തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെ.ജനചന്ദ്രനെ എന്‍.ഡി.എയുടെ സ്ഥനാര്‍ത്ഥിയാക്കാന്‍ ധാരണ. ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ ജനചന്ദ്രന്റെ പ്രാദേശിക ബന്ധം കൂടി പരിഗണിച്ചാണ് ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ധാരണയിലെത്തിയത്.

ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭ സുരേന്ദ്രന്‍ വേങ്ങരയില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യം കേട്ടിരുന്നതെങ്കിലും പിന്നീട് തീരുമാനം ജനചന്ദ്രനിലേക്കെത്തുകയായിരുന്നു. ബി.ജെ.പിക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് വോട്ട് ലഭിക്കാറുള്ള മണ്ഡലം കൂടിയാണ് വേങ്ങര. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഇവിടെ 7055  വോട്ട്മാത്രമാണ്  നേടാനായത്. ആ നിലയില്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ജനചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇനി പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്ന് കേന്ദ്രമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. തീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന സൂചന.