CHNഷെഫീഖിന് ആ ദിവസത്തെ ശരിയായി ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ദേഹമാസകലം ചതഞ്ഞരഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ശനിയാഴ്ച  ആ യുവാവ് ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും താന്‍ അനുഭവിച്ച മാനസിക വേദനയ്ക്കും അപമാനത്തിനും ആര് ഉത്തരം പറയുമെന്ന് ഈ ചെറുപ്പക്കാരന് ഇന്നും അറിയില്ല.

നിയമം പോലും തനിക്ക് പിന്തുണ നല്‍കുന്നില്ല എന്ന് അറിയുമ്പോഴാണ് ഷെഫീഖിന് ഏറെ സങ്കടം. കാരണം പട്ടാപ്പകല്‍ ജനമധ്യത്തില്‍ വെച്ച് അത്രത്തോളമാണ് ഒരു പറ്റം വനിതാ ഗുണ്ടകളാല്‍  കൊച്ചിയിലെ ഈ യൂബര്‍ ടാക്‌സി ഡ്രൈവര്‍ അപമാനിക്കപ്പെട്ടത്. 

മര്‍ദ്ദിക്കുക മാത്രമല്ല നഗര മധ്യത്തില്‍ വെച്ച് തന്റെ അടിവസ്ത്രം പോലും ഈ സ്ത്രീകള്‍ വലിച്ചൂരി പീഡിപ്പിക്കുകയാണ് ചെയ്തതെന്ന് ഷെഫീഖ് മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. പക്ഷെ ദിവസം മൂന്ന് കഴിഞ്ഞിട്ടും അവരെ  പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടും  തുടര്‍ നടപടി ഒന്നും എടുക്കാത്തത് താന്‍ ഡ്രൈവര്‍ ആയത് കൊണ്ടാണോ അതല്ല പീഢനം എന്നത് സ്ത്രീകള്‍ക്കെതിരെ  സംഭവിക്കുമ്പോള്‍ മാത്രമാണോ സമൂഹവും അധികാരികളും ഇടപെടുകയുള്ളൂവെന്നാണ് ഷെഫീക് ചോദിക്കുന്നത്.

"ജീവിക്കാന്‍ വേണ്ടി കൊച്ചിയിലെ റോഡില്‍ വളയം പിടിക്കാനെത്തിയതാണ് താന്‍. ആരോടും കലഹിക്കാതെ എന്നും സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാള്‍. പക്ഷെ തനിക്ക് ഇതുവരെ വ്യക്തമായിട്ടില്ല എന്തിനാണ് ആരോടൊ പക പോക്കുന്നത് പോലെ ആ സ്ത്രീകള്‍ തന്നോട് ഇത്ര ക്രൂരമായി പെരുമാറിയത് എന്ന്" ഷെഫീഖ് പറയുന്നു.

ഷെയര്‍ ടാക്‌സി സംവിധാനത്തിലൂടെ ബുക്ക് ചെയ്ത യൂബര്‍ ടാക്‌സി വിളിച്ച സ്ത്രീകള്‍ വണ്ടിയിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെ ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവറായ ഷെഫീഖിനെ മനുഷ്യത്വമില്ലാതെ മര്‍ദ്ദിച്ച് ജനമധ്യത്തില്‍ വെച്ച് വസ്ത്രമടക്കം കീറി നശിപ്പിച്ച് അപമാനിച്ചത്.

ചുറ്റിലും ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടെങ്കിലും 'സ്ത്രീകളെ അറിയാതൊന്ന് തൊട്ട്‌പോയാല്‍' അഴിയെണ്ണേണ്ടി വരുന്ന നിയമമുള്ള കേരളത്തില്‍ ഈ സ്ത്രീകളെ പിടിച്ച് മാറ്റാന്‍ പോലും ജനങ്ങള്‍ പേടിച്ചു. ഫലമോ ഒരു പാവം ടാക്‌സി ജീവനക്കാരന്റെ മാനത്തിന് വിലയില്ലാതെയുമായി. ഇതുമായി ബന്ധപ്പെട്ട് പ്രതികരണത്തിനായി ഷെഫീഖിനെ മര്‍ദിച്ച സ്ത്രീകളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ സംഭവത്തിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

