ലണ്ടന്‍: ഒരു വയസുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. കുട്ടിയുടെ ഇരട്ട സഹോദരിയും ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.

ബിദ്യാസാഗര്‍ ദാസാണ് പോലീസ് പിടിയിലായത്. ഫിന്‍സ്ബറി പാര്‍ക്കില്‍ ഇയാള്‍ താമസിക്കുന്ന ഫ്ളാറ്റിന് തൊട്ടടുത്ത ഫ്ളാറ്റിലെ സ്ത്രീയുടെ മക്കളെയാണ് ബിദ്യാസാഗര്‍ ആക്രമിച്ചത്. കാരണം വ്യക്തമല്ല.

ശനിയാഴ്ച രാത്രി 11 മണിയോടെ കുട്ടികളുടെ അമ്മ പരിഭ്രമത്തോടെ ഫ്ളാറ്റിന് പുറത്തേക്കോടുന്നത് മറ്റു താമസക്കാര്‍ കണ്ടിരുന്നു. കാരണമന്വേഷിച്ച ഇവരോട് ''എന്റെ മക്കള്‍, എന്റെ മക്കള്‍'' എന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് ഫ്ളാറ്റില്‍ ചെന്നപ്പോഴാണ് ആണ്‍കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടതെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു.

ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് കുട്ടി മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ തന്നെ കുട്ടി മരിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് ആറ് കിലോമീറ്റര്‍ അകലെ വെച്ചാണ് പ്രതിയെ പിടികൂടിയതെന്ന് ദ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ഹോട്ടലില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഈയിടെയാണ് ജോലിയില്‍നിന്ന് രാജി വെച്ചത്. 

പരിക്കേറ്റ് ഈസ്റ്റ് ലണ്ടന്‍ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.