ജനീവ: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ നടുക്കം രേഖപ്പെടുത്തി യുഎന്‍ മനുഷ്യാവകാശ സമിതി. ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവര്‍ക്ക് നേരെ ഭീഷണിയുയരുന്നുവെന്ന് സമിതി കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് വര്‍ധിച്ചു വരുന്ന മതഅസഹിഷ്ണുതയുടേയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണങ്ങളേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.

ജനീവയില്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 36-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇന്ത്യയിലെ ഗൗരി ലങ്കേഷിന്റെ കൊലപാതകവും റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ഉള്ള ഇന്ത്യന്‍ നിലപാടും സൂചിപ്പിച്ചു കൊണ്ടുള്ള സെയ്ദ് ഹുസൈന്റെ വിമര്‍ശനം. ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി സുരക്ഷ ഉറപ്പാക്കുന്നതിനു പകരം അവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  

കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ചര്‍ച്ച നടത്താന്‍ തയ്യാറാവാത്ത ഇന്ത്യ- പാകിസ്താന്‍ നിലപാടിനെയും അല്‍ ഹുസൈന്‍ കുറ്റപ്പെടുത്തി. നിയന്ത്രണ രേഖയ്ക്ക് ഇരുവശവുമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളും സഹകരിക്കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശനമുന്നയിച്ചു. 

വര്‍ഗീയതയ്ക്കെതിരെ നിരന്തരമായി ശബ്ദമുയര്‍ത്തിയിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കഴിഞ്ഞയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഗൗരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും 12 നഗരങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങളെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്- സെയ്ദ് റാദ് അല്‍ ഹുസൈന്‍ പറഞ്ഞു.