പെഷവാര്‍/കറാച്ചി: പാകിസ്താനില്‍ തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ഉണ്ടായ രണ്ട് സ്‌ഫോടനങ്ങളില്‍ സ്ഥാനാര്‍ഥിയടക്കം 133 പേര്‍ കൊല്ലപ്പെട്ടു.  ബലൂചിസ്താന്‍, ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യകളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. 200 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഏറ്റെടുത്തു. 

ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബി.എ.പി) നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്‌സാനിയാണ് മസ്തുങ് പ്രദേശത്തുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ബലൂചിസ്താന്‍ മുന്‍ മുഖ്യമന്ത്രി നവാബ് അസ്‌ലം റെയ്‌സാനിയുടെ സഹോദരനാണ് സിറാജ് റെയ്‌സാനി. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ക്വറ്റയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചതെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചാവേര്‍ സ്‌ഫോടനത്തിലാണ് അദ്ദേഹം അടക്കമുള്ളവര്‍ കൊല്ലപ്പെട്ടത്.

എം.എം.എ എന്ന പാര്‍ട്ടിയുടെ നേതാവ് അക്രം ഖാന്‍ ദുറാനി നടത്തിയ റാലിക്കിടെയാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ദുറാനി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭയന്ന് പിന്മാറില്ലെന്ന് തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനെതിരെ മത്സരിക്കുന്ന ദുറാനി മാധ്യമങ്ങളോട് പറഞ്ഞു.

2014-ൽ പെഷാവർ സൈനികസ്കൂളിലെ ഭീകരാക്രമണത്തിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്. അന്നത്തെ ആക്രമണത്തിൽ 132 കുട്ടികളടക്കം 149 പേരാണ് കൊല്ലപ്പെട്ടത്.

ഭീകരവാദം അടിച്ചമര്‍ത്തിയെന്ന് പാക് സര്‍ക്കാരും സൈന്യവും അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ ക്രമസമാധാന നില വഷളായിരിക്കുകയാണ്.