ബെയ്ജിംഗ്‌:  ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മൂന്നാമതൊരു കക്ഷി ഇടപെടരുതെന്ന് ചൈന. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ജപ്പാന്‍ നിക്ഷേപം നടത്താനൊരുങ്ങുന്നതിനെ പരാമര്‍ശിച്ചാണ് ചൈനയുടെ പ്രസ്താവന.

അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു തറക്കല്ലിടാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തിയിരുന്നു. തുടര്‍ന്ന് പതിനഞ്ച് കരാറുകളാണ് ഇരുരാജ്യവും തമ്മിലൊപ്പിട്ടത്.

തുടര്‍ന്ന് വ്യാഴാഴ്ച നടന്ന ഇന്ത്യ- ജപ്പാന്‍ സംയുക്ത പ്രസ്താവനയില്‍, ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍  ജപ്പാന്‍ നിക്ഷേപം നടത്താന്‍ താത്പര്യപ്പെടുന്നതായും ഇതിനായി ഇന്ത്യ-ജപ്പാന്‍ ആക്ട് ഈസ്റ്റ് ഫോറം രൂപവത്കരിക്കുന്നതിനെ കുറിച്ചും പരാമര്‍ശിച്ചിരുന്നു. ദക്ഷിണചൈനാക്കടലിലെ ഗതാഗതം ഉള്‍പ്പെടെയുള്ള വിഷയങ്ങളും പരാമര്‍ശിക്കപ്പെട്ടിരുന്നു.

ഇതിനോടുള്ള പ്രതികരണമായാണ് ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഇടപെടരുതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ജപ്പാനോട് ആവശ്യപ്പെട്ടത്. ഇന്ത്യ- ചൈന അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ഇരുകൂട്ടര്‍ക്കും അംഗീകരിക്കാവുന്ന തരത്തില്‍, കിഴക്കന്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് മനസ്സിലാക്കണം- ചൈന പറഞ്ഞു. ഇന്ത്യയും മറ്റ് കക്ഷികളും(ജപ്പാന്‍) ഇക്കാര്യം പരിഗണിക്കണമെന്നും പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിനിടെ മൂന്നാംകക്ഷികള്‍ ഇടപെടരുതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു വിഷയത്തില്‍ പ്രത്യേകിച്ച് താത്പര്യങ്ങളില്ലാത്തതിനാല്‍  ദക്ഷിണചൈനാക്കടല്‍ പ്രശ്‌നത്തില്‍ ഇന്ത്യയോ ജപ്പാനോ ഇടപെടേണ്ടതില്ലെന്നും ചൈന പറഞ്ഞു.