ലോസ് ആഞ്ജലിസ്: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് അരിസോണയിലെ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 

1942 ജനുവരി 17 ന് അമേരിക്കയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍ എന്ന മുഹമ്മദ് അലി ജനിക്കുന്നത്. പരസ്യബോര്‍ഡ് എഴുത്തുകാരനായിരുന്ന കാഷ്യസ് മാര്‍സലസ് ക്ലേ സീനിയര്‍ ആണ് പിതാവ്. മാതാവ് ഒഡേസ ഗ്രേഡി ക്ലേ. റുഡോള്‍ഫ് എന്നു പേരുള്ള ഒരു സഹോദരനും അലിക്കുണ്ടായിരുന്നു. 1954 ലാണ്  അദ്ദേഹം ബോക്സിംഗിലേക്ക് വരുന്നത്. 

18 വയസ്സ് ആയപ്പോഴേക്കും കാഷ്യസ് ക്ലേ അമേച്വര്‍ ബോക്‌സിംഗ് മല്‍സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി കഴിഞ്ഞിരുന്നു. കെന്റുക്കി ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ്‌ കിരീടം ആറ് തവണയും നാഷണല്‍ ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ്‌ കിരീടം രണ്ടു തവണയും ഇദ്ദേഹം നേടി. 1960-ല്‍ റോം ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയതോടുകൂടി അന്താരാഷ്ട്ര ശ്രദ്ധ നേടി.

1964, 1974, 1978 എന്നീ വര്‍ഷങ്ങളില്‍  ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടി. 1975 ലാണ് ഇസ്ലാം മതം സ്വീകരിച്ച് കാഷ്യസ് ക്ലേ മുഹമ്മദ് അലി ആയി മാറുന്നത്. കറുത്ത വര്‍ഗക്കാരനായതിനാല്‍  മുഹമ്മദ് അലി പലപ്പോഴും വര്‍ണവിവേചനത്തിന് ഇരയായിട്ടുണ്ട്. ഈ ദുരനുഭവങ്ങളാണ് വര്‍ണവെറിക്കെതിരെ പോരാടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

1981 ലാണ് അദ്ദേഹം കളിക്കളത്തോട് വിടപറയുന്നത്. 1984ല്‍ അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അണുബാധയും ന്യൂമോണിയയും മൂലം പലതവണ അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

1964-ല്‍ ആദ്യ വിവാഹം. നാല് വിവാഹങ്ങളിലായി ഏഴ് പെണ്‍കുട്ടികളും, രണ്ട് ആണ്‍കുട്ടികളും ഉണ്ട്. പ്രശസ്ത അമേരിക്കന്‍ ബോക്‌സര്‍ ലൈലാ അലി ഇദ്ദേഹത്തിന്റെ മകളാണ്.

മുഹമ്മദലിയുടെ പ്രശസ്തമായ വിജയങ്ങള്‍ കാണുക: