LATEST NEWS

Loading...

Custom Search
+ -

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

Posted on: 19 Aug 2012

 

മയാമി: സഹനത്തിന്റെ ബലിവേദിയില്‍ യാഗമായി സ്വയം സമര്‍പ്പിച്ച് ഭാരതത്തിലെ ആദ്യ വിശുദ്ധയായി ഇന്ന് ലോകമെമ്പാടും അനേകായിരം വിശ്വാസികള്‍ക്ക് മാതൃകയും, ആശ്വാസവും, അഭയവുമായിത്തീര്‍ന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥ തിരുനാള്‍ കോറല്‍സ്പ്രിംങ് ആരോഗ്യമാതാ ഇടവക ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

ഒമ്പത് ദിവസത്തെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ദിവ്യബലിയോടും കൂടിയാണ് തിരുനാള്‍ ആഘോഷിച്ചത്. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ ഇടവക വികാരി ഫാ. സക്കറിയാസ് തോട്ടുവേലില്‍, ഫാ. ഡേവിഡ് സി.എം.ഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് കത്തിച്ച മെഴുകുതിരികള്‍ ഏന്തി ജപമാല ചൊല്ലി ഭക്ത്യാദരപൂര്‍വ്വമായ പ്രദക്ഷിണം നടന്നു.

ഞായറാഴ്ച രാവിലെ 10 മണിക്ക് ചര്‍ച്ച് ക്വയറിന്റെ അകമ്പടിയോടുകൂടി ആര്‍ച്ച് ബിഷപ് ജേക്കബ് തൂങ്കുഴിയുടെ മുഖ്യ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാനയും, തുടര്‍ന്ന് അഭി. ബിഷപ്പ് തിരുനാള്‍ സന്ദേശം നല്‍കി. ഫാ. സക്കറിയാസ് തോട്ടുവേലി സഹകാര്‍മികനായിരുന്നു. മുത്തുക്കുടകളുടേയും, ഡ്രം ലവേഴ്‌സ് ഒരുക്കിയ ചെണ്ടവാദ്യ മേളങ്ങളുടേയും അകമ്പടിയോടെ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടന്നു.

പ്രദക്ഷിണത്തിനുശേഷം അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് ചുംബിച്ച് വിശ്വാസികള്‍ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടന്നു.

ജാതി മത വ്യത്യാസമില്ലാതെ നാനാതുറകളിപ്പെട്ട ആളുകള്‍ തിരുനാളില്‍ സംബന്ധിച്ചു. ഫ്ലോറിഡ സ്റ്റേറ്റ് ജനപ്രതിനിധി ഫ്രാങ്ക്‌ളിന്‍ സാന്‍സസ്, സ്റ്റേറ്റ് അറ്റോര്‍ണി മൈക്ക് സാന്റ്‌സ്, സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജ് മൈക്കിള്‍ റോസ്ചില്‍സ്, പെംബ്രൂക്ക് സിറ്റി വൈസ് മേയര്‍ ഐറിഷ് സൈപ്പിള്‍ തുടങ്ങിയവര്‍ തിരുനാളില്‍ സംബന്ധിച്ചു.

ഫാ. മാരൂര്‍, ഫാ. കുര്യാക്കോസ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. മദര്‍ സി. മരിയ, സി. ജറോം, കൈക്കാരന്‍ ജയിംസ് മാരൂര്‍, പാരീഷ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ തിരുനാളിന് നേതൃത്വംനല്‍കി.

ജോയി കുറ്റിയാനിയും കുടുംബാംഗങ്ങളുമായിരുന്നു ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി.

വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം

(0%) (0 Votes)

 

 

Other News in this Section