തിരുവനന്തപുരം: എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് തച്ചങ്കരിക്കെതിരായ ഗുരുതരമായ ആരോപണം. തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണ് ചോര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പോലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. പോലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിന്റെ സൂചന നല്‍കുന്നതാണ് റിപ്പോര്‍ട്ട്.

അതീവരഹസ്യ വിഭാഗമായ ടി സെക്ഷന്‍ തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കണമെന്നും ഫയലുകള്‍ ഉടന്‍ കൈമാറണമെന്നും ആവശ്യപ്പെട്ട് സെന്‍കുമാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ തച്ചങ്കരി ആഭ്യന്തര സെക്രട്ടറിക്ക് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഫയലുകള്‍ ആവശ്യപ്പെടുന്നത് ദുഷ്ടലാക്കോടെയാണെന്ന് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

അതിനിടെ തച്ചങ്കരി നല്‍കിയ പരാതിയില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സെന്‍കുമാറിനോട് വിശദീകരണം തേടിയിരുന്നു. ഓഫീസില്‍വച്ച് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു സെന്‍കുമാറിനെതിരെ തച്ചങ്കരിയുടെ പരാതി. എന്നാല്‍ ആരോപണം സെന്‍കുമാര്‍ നിഷേധിച്ചു. തച്ചങ്കരിയെ താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.