വത്തിക്കാന്‍ സിറ്റി: വിവിധ രാജ്യങ്ങളുടേയും സംഘടനകളുടേയും വ്യക്തികളുടേയുമെല്ലാം ഇടപെടലുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ഐഎസ് തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഫാദര്‍ ടോം ഉഴുന്നാലിൽ സാധാരണ ജീവിതത്തിലേക്ക്  തിരിച്ചു വരികയാണ്.

നിലവില്‍ വത്തിക്കാനിലുള്ള ഫാ. ടോം ഉഴുന്നാലില്‍ അവിടെ സലേഷ്യന്‍ സഭയു സംരക്ഷണയിലാണ് കഴിയുന്നത്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും മനസ്സിനും ശരീരത്തിനുമേറ്റ ആഘാതങ്ങളെ മറികടക്കാനും പുണ്യനഗരത്തിലെ വാസം ഫാദര്‍ ഉഴുന്നാലിനെ സഹായിക്കുമെന്ന് സല്യേഷന്‍ നേതൃത്വം കരുതുന്നു.

tom
വത്തിക്കാനിലെത്തിയ ഫാ.ടോം ഉഴുന്നാല്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍. Photo: ANS
 

ചൊവ്വാഴ്ച വൈകിട്ട് വത്തിക്കാനില്‍ എത്തിയ ഉടന്‍ തന്നെ കാണാനെത്തിയവരോട് ടോം ഉഴുന്നാലില്‍ പറഞ്ഞത് ദൈവത്തിനും മാതാവിനും നന്ദി പറയുന്നുവെന്നാണ്.  കേരളീയ രീതിയില്‍ പൊന്നാട അണിയിച്ചാണ് ഉഴുന്നാലിനെ  സ്വാഗതം ചെയ്തത്. അദ്ദേഹത്തിന് കേരളീയ ശൈലിയിലുള്ള ഭക്ഷണവും  ഒരുക്കിയിരുന്നു.

വത്തിക്കാനിൽ എത്തിയ ഉടൻ തന്നെ ചാപ്പലില്‍ ചെന്ന് പ്രാര്‍ത്ഥിക്കാനും കുര്‍ബാന അര്‍പ്പിക്കാനുമുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും ചികിത്സയ്ക്കും പരിശോധനകള്‍ക്കും വിധേയനാവേണ്ടിയിരുന്നതിനാല്‍ അത് അനുവദിച്ചില്ല. എന്നാല്‍ കുമ്പസാരിക്കണമെന്ന ആവശ്യം അനുവദിച്ചു.

tom
വത്തിക്കാനിലെത്തിയ ഫാ.ടോം ഉഴുന്നാല്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍. Photo: ANS

ഐഎസ് തടവറയില്‍ കഴിഞ്ഞ ദിവസങ്ങളിലത്രയും താന്‍ മനസു കൊണ്ട്  കുര്‍ബാന അര്‍പ്പിച്ചിരുന്നതായി അദ്ദേഹം പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒന്നരവര്‍ഷത്തോളം നീണ്ട ഐഎസ് ക്യാംപിലെ ജീവിതത്തെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വിവരിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ക്കൊപ്പം ഇത്രനാള്‍ നീണ്ട ജീവിതത്തില്‍ ഒരിക്കല്‍ പോലും താന്‍ മരണത്തെ ഭയപ്പെട്ടിരുന്നില്ലെന്ന് ഫാദര്‍ പറഞ്ഞു. പിന്നീട് ഫ്രാൻസിസ് മാർപാപ്പയേയും ഫാ.ഉഴുന്നാൽ സന്ദർശിച്ചു.

ഫാദര്‍ ടോം ഉഴുന്നാലിലിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഏദനിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ചാപ്പലില്‍ പ്രാര്‍ത്ഥനയ്ക്കിടെയാണ് കഴിഞ്ഞ വര്‍ഷം തീവ്രവാദികള്‍ തന്നെ തട്ടിക്കൊണ്ടു പോയത്.

അറബിയും അല്‍പം ഇംഗ്ലീഷും സംസാരിക്കുന്നവരായിരുന്നു അവര്‍. തടവില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും പക്ഷേ മോശമായ പെരുമാറ്റം അവരില്‍ നിന്നുണ്ടായിട്ടില്ല.

എന്നാല്‍ ഐഎസ് ക്യാംപിലെ ജീവിതം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. തടവില്‍ കഴിഞ്ഞ കാലമത്രയും ഒരേ വസ്ത്രമായിരുന്നു ധരിച്ചത്.

ശരീരഭാരം ക്രമാതീതമായി കുറയാന്‍ തുടങ്ങിയപ്പോള്‍ പ്രമേഹത്തിനുള്ള മരുന്നുകള്‍ അവര്‍ തന്നു.  

തട്ടിക്കൊണ്ടു പോയശേഷം മൂന്ന് തവണ തീവ്രവാദികള്‍ താവളം മാറ്റി.  പക്ഷേ ഓരോ തവണ സ്ഥലം മാറുമ്പോഴും അവരെന്റെ കണ്ണുകെട്ടിയാണ് കൊണ്ടു പോയിരുന്നത്.

fr.tom
വത്തിക്കാനിലെ സലേഷ്യന്‍ കേന്ദ്രത്തില്‍ സഭാംഗങ്ങളോടൊപ്പം ഫാ.ടോം. Photo: ANS
 

2016 മാര്‍ച്ച് മൂന്നിനാണ് ഏദനില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ എന്നെ തട്ടിക്കൊണ്ടു പോയത്. ആ കൂട്ടക്കൊല നടന്ന ആ രാത്രിക്ക് മുന്‍പുള്ള ദിവസം ചാരിറ്റി ഹൗസിന്റെ ഡയറക്ടറുമായി യെമനിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് ഞാന്‍ സംസാരിക്കുകയുണ്ടായി.

യുദ്ധഭൂമിയില്‍ പ്രവര്‍ത്തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് ജീവന്‍ പണയം വച്ചുള്ള കളിയാണെന്നും യേശുവിന് വേണ്ടി ഇവിടെ നമ്മുക്കെല്ലാം ഒരുമിച്ച് രക്തസാക്ഷിത്വം വഹിക്കാന്‍ സാധിച്ചാല്‍ അതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എനിക്ക് യേശുവിന് വേണ്ടി ജീവിക്കണമെന്നായിരുന്നു അവിടെയുണ്ടായിരുന്നു പ്രായം കുറഞ്ഞ ഒരു കന്യാസ്ത്രീ പറഞ്ഞത്.... അത്ഭുതകരമെന്ന് പറയട്ടെ പിറ്റേന്ന് നടന്ന തീവ്രവാദി ആക്രമണത്തില്‍ ആ യുവകന്യാസ്ത്രീ രക്ഷപ്പെടുകയും ചെയ്തു.

tom uzhunal
വത്തിക്കാനിലെ സലേഷ്യൻ കേന്ദ്രത്തിൽ സഭാംഗങ്ങളോടൊപ്പം ഫാ.ടോം. Photo: ANS