ബെയ്ജിങ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ അരുണാചല്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ച ഇന്ത്യയുടെ നടപടിക്കെതിരെ വീണ്ടും ചൈന.

ദലൈലാമയെ അരുണാചലില്‍ പ്രവേശിപ്പിച്ച ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ചൈനയുടെ ഭീഷണി. സര്‍ക്കാര്‍ നിയന്ത്രിത മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യക്കുള്ള മുന്നറിയിപ്പുള്ളത്.

ദലൈലാമയുടെ സന്ദര്‍ശന ശേഷം അരുണാചലിലെ ആറ് പ്രദേശങ്ങള്‍ക്ക് ചൈന പുതിയ പേരുകള്‍ പ്രഖ്യാപിച്ചിരുന്നു.

എന്തു കൊണ്ടാണ് ചൈന അത്തരമൊരു നീക്കത്തിന് മുതിര്‍ന്നതെന്ന് ഇന്ത്യ ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. ദലൈലാമ കാര്‍ഡ് കളിക്കുന്ന ഇന്ത്യയുടെ തീരുമാനം ബുദ്ധിപരമായ നീക്കമല്ല.  ഈ കളി ഇനിയും തുടരനാണ് നീക്കമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും- പത്രം പറയുന്നു.

ഇന്ത്യയേക്കാള്‍ ശക്തമായ രാജ്യമാണ് ചൈന എന്ന് പറയുന്ന ലേഖനത്തില്‍ ആര്‍ക്കാണ് ശക്തി എന്ന് ഇന്ത്യ അളക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകളില്‍ നിന്ന് ചൈന പിന്മാറുമെന്നും ലേഖനം ഭീഷണിപ്പെടുത്തുന്നു.