LATEST NEWS

Loading...

Custom Search
+ -

വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളാഘോഷിച്ചു

Posted on: 04 Aug 2012

 




അറ്റ്‌ലാന്റ: സീറോ മലബാര്‍ വിശ്വാസികളുടെ സംഗമത്തിനും വിശ്വാസ പ്രഘോഷണത്തിനും വേദിയായി അറ്റ്‌ലാന്റയില്‍ 26 മുതല്‍ 29 വരെ നടന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു, വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാലാഘോഷങ്ങളോടെയാണ് തിരശീല വീണത്. വിശുദ്ധ അമ്മയുടെ നാമത്തിലുള്ള അറ്റ്‌ലാന്റ സെന്റ്. അല്‍ഫോന്‍സ ഇടവകയായിരുന്നു ആറാമത് ദേശീയ കണ്‍വന്‍ഷന് ആതിഥേയരായത്.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന നടന്നു. ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍.ജേക്കബ് അങ്ങാടിയത്ത് , മാര്‍ ജോസ് പൊരുന്നേടം, മാര്‍ ചാക്കോ തോട്ടുമാരിയില്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കുരിയ ചാന്‍സ്ലര്‍ ഫാ. ആന്റണി കൊല്ലന്നൂര്‍, ഷിക്കാഗോ രൂപതാ വികാരി ജനറാളും കണ്‍വന്‍ഷന്റെ ജന. കണ്‍വീനറുമാമായ ഫാ. ആന്റണി തുണ്ടത്തില്‍, രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് , പ്രൊക്യൂറേറ്റര്‍ ഫാ. വിനോദ് മഠത്തിപറമ്പില്‍, അറ്റ്‌ലാന്റ വികാരി ഫാ. ജോണി പുതിയാപറമ്പില്‍ തുടങ്ങി നിരവധി വൈദികരും സഹകാര്‍മ്മികരായി.

തുടര്‍ന്ന് നടന്ന കണ്‍വന്‍ഷന്റെ സമാപന യോഗത്തില്‍ മാര്‍.ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷനില്‍ പങ്കെടുത്ത വിശ്വാസി സമൂഹത്തിനു അഭി. പിതാവ് ആശീര്‍വാദവും നന്ദിയും അര്‍പ്പിച്ചു, കണ്‍വന്‍ഷന്റെ ജന. കണ്‍വീനര്‍ ഫാ. ആന്റണി തുണ്ടത്തില്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ക്കും ചുക്കാന്‍ പിടിച്ച അറ്റ്‌ലാന്‍റ ഇടവകക്കും നാലു ദിവസത്തെ ദേശീയ സംഗമം വിജയമാക്കിയ കമ്മറ്റി അംഗങ്ങള്‍ക്കും കൃതഞത പ്രകാശിപ്പിച്ചു.

അല്‍ഫോന്‍സാ നഗരിയെന്നു പേരിട്ട ജോര്‍ജിയ ഇന്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിനെ ചുറ്റി വി. അല്‍ഫോന്‍സാമ്മയുടെയും മറ്റു വിശുദ്ധരുടേയും രൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം തുടര്‍ന്ന് നടന്നു. ചെണ്ടമേളവും മുത്തുകുടകളും അകമ്പടി സേവിച്ച ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ ഏവരും പങ്കെടുത്തു. തുടര്‍ന്ന് ഉച്ചക്ക് നടന്ന സ്‌നേഹവിരുന്നിനു ശേഷമാണ് ആറാമത് കണവന്‍ഷന് അറ്റ്‌ലാന്ടയില്‍ തിരശീല വീണത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
(0%) (0 Votes)

 

 

Other News in this Section