ന്യൂയോര്‍ക്ക്: ബഹുരാഷ്ട്ര ശീതളപാനീയ കമ്പനിയായ കൊക്കോ കോള ലഹരി പാനീയവും വിപണിയിലറക്കാന്‍ ഒരുങ്ങുന്നു. 125 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കൊക്കൊ കോള ലഹരി പാനീയ നിര്‍മാണ രംഗത്തിറങ്ങുന്നത്. തുടക്കമെന്ന നിലയില്‍ ജപ്പാനിലാണ് കൊക്കോ കോളയുടെ കുറഞ്ഞ ലഹരിയുള്ള പാനീയം വിപണിയിലിറക്കുന്നത്.

ജപ്പാനില്‍ നിലവിലുള്ള 'ചു ഹി' എന്നറിയപ്പെടുന്ന പാനീയത്തിന് സമാനമായാണ് കൊക്കോ കോളയുടെ ഉല്‍പന്നവും വിപണിയിലെത്തുകയെന്ന് കൊക്കോ കോള ജപ്പാന്‍ പ്രസിഡന്റ് ജോര്‍ജ് ഗര്‍ഡുനോ പറഞ്ഞു. ജപ്പാന്റെ പരമ്പരാഗത പാനീയമായ 'ചു ഹി'യില്‍ 'ഷോചു' എന്നറിയപ്പെടുന്ന മദ്യമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ഇതിനൊപ്പം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കലര്‍ത്തിയ വെള്ളം, പഴങ്ങളുടെ ഫ്‌ളേവറുകള്‍ തുടങ്ങിയവയൊക്കെയാണ് അടങ്ങിയിരിക്കുന്നത്. ലഹരിക്കായി 'ഷോചു'വിനു പകരം വോഡ്കയും ഉപയോഗിക്കാറുണ്ട്. 

കോള പോലെതന്നെ ടിന്നിലാണ് പാനീയം പുറത്തിറങ്ങുന്നത്. മൂന്നു മുതല്‍, ഒമ്പത് ശതമാനം വരെ ആല്‍ക്കഹോള്‍ ആണ് പാനീയത്തിലുണ്ടാവുക. മുന്തിരി, സ്‌ട്രോബറി, കിവി, പീച്ച് എന്നീ ഫ്‌ളേവറുകളിലാണ് പാനീയം വിപണിയിലെത്തുക. കൊക്കോ കോള ലഹരിപാനീയ രംഗത്തേക്കിറങ്ങുന്നത് ആദ്യമായാണെന്നും പതിവ് ഉത്പന്നങ്ങളില്‍നിന്ന് വ്യത്യസ്തമായി പുതിയ സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമമാണ് കമ്പനിയുടേതെന്നും ജോര്‍ജ് ഗര്‍ഡുനോ പറഞ്ഞു.

ജപ്പാനില്‍ പുറത്തിറക്കുന്ന പുതിയ ഉല്‍പന്നം മറ്റു മാര്‍ക്കറ്റുകളിലേക്കും എത്തിക്കുമോ എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഉല്‍പന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി 1977ല്‍ കൊക്കോ കോള വൈന്‍ നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ചെങ്കിലും പിന്നീട് അതില്‍നിന്ന് പിന്‍തിരിയുകയായിരുന്നു.