിനു രൂപംനല്‍കിയിരിക്കുന്നത്. ജോര്‍ജ് തേക്കുംമൂട്ടില്‍ എന്ന ഇന്‍ഷ്വറന്‍സ് ഏജന്റിന്റെ വേഷത്തില്‍ ജോസുകുട്ടി വലിയകല്ലുങ്കല്‍ മുഖ്യകഥാപാത്രമാകുന്ന ഈ സിനിമയില്‍ ജേക്കബ് ഗ്രിഗറി ഗിറിഗിറി എന്ന വളരെ ശ്രദ്ധേയമായ ഒരു വേഷും കൈകാര്യം ചെയ്യുന്നുണ്ട്. റിന്‍സി എന്ന നഴ്‌സ് ആയി സജിനി സക്കറിയ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

2008ല്‍ ആരംഭിച്ച അക്കരക്കാഴ്ചകള്‍ പരമ്പരയ്ക്ക് ലോകമെമ്പാടും പ്രേക്ഷകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. യുട്യൂബില്‍ ഓരോ എപ്പിസോഡിനുമായി ആകാംക്ഷയോടെ കാത്തിരുന്ന പ്രേക്ഷകര്‍ അതിന്റെ ചരിത്രത്തില്‍ വമ്പന്‍ ഹിറ്റുകളാണ് ഓരോ എപ്പിസോഡിനും സമ്മാനിച്ചത്.

ജോര്‍ജ് തേക്കുംമൂട്ടില്‍ എന്ന മധ്യതിരുവിതാംകൂറിലെ നാട്ടിന്‍പുറത്തുകാരന്‍ അമേരിക്കയിലെത്തി ഇന്‍ഷ്വറന്‍സ് ഏജന്റായി കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങളാണ് സിനിമയിലെ ആകര്‍ഷണീയത. ജോര്‍ജിനു കൂട്ടായി ഗിറിഗിറി എന്ന മണ്ടത്തരങ്ങളുടെ തമ്പുരാന്‍കൂടി എത്തുമ്പോള്‍ ചിരിയുടെ മാലപ്പടക്കത്തിനു തിരിതെളിയുന്നു. ഒപ്പം അമേരിക്കന്‍ സ്വപ്‌നങ്ങള്‍ വാനോളംപേറി നടക്കുന്ന പൊങ്ങച്ചക്കാരിയായ ഭാര്യ റിന്‍സിയുടെ ആഗ്രഹങ്ങളും ജോര്‍ജുകുട്ടിയുടെ പിശുക്കുമെല്ലാം അബദ്ധപരമ്പരകളായി പ്രേക്ഷകരെ രസിപ്പിക്കുന്നു. ജോര്‍ജ്-റിന്‍സി ദമ്പതികളുടെ മക്കളായ മത്തായിക്കുഞ്ഞ്, ചക്കിമോള്‍, ജോര്‍ജിന്റെ അപ്പച്ചന്‍ തുടങ്ങിയവരും ചിരിക്കു മേമ്പൊടിയേകുന്ന കഥാപാത്രങ്ങളാണ്. നയാഗ്രാ വെള്ളച്ചാട്ടം കാണാന്‍ പോകുന്ന തേക്കിന്‍മൂട്ടില്‍ കുടുംബാംഗങ്ങളുടെ യാത്രയില്‍ തുടങ്ങുന്ന ഈ സിനിമ യാഥാര്‍ഥ്യങ്ങളുടെ വാതായനങ്ങളും തുറക്കുന്നുണ്ട്.സിനിമയുടെ പൂര്‍ത്തീകരണത്തിനുശേഷം ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ ലോകമെമ്പാടും നടത്തിയ സ്റ്റേജ് ഷോകളും വന്‍ പ്രശസ്തിനേടിയിരുന്നു.

അക്കരക്കാഴ്ചകള്‍ ദ മൂവി എന്ന സിനിമയിലൂടെ അഭ്രപാളിയിലെത്തിയ ജോസുകുട്ടിയും ഗ്രിഗറിയും ഇന്ന് മലയാളത്തിലെ തിരക്കുള്ള താരങ്ങളായി മാറിയിരിക്കുകയാണ്. ജോസുകുട്ടി ഇപ്പോള്‍ തന്റെ അഞ്ചാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കേരളത്തിലാണ്. ഗ്രിഗറിയാകട്ടെ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന സിനിമയില്‍ പ്രാധാന്യമുള്ള വേഷം കൈകാര്യംചെയ്യുന്നു. മറ്റു നിരവധി ഓഫറുകളുമുണ്ട് ഗ്രിഗറിക്ക്.

പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ് എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് അക്കരക്കാഴ്ചകളുടെ തിരക്കഥാകൃത്ത് അജയന്‍ വേണുഗോപാലാണ്. അജയന്റെ പെരുമ്പറ എന്ന ഷോര്‍ട്ട് ഫിലിം 2012 കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഫ്രാന്‍സിസ് തടത്തില്‍
(20%) (1 Vote)

 

 

Other News in this Section