കാനഡയിലെ കാറപകടം: ജാക്കിയ്ക്കും മക്കള്‍ക്കും യാത്രാമൊഴി
Posted on: 01 Jul 2012
കൂത്താട്ടുകുളം: ജാക്കിയും മന്നയും മോനച്ചനും പൈറ്റക്കുളത്തുകാര്‍ക്ക് ഇനി ഓര്‍മ്മകളില്‍ മാത്രം. കാനഡയില്‍ കഴിഞ്ഞ 17നുണ്ടായ കാറപകടത്തിലാണ് കൂത്താട്ടുകുളം പൈറ്റക്കുളം മാളിയേക്കല്‍ സീത്താജാക്വിലിനും (ജാക്കി-44), മക്കളായ മന്ന ജേക്കബ് (10) മാനുവല്‍ ജേക്കബ് (മോനച്ചന്‍-ഏഴ്) എന്നിവര്‍ മരിച്ചത്.ഇവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച നാട്ടിലെത്തിയിരുന്നു. കൂത്താട്ടുകുളം ദേവമാതാ ആസ്പത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ പൈറ്റക്കുളത്തെ മാളിയേക്കല്‍ വീട്ടിലെത്തിച്ചു. അടുത്ത ബന്ധുക്കളുടെ അന്ത്യോപചാരത്തിനുശേഷം വടകര കത്തോലിക്കാ പള്ളിയില്‍ മൃതദേഹങ്ങളെത്തിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. മന്ത്രി അനൂപ് ജേക്കബ്, ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
കൂത്താട്ടുകുളം പാറപ്പുറത്ത് പുത്തന്‍പുരയില്‍ (ആപ്പാഞ്ചിറ) ബേബിയുടേയും ബ്രജിത്തയുടേയും മകളാണ് സീത്ത. മുമ്പ് കുവൈത്തില്‍ നേഴ്‌സായിരുന്ന സീത്ത കഴിഞ്ഞ കുറേക്കാലമായി കാനഡയിലെ റിജെനെയിലെ ജനറല്‍ ആസ്പത്രിയില്‍ നേഴ്‌സാണ്. മക്കളായ മന്നയും മാനുവലും റിജെനെയിലെ സെന്റ് പീറ്റേഴ്‌സ് എലിമെന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു.
ഭര്‍ത്താവ് ജേക്കബിനും അപകടത്തില്‍ സിസ്സാര പരിക്കേറ്റിരുന്നു. ജേക്കബ് സീത്താ ജാക്വിലിന്‍ ദമ്പതിമാരുടെ കുടുംബസുഹൃത്തായ ഒരു മലയാളിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്കിടയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നില്‍ പിക്കപ്പ് ട്രക്ക് ഇടിച്ചായിരുന്നു അപകടം. പിന്‍സീറ്റിലുണ്ടായിരുന്ന സീത്തയും രണ്ട് മക്കളും അപകടസ്ഥലത്ത് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന റിജെനെയിലെ കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് തട്ടുപറമ്പിലിനും പരിക്കേറ്റിരുന്നു.
സീത്ത, മന്ന, ജേക്കബ് (മോനച്ചന്‍) എന്നിവരുടെ മൃതദേഹങ്ങള്‍ ഒരേ കല്ലറയിലാണ് സംസ്‌കരിച്ചത്. ആദ്യം സീത്തയുടെയും പിന്നീട് മക്കളുടെയും മൃതദേഹങ്ങള്‍ കല്ലറയിലെത്തിച്ചു. പുരോഹിത കന്യാസ്ത്രീസംഘം ചടങ്ങുകളില്‍ പങ്കെടുത്തു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section






