ധാക്ക: മരക്കൊമ്പ് പോലെ ശരീരാവയങ്ങള്‍ രൂപാന്തരം പ്രാപിക്കുന്ന അത്യപൂര്‍വ്വ രോഗമായ ട്രീമാന്‍ സിന്‍ഡ്രോം ആദ്യമായി ഒരു സ്ത്രീയില്‍ കണ്ടെത്തി. ബംഗ്ലാദേശിലെ പത്തുവയസ്സുകാരിയായ സഹാന ഖാത്തൂനാണ് ഈ രോഗം ബാധിക്കുന്ന ലോകത്തിലെ  ആദ്യ സ്ത്രീ എന്ന് കരുതപ്പെടുന്നു.

ശരീരത്തിലെ അമിതമായ ഒരുതരം അരിമ്പാര വളര്‍ച്ചയാണ് ട്രീമാന്‍ സിന്‍ഡ്രോം. ജനിതക രോഗമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലോകത്ത് ഈ രോഗം ഇതുവരെ ബാധിച്ചത് പുരുഷന്‍മാരെമാത്രമാണ്.  

നാല് മാസം മുമ്പ് സഹാനയുടെ മുഖത്ത് അവിടവിടെയായി അരിമ്പാറകള്‍ വളര്‍ന്നു തുടങ്ങിയപ്പോള്‍ പിതാവ് അതത്ര കാര്യമാക്കിയില്ല.എന്നാല്‍ നാല് മാസം കൊണ്ട് അരിമ്പാറ വളര്‍ച്ച അധികമായി മുഖത്തെ വൈരൂപ്യമാക്കി തുടങ്ങിയപ്പോള്‍ ഡോക്ടര്‍മാരുടെ സഹായം തേടുകയായിരുന്നു. ട്രീമാന്‍ സിന്‍ഡ്രോം ആണ് സഹാനയ്‌ക്കെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. അങ്ങിനെയെങ്കില്‍ ഈ രോഗം പിടിപെടുന്ന ലോകത്തിലെ ആദ്യ പെണ്‍കുട്ടിയാവും സഹാന.

treeman
ശസ്ത്രക്രിയയ്ക്ക് ശേഷം അബുൾ ബജന്ദാർ

ഒരു വര്‍ഷം മുമ്പ് ബംഗ്ലാദേശിലെ ധാക്ക മെഡിക്കല്‍കോളേജില്‍ അമിതമായ അരിമ്പാറ വളര്‍ച്ചയുമായി എത്തിയ അബുല്‍ ബജന്ദാര്‍ എന്ന യുവാവ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കൈകാലുകള്‍ വൃക്ഷത്തലപ്പ് പോലെയായി മാറിയ ഇദ്ദേഹം വൃക്ഷമനുഷ്യന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതും. 5 കിലോയിലധികമായ ഈ പ്രത്യേക വളര്‍ച്ചകള്‍ ശസ്ത്രക്രിയയിലൂടെ അടുത്തിടെയാണ് നീക്കം ചെയ്തത്. 16 ശസ്ത്കക്രിയകള്‍ക്കൊടുവില്‍ ബജന്ദാര്‍ സുഖം പ്രാപിച്ച വരികയാണ്. 

ബജന്ദാര്‍ സുഖം പ്രാപിച്ച വാര്‍ത്തയില്‍ ആശ്വാസം കണ്ടെത്തുകയാണ് സഹാനയുടെ കുടുംബം.