വാഷിങ്ടണ്‍: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണില്‍ ആശങ്ക പങ്കുവെച്ചു. ഇന്‍ഡോ-പസഫിക് മേഖലയിലെ സുരക്ഷ സംബന്ധിച്ചും ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

ജയിലില്‍ കഴിയുന്ന ഒമ്പത് പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്ന സുപ്രിംകോടതി വിധി വന്നതിനു പിന്നാലെയാണ് മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കോടതി ഉത്തരവ് നിരാകരിക്കുകയും രാജ്യത്ത് 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുമായിരുന്നു. 

ഇതിന് പിന്നാലെ പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്‍ വിധിച്ച ജഡ്ജിമാരായ അബ്ദുള്ള സയ്യിദ്, അലി ഹമീദ് എന്നിവരെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നവും ഇരുവരും ചര്‍ച്ചചെയ്തു. ആറ് ലക്ഷത്തിലധികം റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്ക് കുടിയേറിയത് ആ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്‌.

ഉത്തര കൊറിയയെ ആണവമുക്തമാക്കുന്നതിന് കൂടുതല്‍ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും മോദിയും ട്രംപും ചര്‍ച്ച ചെയ്തു. ഇന്ത്യയും അമേരിക്കിയുമായുള്ള സുരക്ഷ, സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും സംഭഷണത്തില്‍ തീരുമാനമായി.