വെനേസ്വല: കൂറ്റന്‍ സായുധ ട്രക്കിന്‌ മുന്നില്‍ മുദ്രാവാക്യം മുഴക്കി ഒരു സ്ത്രീയുടെ ഉറച്ച പ്രതിഷേധം. ടിയാനന്‍മെന്‍ ചത്വരത്തിലെ പ്രതിഷേധത്തെ അനുസ്മരിപ്പിക്കുന്ന പ്രതിഷേധം അരങ്ങേറിയത് വെനസ്വേലയില്‍. സാമ്പത്തിക നയങ്ങളുടെ പേരില്‍ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തിനിടയിലാണ് സൈന്യത്തിന്റെ ട്രക്കിന്‌ മുന്നിലേക്ക് സ്ത്രീ ചാടിവീണത്‌.

സ്‌പെയിനില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മ്മദിനമായ ഏപ്രില്‍ 19 ന് തലസ്ഥാനമായ കരാക്കസില്‍ നടന്ന പ്രക്ഷോഭത്തിനിടയിലാണ് ഈ സംഭവം

 

vene
ഫോട്ടോ: എ.എഫ്.പി.

സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മ പുതുക്കലിന്റെ ദിനമായ ഏപ്രില്‍ 19 അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള  പ്രതിഷേധ ദിനമായി ആചരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചപ്പോള്‍ രാഷ്ട്രത്തലവനായ നിക്കോളാസ് മഡുറോയ്‌ക്കെതിരെ മാര്‍ച്ചിനെത്തിയത് വന്‍ ജനാവലിയായിരുന്നു.

ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ മൂന്നു പേര്‍ മരിച്ചു. ഗ്രനേഡുകള്‍ പൊട്ടി നഗരവീഥികളിലുടനീളം പുകയും പൊടിയും നിറഞ്ഞു. കെട്ടിടങ്ങള്‍ തകര്‍ന്നുവീണു

ഇതിനിടയ്ക്കാണ്‌ ചരിത്രത്തെ ഓര്‍മിപ്പിച്ച നാടകീയ രംഗങ്ങളുണ്ടായത്‌. പുകയ്ക്കുള്ളില്‍ നിന്നും വെനേസ്വലയുടെ ദേശീയ നിറങ്ങള്‍ നിറഞ്ഞ തൊപ്പിയും വെനേസ്വലയുടെ പതാകയെ ഓര്‍മിപ്പിക്കുന്ന സ്‌കാര്‍ഫ്‌ കഴുത്തിലുമണിഞ്ഞ 'ഒരജഞാത' പ്രതിഷേധ മാര്‍ച്ചിനിടെ ആള്‍ക്കാരെ പിരിച്ചുവിടാന്‍ വരി വരിയായെത്തിയ സായുധട്രക്കുകള്‍ക്ക്‌ മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

 

venes
'ടിയാനന്‍മെന്‍ സ്‌ക്വയറിലെ ടാങ്ക് മാന്‍'

ട്രക്കിന്റെ തൊട്ടടുത്ത് ഭീതിയില്ലാതെ അവര്‍ നിലയുറപ്പിച്ചു. ട്രക്കിന്റെ മുന്‍വശത്ത് കൈകള്‍ വെച്ചു നിന്ന അവരുടെ നേരെ വാഹനത്തിനുള്ളില്‍ നിന്നും എന്തോ വലിച്ചെറിയുന്നതും മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയ വീഡിയോയില്‍ ദൃശ്യമാണ്. തന്റെ നേരെ എറിഞ്ഞ വസ്തുവില്‍ നിന്ന് സമചിത്തതയോടെ ഒഴിഞ്ഞു മാറുകയും അവര്‍ ചെയ്യുന്നുണ്ട്. ഒടുവില്‍ ആ സ്ത്രീയുടെ പ്രതിഷേധത്തിന് മുന്നില്‍ പരാജയം സമ്മതിച്ച് ട്രക്ക് പിന്നോട്ടെടുക്കേണ്ടി വന്നപ്പോഴും അവര്‍ അതിനെ പിന്തുടരുന്നതും വീഡിയോയില്‍ കാണാം

ട്രക്കില്‍ പിടിച്ചു നില്‍ക്കുന്ന അജ്ഞാത ഓര്‍മിപ്പിക്കുന്നത് 'ടിയാനന്‍മെന്‍ സ്‌ക്വയറിലെ ടാങ്ക് മാന്‍' എന്ന ചിത്രമാണ്. ബീജിങ്ങിലെ ടിയാനന്‍മാന്‍ സ്‌ക്വയറില്‍ 1989 ജൂണ്‍ അഞ്ചിന് വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ജീവന്‍ നഷ്ടമായത് നിരവധി പേര്‍ക്കാണ്. അന്നും വെടിയുതിര്‍ക്കുന്ന ട്രക്കിനു നേരെ നടന്നടുക്കുന്ന ഒരാളുടെ ചിത്രം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതും ഒരജ്ഞാതനായിരുന്നു. ചരിത്രപ്രസിദ്ധമായ ഈ സംഭവത്തെ അനുസ്മരിപ്പിക്കുന്നതായി വെനേസ്വലയിലെ അജ്ഞാതയുടെ പ്രതിഷേധവും.