തിരുവനന്തപുരം: കെ.എം.മാണിയെ യുഡി.എഫിലേക്ക് തിരിച്ചു വിളിച്ച കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസ്സനെതിരെ യുഡിഎഫ് യോഗത്തില്‍ വിമര്‍ശം. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മാണിയെ ക്ഷണിച്ച എം.എം.ഹസ്സന്റെ പ്രസ്താവനക്കെതിരെ ജെഡിയുവാണ് രംഗത്തെത്തിയത്. അനവസരത്തിലുള്ളതാണ് ഹസ്സന്റെ പ്രസ്താവന. മലപ്പുറം വിജയത്തിന്റെ തിളക്കത്തില്‍ യുഡിഎഫ് നില്ക്കുമ്പോള് അത്തരമൊരു അഭിപ്രായം വേണ്ടിയിരുന്നില്ലെന്നും ജെ.ഡി.യു നേതാക്കള്‍ പറഞ്ഞു.
അതേ സമയം മാണിയെ തിരികെ കൊണ്ടു വരേണ്ടതില്ല എന്നല്ല തങ്ങളുടെ അഭിപ്രായം. പിറകെ നടന്ന് വിളിക്കേണ്ടതില്ല- നേതാക്കള്‍ പറഞ്ഞു. ജെഡിയു നിലപാടിനോട് കെ.മുരളീധരനും സിഎംപി ഒഴികെയുള്ള മറ്റു ഘടക കക്ഷികൾ യോജിച്ചു.. മാണിയെ ഇനി യുഡിഎഫിലേക്ക് ക്ഷണിക്കേണ്ടതില്ല. രാഷ്ട്രീയ നിലപാട് വ്യക്തമാക്കി അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും തിരിച്ച് വരാമെന്നും യുഡിഎഫ് തീരുമാനമെടുത്തു.
മലപ്പുറം തിരഞ്ഞെടുപ്പിന്റെ സമയത്ത് മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ തത്ക്കാലം തിരിച്ചു വരുന്നില്ലെന്ന് മാണി പറഞ്ഞെന്നും പി.കെ.കുഞ്ഞാലിക്കുട്ടി യോഗത്തില്‍ വ്യക്തമാക്കി.
ഫോര്‍വേര്‍ഡ് ബ്ലോക്കിനെ പ്രത്യേക ക്ഷണിതാവാക്കി മുന്നണിയില്‍ ഉള്‍പ്പെടുത്താനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ 'ഒന്നും ശരിയാകാത്ത ഒരു വര്‍ഷം' എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇ.എം.എസ് സര്‍ക്കാരിന്റെ 60-ാം വാര്‍ഷിക ആഘോഷ പരിപാടികളില്‍ നിന്ന് വിട്ട് നല്‍ക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും മുന്നണി യോഗത്തിന് ശേഷം പി.പി.തങ്കച്ചന് പറഞ്ഞു.