തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നിടത്തോളം കാലം മുന്നണി നാറിക്കൊണ്ടിരിക്കുമെന്ന് സിപിഐ. മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായി നടക്കുന്ന സിപിഐ- സിപിഎം ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കും. ഇന്നുചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തില്‍ മന്ത്രിക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നു. 

സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച തോമസ് ചാണ്ടിയുടെ നടപടിയിലും സിപിഐ അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തയാള്‍ മന്ത്രിസഭയില്‍ തുടരുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. വിഷയത്തില്‍ നിയമോപദേശമല്ല നടപടിയാണ് വേണ്ടതെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഉഭയകക്ഷി ചര്‍ച്ചയില്‍ തോമസ് ചാണ്ടി വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സിപിഐ യോഗം 
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ചുമതലപ്പെടുത്തി.  

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റണമെന്ന് സി.പി.എമ്മിനോട് ആവശ്യപ്പെട്ടതായി കാനം രാജേന്ദ്രന്‍ യോഗത്തില്‍ അറിയിച്ചിരുന്നു. ഇതിന് പുറമെയാണ് വിഷയം വീണ്ടും ഉന്നയിക്കാന്‍ സിപിഐ തീരുമാനിച്ചത്. 

തോമസ് ചാണ്ടിയെ  വെച്ചുകൊണ്ട് മന്ത്രിസഭ മുന്നോട്ട് പോവരുതെന്ന ഉറച്ച നിലപാടാണ് കാനം രാജേന്ദ്രന്‍ സി.പി.എമ്മിനെ അറിയിച്ചത്.  അതേസമയം തോമസ് ചാണ്ടിയുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച എല്‍.ഡി.എഫ് അടിയന്തര യോഗം ചേരാനും ധാരണയായിട്ടുണ്ട്.

തോമസ്ചാണ്ടി വിഷയത്തില്‍ അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദിന്റെ നിയമോപദേശവും വെള്ളിയാഴ്ച രാവിലെ തന്നെ സര്‍ക്കാരിന് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേശകര്‍ അടക്കം ഇക്കാര്യം പരിശോധിച്ച് വരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം ഗുരുതരമാണെന്ന സന്ദേശവും തോമസ് ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച നടക്കുന്ന അടിയന്തര എല്‍.ഡി.എഫ് യോഗത്തില്‍ തോമസ് ചാണ്ടിയുടെ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Thomas Chandy CPI LDF CPM NCP