തിരുവനന്തപുരം: കുരിശായാലും കൈയേറ്റം ഒഴിപ്പിക്കണമെന്ന് ഭരണ പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. കൈയേറ്റത്തിനെതിരെ ശക്തമായ നടപടി വേണം. ഏത് തരത്തിലുള്ള കൈയേറ്റവും ഒഴുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കൊണ്ട് വി.എസ് പോളിറ്റ്ബ്യൂറോയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാറിലെ കൈയേറ്റത്തിനെതിരായ നടപടിയെ മുഖ്യമന്ത്രി എതിര്‍ത്തിട്ടും നടപടിക്ക് ശക്തമായ പിന്തുണയുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയത്. 

കഴിഞ്ഞ ദിവസമായിരുന്നു ദേവികളും സബ്കലക്ടറുടെ നേതൃത്വത്തില്‍ പാപ്പാത്തിച്ചോലയില്‍ സ്വകാര്യ പ്രാര്‍ത്ഥനാ സംഘം സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂസംഘം പൊളിച്ച് നീക്കിയത്. തുടര്‍ന്ന് ഇത് കുരിശ് യുദ്ധമാണോയെന്ന് ചോദിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

മൂന്നാറിലെ നടപടി തെറ്റിദ്ധാരണയുണ്ടാക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. എന്നാല്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോയ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശത്താല്‍ പൊതുസ്ഥലത്ത് കുരിശ് സ്ഥാപിച്ച പ്രാര്‍ത്ഥനാ സംഘം മേധാവി ഡോ.സ്‌കറിയക്കെതിരെ വെള്ളിയാഴ്ച ശാന്തന്‍പാറ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.