ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ പാകിസ്താന്‍ ഭീകരവാദിയായി പ്രഖ്യാപിച്ചു. ആഗോള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്താന്റെ നടപടി. 

യു.എന്‍ സുരക്ഷാ കൗണ്‍സില്‍ നിരോധിച്ച വ്യക്തികളേയും സംഘടനകളേയും ഭീകരവിരുദ്ധ നിയമത്തിനുള്ളില്‍ കൊണ്ടുവരുന്നിതിനുള്ള നിയമഭേഗതിയില്‍ പാക് പ്രസിഡന്റ് മംമ്‌നൂന്‍ ഹുസൈന്‍ ഒപ്പുവെച്ചു. ഹാഫിസിന്റെ സംഘടനയായ ജമാഅത്തു ദഅ്‌വ, ലഷ്‌കറെ ഇ ത്വയ്ബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളൊക്കെ ഭീകരവിരുദ്ധ നിയമ ഭേദഗതിയുടെ പരിധിയില്‍ ഉള്‍പ്പെടും.

1997-ലെ ഭീകര വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 11 ബി, 11 ഇ എന്നിവയാണ് ഭേദഗതി വരുത്തുന്നത്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം പാരിസില്‍ അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് പാകിസ്താന്റെ നടപടി. ഭീകരവാദത്തെ സഹായിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി പാകിസ്താനെ 'ഗ്രേ' പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യയും അമേരിക്കയും യോഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് സൂചനയുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നടപടികളെന്നാണ് സൂചന. ഫെബ്രുവരി 18 മുതല്‍ 23 വരെയാണ് യോഗം.

ഹാഫിസിന്റെ സംഘടനയായ ജമാഅത്തു ദഅ്‌വയുടെ ആസ്ഥാന മന്ദിരത്തില്‍ നിന്ന് പോലീസ് കഴിഞ്ഞ ദിവസം ബാരിക്കേഡുകള്‍ നീക്കം ചെയ്തിരുന്നു.