ഒരു പക്ഷെ കൂടി നിന്ന ആളുകള്‍  സ്ത്രീകളെ പിടിച്ച് മാറ്റിയിരുന്നെങ്കില്‍ പിടിച്ച് മാറ്റിയ ആളുകള്‍ ചിലപ്പോള്‍ സ്ത്രീപീഡനത്തിന് കേസ് ചുമത്തപ്പെട്ട്‌ റിമാന്‍ഡില്‍ കഴിയുന്നുമുണ്ടാകുമായിരുന്നു. ഇല്ലെങ്കില്‍ ഫെയിസ്ബുക്കിലും വാട്‌സ് ആപ്പിലും ട്വിറ്ററിലും ഹാഷ് ടാഗുമായി വനിതാ സംഘടനകളും ഫെമിനിസ്റ്റുകളും ഇതിനിടം തന്നെ രംഗത്തെത്തിയിട്ടുമുണ്ടായിരുന്നു. പക്ഷെ ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു പുരുഷനായത് കൊണ്ടോ അല്ലെങ്കില്‍ ഒരു ഡ്രൈവറായത് കൊണ്ടോ അവന് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായില്ല. നിയമം പോലും അകന്ന് നില്‍ക്കുകയും ചെയ്യുന്നു.

ആക്രമത്തിന് നേതൃത്വം നല്‍കിയ സ്ത്രീകള്‍ താര പരിവേഷത്തോട് കൂടിയാണ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങി വന്നത്. ഇതില്‍ പലരും അഭിമാനിക്കുന്നുണ്ടാവുമെങ്കിലും നീതി എന്നത് രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഒരു പോലെയായിരിക്കണമെന്നുള്ള വസ്തുതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

കല്ലെടുത്ത് തലയ്ക്കടിക്കുക, വസ്ത്രങ്ങള്‍ വലിച്ചൂരുക,അപകടകരമായി മുറിവേല്‍പ്പിക്കുക ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ഏറ്റവും കുറഞ്ഞത് കൊലപാതക ശ്രമത്തിന് വരെ കേസെടുക്കാം എന്ന് നിയമം അനുവദിക്കുമ്പോഴാണ് ആക്രമം നടത്തിയ അന്ന് തന്നെ നാല് സ്ത്രീകളും സ്‌റ്റേഷനില്‍ നിന്ന് ജാമ്യമെടുത്ത് ഇറങ്ങിവന്നത്. 

തലയില്‍ കല്ല് കൊണ്ടിടിച്ചു മാരകമായി മുറിവേല്‍പ്പിച്ചു, ജനമധ്യത്തില്‍ വെച്ച് തന്റെ കഴുത്തിന് കുത്തിപ്പിടിച്ച് അടിവസ്ത്രം അടക്കമുള്ളവ കീറി നശിപ്പിച്ചു, ദേഹത്ത് കടിച്ച് മുറിവേല്‍പിച്ചു. ഇത്രയം ചെയ്താല്‍ ശിക്ഷയില്ലാത്ത നാടാണോ ഇത്. ഒന്നും അറിയില്ല ഈ ചെറുപ്പക്കാരന്. എറണാകുളം ജനറല്‍ ആശുപത്രിയിലെ മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച വീട്ടിലെത്തി വിശ്രമത്തിലാണ് ഇയാള്‍.

ടാക്‌സി ഡ്രൈവറാണ് തങ്ങളോട് മോശമായി പെരുമാറിയതെന്നാണ് യുവതികള്‍ പറയുന്നത്. ഡ്രൈവര്‍ അസഭ്യം പറഞ്ഞതാണ് പ്രശ്‌നത്തിന് കാരണമെന്ന് അവര്‍ ആരോപിച്ചിരുന്നു. ഡ്രൈവര്‍ വിളിച്ചുപറഞ്ഞത് അനുസരിച്ച് സ്ഥലത്തെത്തിയ ടാക്‌സി ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ തങ്ങളെ കുടുക്കിയെന്നാണ് യുവതികളുടെ പരാതി. ഡ്രൈവറുടെ തലയിലെ മുറിവ് കൃത്രിമമാണെന്ന ആരോപണവും യുവതികള്‍ ഉന്നയിച്ചിരുന്നു. യൂബര്‍ ടാക്‌സി അസോസിയേഷന്‍ ആദ്യം പുറത്തുവിട്ട ചിത്രത്തില്‍ ഡ്രൈവറുടെ തലയില്‍ മുറിവ് ഉണ്ടായിരുന്നില്ലെന്നും യുവതികള്‍ ആരോപിച്ചിരുന്നു.