വാഷിങ്ടണ്‍: ലാസ് വേഗസില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പുമായി തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ). വാര്‍ത്താ സമ്മേളനത്തിലാണ് എഫ്.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.

58 പേര്‍ മരിക്കാനിടയായ വെടിവെപ്പ് നടത്തിയ സ്റ്റീഫന്‍ പാഡക്കിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തുവെന്നും സംഭവത്തില്‍ മാറ്റാരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അക്രമി മാത്രമാണ് സംഭവത്തിന് പിന്നില്‍. ആസുത്രണം നടത്തുകയും ആയുധങ്ങള്‍ ശേഖരിക്കുകയും ചെയ്ത ശേഷമാണ് അക്രമി വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ പരിക്കേറ്റ 489 പേരില്‍ 317 പേരും ചികിത്സയ്ക്കുശേഷം ആസ്പത്രിവിട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് നേരത്തെ ഏറ്റെടുത്തിരുന്നു.

അതിനിടെ, അക്രമി വെടിവെപ്പ് നടത്താന്‍ പദ്ധതിയിടുന്നതായി യാതൊരു സൂചനയും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് ചോദ്യംചെയ്യലിനിടെ അക്രമിയുടെ കൂട്ടുകാരി മാരിലൂ ഡാന്‍ലി ചോദ്യംചെയ്യലിനിടെ എഫ്.ബി.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞു. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ഫിലീപ്പീന്‍സില്‍ ആയിരുന്ന ഡാന്‍ലി ചൊവ്വാഴ്ച വൈകീട്ടാണ് ലോസ് ആഞ്ജലിസിലെത്തിയത്. അവരെ എഫ്.ബി.ഐ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഡാന്‍ലി അന്വേഷണ ഉദ്യോഗസ്ഥരോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് അവരുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അക്രമിയുടെ ഉദ്ദേശം എന്തായിരുന്നുവെന്ന് കണ്ടെത്താന്‍ ലാസ് വേഗസ് മെട്രോപോളിറ്റണ്‍ പോലീസ് ശ്രമിച്ചുവരികയാണെന്നും അവര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ലാസ് വേഗസിലെ ആശുപത്രി സന്ദര്‍ശിച്ചശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.