srilankan army torture
തമിഴ് വംശജരെ തടങ്കലിലാക്കി ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള പ്രഹരമേൽപ്പിച്ചതിന്റെ പാടുകൾ
Photo:AP/Frank Augstein

ലണ്ടൻ: ശ്രീലങ്കന്‍ സൈന്യം ബലാത്സംഗം ചെയ്ത് പീഡിപ്പിച്ചെന്ന തമിഴ്വംശജരുടെ ആരോപണം അന്വേഷിക്കുമെന്ന് ശ്രീലങ്ക അറിയിച്ചു. ശ്രീലങ്കന്‍ സൈന്യം 20 തമിഴ് വംശജരെ ദിവസങ്ങളോളം ഇരുട്ടു മുറിയിലിട്ട് ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ട് ബുധനാഴ്ച്ച അസോസിയേറ്റ് പ്രസ്സാണ് പുറത്ത് വിട്ടത്.  സൈന്യത്തിന്റെയും പോലീസിന്റെയും ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെട്ട് യൂറോപ്പില്‍ അഭയം തേടിയിരിക്കുകയാണ് ഇവര്‍.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത 20ഓളം പേരാണ് അസോസിയേറ്റ് പ്രസ്സിന്റെ അന്വേഷണ ടീമിനോട് ശ്രീലങ്കന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ തങ്ങള്‍ അനുഭവിച്ച കഷ്ടതകള്‍ വിവരിച്ചത്. ബന്ധുക്കള്‍ ഇപ്പോഴും ശ്രീലങ്കയില്‍ ജീവിക്കുന്നതിനാലാണ് ഇവര്‍ ഇപ്പോഴും പേരും വിവരങ്ങളും വെളിപ്പെടുത്താന്‍ തയ്യാറാവാത്തതിനു പിന്നില്‍.

അനുഭവ കുറിപ്പുകളും മര്‍ദ്ദനമേറ്റതിന്റെ ഫോട്ടോകളുമടക്കമാണ് എപി വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

21 ദിവസം സൈനികരുടെ തടങ്കലില്‍ കഴിഞ്ഞ തന്നെ 12 തവണ സൈനികര്‍ ബലാത്സംഗം ചെയ്‌തെന്നും ഇരുമ്പ് ദണ്ഡുകള്‍ കൊണ്ട് മര്‍ദ്ദിക്കുകയും സിഗരറ്റുകള്‍ കൊണ്ട് അവര്‍ തന്നെ പൊള്ളിക്കുകയും ചെയ്‌തെന്ന് രക്ഷപ്പെട്ട ഒരാള്‍ വെളിപ്പെടുത്തുന്നു.

തലകീഴായി കെട്ടിത്തൂക്കിയായിരുന്നു മര്‍ദ്ദനമേറ്റതെന്ന് രക്ഷപ്പെട്ട ഒരു തമിഴ് വംശജന്‍ തുറന്ന് പറയുന്നു.

Srilankan army torture
Photo:AP/Frank Augstein

'അഞ്ച് പേര്‍ ചേര്‍ന്നാണ് തന്നെ തട്ടിക്കൊണ്ട് പോവുന്നത്. ഇരുട്ട് മുറിയിലിട്ട് ഇരുമ്പ് ദണ്ഡുകള്‍ കൊണ്ട് പ്രഹരിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ആ മുറിയുടെ ചുമരിലാകെ രക്തക്കറകളായിരുന്നു' മറ്റൊരാള്‍ പറയുന്നു.

ശ്രീലങ്കയിലെ പുതിയ സര്‍ക്കാരാണ് തങ്ങളുടെ ദുരനുഭവത്തിന് പിന്നിലെന്ന് യൂറോപ്പില്‍ അഭയം തേടിയ 50ലധികം വരുന്ന തമിഴ് വംശജര്‍ പറയുന്നത്. 

20 ഓളം പേരുമായി അഭിമുഖം നടത്തിയാണ് എപി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2016 വര്‍ഷത്തിന്റെ തുടക്കത്തില്‍ ഏല്‍ക്കേണ്ടി വന്ന പീഡനങ്ങള്‍ ജൂലൈ മാസത്തോളം തുടര്‍ന്നുവെന്നാണ് തടങ്കലില്‍ പെട്ടവര്‍ പറഞ്ഞത്.

എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന ആരോപിച്ചാണ് തങ്ങളോട് ക്രൂരത കാട്ടിയതെന്ന് ബന്ദികളായിരുന്നവര്‍ ആരോപിക്കുന്നു.

'ഇരുമ്പ് ദണ്ഡുകള്‍ ചൂടാക്കി അവര്‍ എന്റെ പുറം പൊള്ളിച്ചു.മുളകുപൊടി ചാക്കിലാക്കി അതു മുഴുവന്‍  തലയിലൂടെ വിതറി എന്നിട്ടവര്‍ എന്നെ ബലാത്സംഗം ചെയ്തു',

മോചിനായ ശേഷം ഇവരിലൊരാള്‍ 10 ദിവസമാണ് ആശുപത്രിയില്‍ കിടന്നത്. 5ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയാണ് തങ്ങളില്‍ പലരും പുറം ലോകം കണ്ടെതെന്ന് ഇവര്‍ പറയുന്നു. പലര്‍ക്കും ഭാര്യയോടും മക്കളോടും പോലും പറയാതെയാണ് യൂറോപ്പിലേക്ക് പലായനം ചെയ്യേണ്ടി വന്നത്.

ശ്രൂലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ ഒരുലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎന്നിന്റെ കണക്കുകള്‍. 

നെഞ്ചിലും കാലിലുമായി 60 ഓളം സിഗരറ്റ് കൊണ്ടുള്ള പൊള്ളലേല്‍ക്കേണ്ടി വന്ന പത്തൊമ്പതുകാരന്റെ അനുഭവങ്ങള്‍ ദയനീയമാണ്. പലതവണ തന്നെ സൈന്യം ബലാത്സംഗം ചെയ്‌തെന്ന് അവന്‍ പറയുന്നു. പലരും മനശ്ശാസ്ത്രജ്ഞരുടെ പരിചരണയിലാണ് ഇപ്പോൾ.

content highlights:Civil war in Srilanka, Srilankan Army, LTTE, Srilankan Tamils