ക്വീന്‍സ്‌ലാന്‍ഡ്: ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് സങ്കേതമായ ഗ്രേറ്റ് ബാരിയര്‍ റീഫ് വിനോദ സഞ്ചാാരികളുടെ പേടിസ്വപ്നമാവുന്നു.എഴുപത്തഞ്ചു വയസുള്ള ജപ്പാന്‍കാരിയുടെ മരണത്തോടെ ഈ വര്‍ഷം ഇവിടെ രേഖപ്പെടുത്തുന്ന പത്താമത്തെ മരണമാണിത്. സ്‌കൂബാ ഡൈവിങ്ങിനിടെയായിരുന്നു മരണം. കടലില്‍നിന്ന് പൊക്കിയെടുത്ത് ഇവര്‍ക്ക് അടിയന്തിര ശുശ്രൂഷ കൊടുത്തെങ്കിലും രക്ഷിക്കാനായില്ല. 

കഴിഞ്ഞ മാസം നാല് വിനോദ സഞ്ചാരികള്‍ ഇവിടെ മരണപ്പെട്ടിരുന്നു. എന്നാല്‍ പ്രായമായവരാണ് മരിച്ചവരില്‍ ഭൂരിഭാഗമെന്നും ഇവര്‍ പല രോഗങ്ങള്‍ക്ക് നിലവില്‍ ചികിത്സയിലുള്ളവരാണെന്നും ടൂറിസ്റ്റ് കേന്ദ്രം അധികൃതര്‍ പറയുന്നു. 

സ്‌കൂബാ ഡൈവര്‍മാരുടെ പ്രിയ സങ്കേതമാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. റീഫിലെ വിനോദ സഞ്ചാരം വഴി ആസ്ത്രേലിയക്ക് വലിയ വരുമാനം ലഭിക്കുന്നുണ്ട്. പ്രതിവര്‍ഷം 20 ലക്ഷമാണ് ഇവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം.

ലോകത്തെ ഏറ്റവും വലിയ പ്രകൃതിദത്തമായ പവിഴപ്പുറ്റ് ശൃംഖലയാണ് ആസ്ത്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ്. വടക്കു കിഴക്കന്‍ ആസ്ത്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിനു തീരത്താണ് 3000 കിലോ മീറ്റര്‍ നീണ്ടു കിടക്കുന്ന ഈ പ്രകൃതി വിസ്മയം. ജീവജാലങ്ങള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഈ നിര്‍മ്മിതി ബഹിരാകാശത്തുനിന്ന് നോക്കിയാല്‍വരെ കാണാന്‍ സാധിക്കും.