ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താന്‍ മേഖലയിലെ മുസ്ലീം ആരാധനാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ജാല്‍ മഗാസിയിലെ ആരാധനാലയത്തിലാണ് ആക്രമണമുണ്ടായത്. ഉറൂസ് നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. സ്ഫോടക വസ്തുവുമായെത്തിയ ആക്രമിയെ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. 

സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായും നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് മേധാവി അസദ്ദുല്ലാഹ് ഗാഖര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണെന്നും മരണസഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പരിക്കേറ്റവരില്‍ രണ്ട് പോലീസുകാരും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനത്തിനും സുരക്ഷയ്ക്കും ആവശ്യമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബലൂചിസ്താന്‍ ആഭ്യന്തര മന്ത്രി അറിയിച്ചു. 

ആക്രമണം നടന്ന മേഖലയില്‍ പ്രദേശിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന നഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാറിയാണ് ആരാധനാലയം സ്ഥിതി ചെയ്യുന്നത്.