യാങ്കൂണ്‍:  തന്റെ സര്‍ക്കാര്‍ രാജ്യതാത്പര്യത്തിനായി കടുത്ത തീരുമാനങ്ങളെടുക്കുന്നതിനെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിന് ഉപരി രാജ്യത്തെ പരിഗണിക്കുന്നതുകൊണ്ടാണ് കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മ്യാന്മറില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മിന്നലാക്രമണമായാലും, നോട്ട് നിരോധനമായാലും, ജിഎസ്ടിയായാലും ഒരുവിധ ഭയമോ കാലവിളംബമോ കൂടാതെ ഞങ്ങള്‍ തീരുമാനമെടുത്തു. അതിന് കാരണം തങ്ങള്‍ക്ക് രാഷ്ട്രീയത്തെക്കാള്‍ പ്രധാനം രാജ്യമാണ്-മോദി പറഞ്ഞു. 

കള്ളപ്പണം തടയാനാണ് നോട്ട് നിരോധിച്ചത്. അതുവഴി നാളിതുവരെ നികുതി അടയ്ക്കാതെ ബാങ്കില്‍ കോടികള്‍ നിക്ഷേപമുണ്ടായിരുന്നവരെ തിരിച്ചറിയാന്‍ സാധിച്ചു. രണ്ട് ലക്ഷത്തിലേറെ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാണ് നടപടിയെടുത്തത്. 

Modi at myanmar

കള്ളപ്പണം എവിടെ നിന്ന് വരുന്നെന്നോ എങ്ങോട്ട് പോകുന്നെന്നോ ഒരുപിടിയുമില്ലായിരുന്നു. ജിഎസ്ടി പ്രാബല്യത്തിലായി രണ്ട് മാസം കൊണ്ട് തന്നെ സത്യസന്ധമായി ബിസിനസ് നടത്താവുന്ന അന്തരീക്ഷം സംജാതമായിട്ടുണ്ട്. 

ഇന്ത്യ മുന്നോട്ട് പോകാനാകുമെന്ന് ഇന്ന് രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേവലം ഇന്ത്യയെ പരിഷ്‌കരിക്കുകയല്ല ചെയ്യുന്നത് മറിച്ച് അടുമുടി മാറ്റിയെടുക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്. പുതിയ ഇന്ത്യ നിര്‍മ്മിക്കുകയാണ്. 2022 ല്‍ 75 ാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ആ ലക്ഷ്യം കൈവരിക്കും-മോദി പറഞ്ഞു