ബെയ്ജിങ്: തീവ്രവാദത്തെ പിന്തുണക്കുന്നവര്‍ എന്ന രീതിയില്‍ പാകിസ്താനെ ചാപ്പ കുത്താന്‍ ശ്രമിക്കുന്നവരെ ശക്തമായി എതിര്‍ക്കുമെന്ന് ഇന്ത്യയെ ഉദ്ദേശിച്ച് ചൈനയുടെ താക്കീത്. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ് ചൈനയുടെ ചിരകാല സുഹൃത്തായ പാകിസ്താനെ പിന്തുണച്ചും ഇന്ത്യയെ കുറ്റപ്പെടുത്തിയുമുള്ള ലേഖനം പ്രസിദ്ധീകരിച്ചത്.

പാകിസ്താനിലെ ഉന്നത പട്ടാള ഉദ്യോഗസ്ഥന്‍ ഇന്ത്യയ്ക്ക് നേരെ നീട്ടിയ സമാധാനത്തിന്റെ ഒലീവിലകള്‍ സ്വീകരിച്ച് ചൈന-പാകിസ്താന്‍ വ്യാവസായിക ഇടനാഴിയില്‍ ഇന്ത്യ ചേരണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

പാകിസ്താനോടുള്ള ഇന്ത്യയുടെ ശത്രുത അവസാനിപ്പിക്കണമെന്നും  46 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ചൈന പാകിസ്താന്‍ വ്യാവസായിക ഇടനാഴിയില്‍ ഇന്ത്യ ചേരണമെന്നും പാകിസ്താനിലെ ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥൻ ലഫ്. ജനറല്‍ റിയാസ് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെ പാകിസ്താന്‍ പട്ടാള ഉദ്യാഗസ്ഥന്റെ വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ടാണ് ചൈനയുടെ പ്രതികരണം.

ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ കഴിയാതെ വന്നാല്‍ എല്ലാവര്‍ക്കും മെച്ചമുള്ള സാമ്പത്തിക സഹകരണത്തിലൂടെ പരസ്പരമുള്ള വിദ്വേഷം കുറയ്ക്കുകയാണ് ഏറ്റവും നല്ല പോംവഴിയെന്നും ലേഖനത്തിലൂടെ ചൈന ഇന്ത്യയെ ഉപദേശിക്കുന്നു. ന്യൂഡല്‍ഹി സമയത്തിന് പ്രതികരിച്ചില്ലെങ്കില്‍ പാകിസ്താന്‍ ജനറല്‍ ഇന്ത്യയ്ക്ക്  നല്‍കിയ ഓഫര്‍ പാകിസ്താനില്‍ നിന്നുള്ള എതിര്‍പ്പ് മൂലം അല്‍പായുസ്സായി തീരുമെന്നും ലേഖനം പറയുന്നു.  ഇന്ത്യ ഒഴിവാക്കാനാവാത്ത ഘടകമാണെന്ന് പാകിസ്താന്‍ കരുതുന്നു എന്നതിനുള്ള അടയാളമാണ് പാകിസ്താന്‍ ജനറലിന്റെ ക്ഷണമെന്നും ചൈനീസ് പത്രം പറയുന്നു.

'ചൈനയോട് ഉടക്കാന്‍ യു.എസ്. വരെ മടിക്കും, പിന്നെയാണോ ഇന്ത്യ'

"ചൈനയുമായുള്ള ബന്ധം വഷളാകുമ്പോള്‍ യു എസ് വരെ രണ്ടാമതൊന്ന് ആലോചിക്കാറുണ്ട്. പിന്നെ എന്തു കണ്ടിട്ടാണ് ഇന്ത്യ ഇത്ര ആത്മവിശ്വാസത്തോടെ പെരുമാറുന്നതെന്ന് " വളരെ രൂക്ഷമായ ഭാഷയില്‍ കഴിഞ്ഞ ദിവസം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് അടുത്ത ആരോപണം.