ബീജിങ്: 'വൺ ബെല്‍റ്റ് വൺ റോഡ്' (ഒ.ബി.ഒ.ആര്‍) പദ്ധതി ഇന്ത്യക്ക് തടയാനാവില്ലെന്ന് ചൈനീസ് മാധ്യമം.  ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് പദ്ധതിയുടെ നിര്‍മ്മാണത്തിന് ആഗോള പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി.  ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ആദ്യമായി പദ്ധതി പരാമര്‍ശിച്ചതിന് പിന്നാലെയാണിത്.

ഒ.ബി.ഒ.ആര്‍ പദ്ധതിയില്‍ നിന്ന് ഇന്ത്യ സ്വയം പിന്മാറാന്‍ ആഗ്രഹിക്കുന്ന സമയത്ത് തന്നെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് പദ്ധതിക്ക് വന്‍ പിന്തുണ ലഭിച്ച് കൊണ്ടിരിക്കുകയാണ്. ചൈനക്ക് അന്താരാഷ്ട്രതലത്തില്‍ മതിപ്പ് ഉണ്ടാകുന്നത് ഇന്ത്യക്ക് നോക്കി കാണേണ്ടി വരുമെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. 

സില്‍ക്ക് റോഡ് എന്ന പേരില്‍ അറിയപ്പെടുന്ന ഒ.ബി.ഒ.ആര്‍ പദ്ധതിയുടെ ലക്ഷ്യം ചൈനയെയും മറ്റു പൂര്‍വേഷ്യന്‍ രാജ്യങ്ങളെയും യൂറോപ്യന്‍-ആഫ്രിക്കന്‍ സാമ്പത്തികമേഖലയുമായി ബന്ധിപ്പിക്കുകയെന്നതാണ്. പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഇല്ല. ഈ സാമ്പത്തിക ഇടനാഴി പാക് അധീന കാശ്മീരിലൂടെ കടന്ന് പോകുന്നു എന്നതാണ് പദ്ധതിയില്‍ ഇന്ത്യക്കുള്ള പ്രധാന എതിര്‍പ്പ്. 

കഴിഞ്ഞ വര്‍ഷം മെയ് 20ന് ഹോസ്റ്റിങില്‍ നടന്ന അമ്പതോളം രാജ്യങ്ങളെ പങ്കെടുപ്പിച്ചുള്ള ഉച്ചകോടിയിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഈ ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും താല്‍പര്യത്തിനെതിരാണ് ഈ സാമ്പത്തിക ഇടനാഴിയെന്നായിരുന്നു ഇന്ത്യന്‍ നിലപാട്. പാക് അധീന കശ്മീരിലൂടെ കടന്ന് പോകുന്ന ഇടനാഴി ഇന്ത്യന്‍ പരമാധികാരം ലംഘിക്കുന്നതാണെന്ന ആശങ്ക നിരവധി തവണ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പ്രകടപ്പിച്ചിരുന്നു.

ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു വിപണി തേടുന്നതിനൊപ്പം അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ സൈനികശക്തി ആര്‍ജിക്കാനും പദ്ധതിവഴി ചൈന ലക്ഷ്യമിടുന്നുണ്ട്.