ടോക്കിയോ: ചൈനയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന ഡോക്‌ലാമിലെ ഇന്ത്യന്‍ നിലപാടിന് ജപ്പാന്റെ പിന്തുണ. നിലവിലെ സ്ഥിതിയില്‍ നിന്ന് ഒരു രാജ്യവും ബലപ്രയോഗത്തിലൂടെ സൈന്യത്തെ നീക്കം ചെയ്യരുതെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു.

സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന് ഭൂട്ടാന്റെ പ്രദേശത്ത് റോഡ് നിര്‍മിക്കാനുള്ള ചൈനീസ് നീക്കത്തെ എതിര്‍ക്കുന്ന ഇന്ത്യന്‍ നിലപാടിന് അനുകൂലമായാണ് ജപ്പാന്‍ പ്രതികരിച്ചത്. ജപ്പാന്‍ അംബസാഡര്‍ കെന്‍ജി ഹിരാമാട്‌സുവാണ് ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചത്. ഭൂട്ടാനും ചൈനയും തമ്മില്‍ തര്‍ക്കത്തിലുള്ള പ്രദേശമാണ് ഡോക്‌ലാം. ഇവിടെ ഇന്ത്യ കരാറനുസരിച്ചാണ് ഇടപെടല്‍ നടത്തുന്നതെന്നാണ് തങ്ങള്‍ക്കറിവുള്ളതെന്നും കെന്‍ജി ഹിരാമാട്‌സു പറഞ്ഞു. 

ഡോക്‌ലാം വിഷയത്തില്‍ ആദ്യമായാണ് ഒരു പ്രധാന രാജ്യം ഇന്ത്യക്ക് പിന്തുണയുമായി എത്തുന്നത്. ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അടുത്തമാസം ഇന്ത്യയിലെത്തുന്നുമുണ്ട്. സെപ്തംബര്‍ 13 മുതല്‍ 15 വരെയാണ് സന്ദര്‍ശനം. ജപ്പാന്റെ ഇന്ത്യന്‍ അംബാസിഡര്‍ കെന്‍ജി ഹിരാമാട്‌സുവിന് നിലവില്‍ ഭൂട്ടാന്റെ ചുമതലകൂടി ഉണ്ട്.