തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനാിയിരുന്ന ഉവവൂര്‍ വിജയന്റെ മരണം അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഉഴവൂര്‍ വിജയനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അന്വേഷണം.

ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍സിപി കോട്ടയം ജില്ലാകമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.  ഈ പരാതി മുഖ്യമന്ത്രി തുടര്‍നടപടികള്‍ക്കായി ഡിജിപിക്ക് കൈമാറിയിരുന്നു. മരണത്തിന് തൊട്ടുമുമ്പ് വന്ന ഫോണ്‍കോളിന് ശേഷമാണ് ഉഴവൂരിന്റെ നില വഷളായതും മരണത്തിന് കീഴടങ്ങിയതും എന്നാണ് പരാതി. ഈ ഫോണ്‍വിളികെളെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും.

ഉഴവൂരിനെ പാര്‍ട്ടിയില്‍ തന്നെയുള്ള ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് പാര്‍ട്ടിയില്‍ ആരോപണം ഉയരുന്നത്. അതിനാല്‍ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് എന്‍സിപി ജില്ലാകമ്മിറ്റി നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.  പരാതിയില്‍ പറയുന്ന സുള്‍ഫിക്കര്‍ മയൂരി കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാനാണ്. സുള്‍ഫിക്കറിനെ ഈ സ്ഥാനത്തുനിന്നും നീക്കണമെന്നും എന്‍സിപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.