ന്യൂഡല്‍ഹി: തര്‍ക്ക നഗരമായ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി യുഎസ് പ്രസിന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ എംബസി അങ്ങോട്ട് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. 

നിലവില്‍ ടെല്‍അവീവില്‍ തന്നെയാണ് ഇന്ത്യന്‍ എംബസിയും സ്ഥിതി ചെയ്യുന്നത്. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ എംബസി മാറ്റണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം. തര്‍ക്കഭൂമിയായ ജറുസലേമില്‍ മറ്റുരാജ്യത്തിനൊന്നും നയതന്ത്ര-സ്ഥാനപതി കാര്യാലയങ്ങളില്ല.

പശ്ചിമേഷ്യയിലെ സഖ്യരാഷ്ട്രങ്ങളക്കമുള്ള വിവിധ രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതെ ബുധനാഴ്ചയിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനൊപ്പം അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിന്റെ ആസ്ഥാനം ടെല്‍ അവീവില്‍ നിന്ന് മാറ്റുന്നതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു. 

ട്രംപിന്റെ തീരുമാനത്തിന് രാജ്യം എക്കാലവും കൃത്യജ്ഞതയുള്ളവരായിരിക്കുമെന്നാണ് അമേരിക്കയുടെ അംഗീകാരത്തിന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്.