ന്യൂഡല്‍ഹി: പാകിസ്താനികളുടെ ചില പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനും ഇസ്ലാമിനും ചീത്തപ്പേരുണ്ടാക്കുന്നതായി  നൊബേല്‍ ജേതാവ് മലാല യൂസഫ്സായ്. ദൈവനിന്ദ ആരോപിച്ച് മാധ്യമപഠന വിദ്യാര്‍ഥിയെ ജനക്കൂട്ടം തല്ലിക്കെന്നതുമായി ബന്ധപ്പെട്ടായിരുന്നു മലാലയുടെ പ്രതികരണം. സംഭവത്തിനു ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മലാല ഇക്കാര്യം പറയുന്നത്. 

ലോകത്തിനു മുന്നില്‍ രാജ്യത്തിനും ഇസ്ലാമിനും മോശം പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുന്നുണ്ട്. ഇസ്ലാമിനെ ആക്ഷേപിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്ത് മതത്തിനെതിരായ വിവേചനത്തെക്കുറിച്ച് എങ്ങനെ നമുക്ക് സംസാരിക്കാന്‍ സാധിക്കും. രാജ്യത്തിനും മതത്തിനും എതിരായി പ്രവര്‍ത്തിക്കുന്നത്‌ നമ്മള്‍ തന്നെയാണെന്നും മലാല പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുപത്തി മൂന്നുകാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലിക്കൊന്നത്. ഫെയ്‌സ്ബുക്കില്‍ മതത്തെ അവഹേളിക്കുന്ന കുറിപ്പ് പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മാഷാലിനെ കൊലപ്പെടുത്തുന്നതും മൃതദേഹത്തെ മര്‍ദിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

മരണപ്പെട്ട വിദ്യാര്‍ഥിയുടെ കുടുംബത്തെ വിളിച്ച് സംസാരിച്ചതായും അവര്‍ ഏറെ ദു:ഖത്തിലാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയാണ് വേണ്ടതെന്നും മലാല സന്ദേശത്തില്‍ പറഞ്ഞു.