ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസിന്റെ ചെക്ക് പോയിന്റിലെത്തിയ കാറില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഡ്രൈവറുടെ വെളിപ്പെടുത്തല്‍ ആശങ്കയ്ക്ക് ഇടയാക്കി. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ കാര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. വൈറ്റ് ഹൗസിന്റെ സുരക്ഷ ശക്തമാക്കി.

എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാറില്‍നിന്ന് സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വൈറ്റ് ഹൗസിന് ചുറ്റുമുള്ള നിരവധി റോഡുകള്‍ അധികൃതര്‍ അടച്ചു. വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടാകുന്ന രണ്ടാമത്തെ സുരക്ഷാ വീഴ്ചയാണിത്.

നേരത്തെ ഒരു യുവാവ് വൈറ്റ്ഹൗസ് പരിസരത്ത് അനധികൃതമായി കടന്നുകയറിയിരുന്നു. ദീര്‍ഘനേരം കഴിഞ്ഞാണ് ഈവിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയിരുന്നു.