ഓസ്റ്റിന്‍: അമേരിക്കയില്‍ പാര്‍ക്കിങ് ഗാരേജിലെ ഏഴാം നിലയില്‍നിന്ന് താഴേക്ക് പതിച്ച കാറില്‍ ഉണ്ടായിരുന്ന വനിതാ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ജൂലായ് 13 ന് നടന്ന നടുക്കുന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ഓസ്റ്റിന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് പുറത്തുവിട്ടത്.

മറ്റൊരു വാഹനം റോഡിലിട്ട് തിരിക്കുന്നതിനിടെയാണ് ബി.എം.ഡബ്ല്യൂ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ഏഴാം നിലയില്‍നിന്ന് താഴേക്കുവീണത്. റോഡിലുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

കാര്‍ ഓടിച്ചിരുന്ന വനിത ബ്രക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയതിനെത്തുടര്‍ന്നാകാം കാര്‍ സംരക്ഷണഭിത്തി തകര്‍ത്ത് താഴേക്ക് വീണതെന്ന് പോലീസ് പറഞ്ഞു. കണ്ടുനിന്നവര്‍ ഉടന്‍ വാഹനത്തിന്റെ ഡ്രൈവറെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. കാറിലുണ്ടായിരുന്ന വനിതയ്ക്ക് നിസാര പരിക്കുകളെ ഉണ്ടായിരുന്നുള്ളു.

ഇതേ പാര്‍ക്കിങ് ഗാരേജിന്റെ ഒന്‍പതാം നിലയില്‍നിന്ന് മറ്റൊരുകാറും നേരത്തെ താഴേക്ക് പതിച്ചിരുന്നു. എന്നാല്‍ കാര്‍ കെട്ടിടത്തില്‍ തങ്ങിനിന്നു. അന്നും വാഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെടുകയാണ് ഉണ്ടായത്.