ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്നവരുടെ തലവനെന്ന് കരുതുന്ന സജീര്‍ മംഗലശ്ശേരി അബ്ദുള്ള അഫ്ഗാനിസ്ഥാനിലെ നംഗാര്‍ഹര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന.

Sajeer
സജീര്‍

രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം. അഫ്ഗാനിസ്ഥാനില്‍നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. അമേരിക്കയോ അഫ്ഗാനിസ്ഥാനോ ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടില്ലെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്.

തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി കൈമാറേണ്ടതാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. നംഗാര്‍ഹര്‍ പ്രവിശ്യയിലെ ഷാദല്‍ ബസാര്‍ വാലിയില്‍ ഇപ്പോഴും യു.എസ് - അഫ്ഗാന്‍ വ്യോമസേനകള്‍ ആക്രമണം നടത്തുകയാണെന്നും കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നുമാണ് അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ള വിവരം.

കോഴിക്കോട് മൂഴിക്കല്‍ സ്വദേശിയാണ് സജീര്‍ മംഗലശ്ശേരി അബ്ദുള്ള. കോഴിക്കോട് എന്‍.ഐ.ടിയില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ് ബിരുദം നേടിയശേഷം ജോലിതേടി സൗദിയിലെത്തിയ സജീര്‍ അവിടെനിന്നാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് പോയത്.

കേരളത്തില്‍നിന്ന് അഫ്ഗാനിസ്താനിലെ ഐ.എസ് ക്യാമ്പിലേക്ക് പരിശീലത്തിനുപോയ 21 പേരെ റിക്രൂട്ട് ചെയ്തത് സജീറാണെന്ന് എന്‍.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലായിരുന്നു സജീറിന്റെ സ്‌കൂള്‍ പഠനം. കെ.എസ്.ആര്‍.ടി.സി ഡ്രൈവറായിരുന്നു പത്ത് വര്‍ഷം മുമ്പ് മരിച്ച പിതാവ്. എന്‍.ഐ.ടിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കോഴിക്കോട് മൂഴിക്കലിലേക്ക് താമസം മാറ്റിയത്. പഠിക്കുന്ന കാലത്തും തുടര്‍ന്ന് അവധിക്ക് നാട്ടിലെത്തുമ്പോഴുമെല്ലാം നാട്ടുകാരുമായി അധികം ഇടപഴകുന്ന സ്വഭാവം സജീറിന് ഉണ്ടായിരുന്നില്ല.