ഐ.എം.എ ടെക്നിക്കല്‍ സെമിനാര്‍ വിജ്ഞാനപ്രദമായി
Posted on: 22 Dec 2012

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ പോഷകസംഘടനയായ ഐ.എം.എ യൂത്ത് ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ നടന്ന ടെക്നിക്കല്‍ സെമിനാര്‍ വിജ്ഞാനപ്രദമായി. ഡിസംബര്‍ 15ന് രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെ നൈല്‍സിലുള്ള ന്യൂ ചൈനാ റെസ്റ്റോറന്റിന്റെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന സെമിനാറില്‍ അനവധി കുട്ടികള്‍ പങ്കെടുത്തു.
കണക്ടിക്കട്ടിലെ സാന്റി ഹുക്ക് എലമെന്ററി സ്കൂളില്‍ നടന്ന വെടിവെയ്പില്‍ ജീവന് വെടിഞ്ഞ കുട്ടികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് സെമിനാര്‍ ആരംഭിച്ചത്. തുടര്‍ന്ന് ഐ.എം.എ പ്രസിഡന്റ് ഷാജന് ആനിത്തോട്ടം ഭദ്രദീപം കൊളുത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കംപ്യുട്ടര്വത്കരണത്തിന്റെ ഇക്കാലത്ത് സാങ്കേതികവൈദഗ്ധ്യവും പുത്തന്‍ അറിവുകളും സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ട് വളര്‍ച്ചയിലേക്ക് കുതിച്ചുയരാന്‍ യുവതലമുറയെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
വിവിധ മേഖലകളെക്കുറിച്ച് മൂന്നു സെഷനുകളിലായി നടത്തിയ സെമിനാറിന് പ്രമുഖ കംപ്യൂട്ടര്‍ സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാരായ റോബിന്.കെ.തോമസ്, ഫെബിന് മുത്തേരില്‍ എന്നിവര്‍ നേതൃത്വം നല്കി. നോര്‍ത്ത് ഈസ്റ്റേണ്‍ ഇല്ലിനോയി യൂണിവേഴ്സിറ്റി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും സ്വന്തമായി വീഡിയോ ഗെയിം വികസിപ്പിച്ച് പ്രശസ്തിയിലേക്കുയര്‍ന്ന എഞ്ചിനീയറുമായ എറിക് ബെല്‍ ഫൊണ്ടെയിന് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ എങ്ങനെ സ്വന്തമായി കംപ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കാമെന്ന് കാണിച്ചുതന്നു. പവര്‍പോയിന്റിന്റെ സഹായത്തോടെ മലയാളി എഞ്ചിനീയര്‍മാരായ റോബിനും ഫെബിനും നല്കിയ പാഠങ്ങള്‍ ഏറെ വിലപിടിച്ചതാണെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സെക്രട്ടറി ലൈജോ ജോസഫ് നന്ദി പറഞ്ഞു.
സെമിനാറിന് ഐ.എം.എ പ്രസിഡന്റ് ഷാജന് ആനിത്തോട്ടം, സെക്രട്ടറി ലൈജോ ജോസഫ്, യൂത്ത്ഫ്രണ്ട് പ്രസിഡന്റ് ജെറി കൊല്ലാപുരം, ഫോമാ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഐ.എം.എ കമ്മിറ്റി അംഗങ്ങളായ ജോബി ലൂക്കോസ്, രവീന്ദ്രന് കുട്ടപ്പന്, ഡൊമിനിക് ചൊള്ളമ്പേല്‍ എന്നിവര്‍ നേതൃത്വം നല്കി. സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
(0%) (0 Votes)
Explore Mathrubhumi
Other News in this Section





