ബെയ്ജിങ് : ദലൈലാമ കാര്‍ഡുപയോഗിച്ചുള്ള കളി ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്ന് ചൈന. ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ ലേഖനത്തിലൂടെയാണ് ചൈനയുടെ കടുത്ത താക്കീത് .

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന അഹങ്കാരം വെച്ചു കൊണ്ട് വഷളായ കുട്ടിയെപ്പോലെ പലപ്പോഴും ഇന്ത്യ പെരുമാറുന്നുവെന്നും  മഹത്തായ ഒരു രാജ്യമാവാനുള്ള  കഴിവ് ഇന്ത്യയ്ക്കുണ്ടെങ്കിലും രാജ്യത്തിന്റെ ദര്‍ശനം സങ്കുചിതിമായിപ്പോയെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വണ്‍ ചൈന പോളിസിയെ എതിര്‍ത്തപ്പോള്‍ ചൈന അത് കൈകാര്യം ചെയ്ത രീതി ഇന്ത്യ കണ്ടു പഠിക്കണമെന്നും ലേഖനത്തിൽ പരിഹസിക്കുന്നു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട്  രാഷ്ട്രപതി ഭവനില്‍ നടത്തിയ സമ്മേളനത്തിലേക്ക് ദലൈലാമയെ ക്ഷണിച്ചതാണ് ചൈനയെ പ്രകോപിപ്പിച്ചത്.

 ചൈനയുമായുള്ള ബന്ധം വഷളാകുമ്പോള്‍ യു എസ് വരെ രണ്ടാമതൊന്ന് ആലോചിക്കാറുണ്ട്. പിന്നെ എന്തു കണ്ടിട്ടാണ് ഇന്ത്യ ഇത്ര ആത്മവിശ്വാസത്തോടെ പെരുമാറുന്നതെന്ന് വളരെ മോശമായ ഭാഷയിലും സ്വരത്തിലുമാണ്  ചൈനീസ് മാധ്യമം പരിഹസിച്ചത്.

കഴിഞ്ഞ മാസം ദലൈലമയെ ക്ഷണിച്ച മംഗോളിയയുടെ നടപടി ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ചൈനയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇനി മംഗോളിയയിലേക്ക് ദലൈലാമയെ ഒരിക്കല്‍ കൂടി സന്ദര്‍ശനത്തിന് അനുവദിക്കില്ലെന്ന് മംഗോളിയന്‍ വിദേശ കാര്യ മന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയ്ക്ക നേരെയുള്ള ചൈനയുടെ രൂക്ഷ വിമര്‍ശം